Latest News

​വർണ്ണാഭമായ ഘോഷയാത്രയോടും സാംസ്കാരിക സമ്മേളനത്തോടും കൂടി സേവനം യുകെയുടെ നേതൃത്വത്തിൽ വൂസ്റ്ററിൽ വച്ച് ആഘോഷിച്ച ശ്രീനാരായണ ഗുരുദേവന്റെ 163 - മത് ജയന്തി ആഘോഷം പ്രൗഡോജ്ജ്വലമായി

2017-09-13 01:59:08am |

പ്രവാസി മലയാളികളുടെ കൂട്ടായ്മയായ സേവനം യുകെയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 163 - മത് ജയന്തി ആഘോഷം യുകെയിൽ വൂസ്റ്ററിൽ വർണ്ണാഭമായ ഘോഷയാത്രയോടും സാംസ്കാരിക സമ്മേളനത്തോടും കൂടി വിപുലമായ പരിപാടികളോട് കൂടി ആഘോഷിച്ചു.

163 - മത് ഗുരുജയന്തി മഹാസമ്മേളനം ഡോ. എ. സമ്പത്ത് എം.പി. ഉത്‌ഘാടനം ചെയ്തു. കാലത്തെ മാറ്റിമറിച്ച മഹാപുരുഷനാണ് ഗുരു. ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ഠയിലൂടെ തന്നെ ഗുരുവിന്റെ കർമ്മ മേഖല എന്തെന്ന് കാട്ടി കൊടുത്തു. നാം ഓരോരുത്തരും വിലയിരുത്തുന്നത് അവരവരുടെ കാഴ്ചപ്പാടിലൂടെയാണ്. അത് ഒരിക്കലും പൂർണ്ണമാകുന്നില്ല. എന്തെങ്കിലും ഒരു കോണിൽ നിന്ന് ഗുരുവിനെ കാണാനും ശ്രമിക്കരുത്. ഗുരു എല്ലാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. 

ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി മന്ദിരം ഗുരുവിന്റെ പരമഭക്തനായ എം. പി. മൂത്തേടത്ത് സ്വന്തം ചിലവിൽ ഗുരുപാത കാണിക്കയായി പണികഴിപ്പിച്ച് നൽകിയതിന്റെയും മഹാസമാധി മന്ദിരത്തിലെ വെണ്ണക്കൽ വിഗ്രഹ പ്രതിഷ്ഠയുടെയും അമ്പതാം വർഷം ലോകമെമ്പാടും ഒരു വർഷകാലം നീണ്ടു നിൽക്കുന്ന പരിപാടികളോട് കൂടി ആഘോഷിക്കുകയാണ് എന്നും 2018 ജനുവരി ഒന്നാം തീയതി ശിവഗിരിയിൽ മഹാസമാധിയിൽ പ്രത്യേക ചടങ്ങുകൾ സംഘടിപ്പിക്കുന്നുണ്ടെന്നും സ്വാമി ഗുരുപ്രസാദ് സ്വാമി ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഇത്തരത്തിൽ ഉള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ജാതിമത ചിന്തകൾക്ക് അതീതമായി മനുഷ്യരെല്ലാം ഏകേതര സഹോദരങ്ങൾ എന്ന് നമ്മെ പഠിപ്പിച്ച ഗുരുവിന്റെ കാലാദിവൃത്തിയായ സന്ദേശങ്ങൾ പുതിയ തലമുറയ്ക്ക് അറിയുന്നതിനും അവർക്ക് പുതിയ ദിശാബോധം നൽകുന്നതിനും വേണ്ടിയാണ് എന്നും ശിവഗിരി മഠം ഗുരു ദർശനത്തിന് അൽപ്പം പോലും സ്കലിതം പോലും സംഭവിക്കാതെ ഇന്നും പ്രവർത്തിച്ചു കൊണ്ടിരിക്കുന്നുവെന്നും സ്വാമി ഗുരുപ്രസാദ് പറഞ്ഞു.

ശിവഗിരി മഠത്തിന്റെ പോഷകസംഘടനയായ ഗുരുധർമ്മ പ്രചാരണ സഭയുടെ 2020 - നമ്പർ യൂണിറ്റിന്റെ ഉത്‌ഘാടനവും നിർവ്വഹിച്ചു. ചടങ്ങിൽ ഡെപ്യൂട്ടി മേയർ (ക്രോയിഡോൺ) മുഖ്യ പ്രഭാഷണം നടത്തി. സേവനം യുകെയുടെ ചെയർമാൻ ബൈജു പാലയ്ക്കൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അനിൽ ശശിധരൻ, വനിതാ വിഭാഗം കൺവീനർ ഹേമ സുരേഷ് ആശംസകളും ട്രഷറർ സതീഷ് കുട്ടപ്പൻ സ്വാഗതവും സജീഷ് ദാമോദരൻ കൃതജ്ഞതയും അർപ്പിച്ചു. ചടങ്ങിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു.