Latest News

അവിസ്മരണീയം ഈ ആഘോഷങ്ങള്‍; ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വര്‍ണ്ണോത്സവമായി

2018-01-08 02:04:32am | ജെഗി ജോസഫ്
കുടുംബങ്ങളുടെ ഒത്തുചേരലിന് വേദിയൊരുക്കിയ ബ്രിസ്‌റ്റോള്‍ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ അവിസ്മരണീയമായി. ഗ്രീന്‍വേ സെന്ററില്‍ ആഘോഷങ്ങള്‍ക്ക് കൊടിയുയര്‍ന്നപ്പോള്‍ കുടുംബങ്ങള്‍ ഒഴുകിയെത്തുന്ന കാഴ്ചയാണ് ദൃശ്യമായത്. വേദിയിലും, സദസ്സിലും ഒത്തൊരുമയുടെ സന്ദേശം ദൃശ്യമായപ്പോള്‍ എസ്ടിഎസ്എംസിസി 16-ാമത് ക്രിസ്മസ് ന്യൂഇയര്‍ പ്രോഗ്രാം അതിഗംഭീരമായി മാറി. 
 
യുകെയിലെ ഏറ്റവും വലിയ സീറോ മലബാര്‍ സമൂഹങ്ങളിലൊന്നായ എസ്ടിഎംസിസിയുടെ 15 ഫാമിലി യൂണിറ്റുകള്‍ ഒത്തൊരുമിച്ചാണ് ഈ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. ഫാ. ജോയ് വയലില്‍ നടത്തിയ പ്രാര്‍ത്ഥനകളോടെ വിശ്വാസനിര്‍ഭരമായാണ് ചടങ്ങുകള്‍ക്ക് സമാരംഭം കുറിച്ചത്. എസ്ടിഎസ്എംസിസി ട്രസ്റ്റി ജോസ് മാത്യു സ്വാഗതപ്രസംഗം നടത്തിയപ്പോള്‍ ഫാ. ടോണി പഴയകളം ക്രിസ്മസ് സന്ദേശം നല്‍കി. ക്രിസ്മസിന്റെ സന്ദേശം ആഘോഷങ്ങളില്‍ മാത്രം ഒതുക്കാനുള്ളതല്ലെന്നും, ജീവിതത്തിലെ ഓരോ നിമിഷവും ചുറ്റുമുള്ളവരിലേക്ക് പകര്‍ന്നു നല്‍കേണ്ട നന്മയാണെന്നും ഓര്‍മ്മിപ്പിക്കുന്നതായി സന്ദേശം. റവ. ഫാ. ടോണി പഴയകളം, ഫാ. ജോയി വയലില്‍, ട്രസ്റ്റിമാരായ പ്രസാദ്  ജോണ്‍, ജോസ് മാത്യു, ലിജോ പടയാട്ടില്‍ എന്നിവര്‍ ചേര്‍ന്ന് നിലവിളക്ക് കൊളുത്തിയാണ് ആഘോഷപരിപാടികളുടെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്. 
 
ക്രിസ്മസ് പപ്പാ വേദിയില്‍ സദസ്സിന് ആശംസകള്‍ അര്‍പ്പിച്ചതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കാമായി. സെന്റ് മൈക്കിള്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്രിസ്മസ് പപ്പയും സംഘവും ആഘോഷത്തിന് തിരികൊളുത്തി. സണ്ണി സാറിന്റെ ഭക്തിഗാന അവതരണം സദസ്സിനെ ഒരുനിമിഷം ഭക്തിയില്‍ ആറാടിച്ചു. സെന്റ് അഗസ്റ്റിന്‍ വാര്‍ഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ മ്യൂസിക്കല്‍ സ്‌കിറ്റ്, സെന്റ് പാട്രിക് വാര്‍ഡ് യൂണിറ്റിന്റെ കരോള്‍ സോംഗ്, സെന്റ് വിന്‍സെന്റ് യൂണിറ്റിന്റെ ആക്ഷന്‍ സോംഗ് എന്നിവയും മികച്ചതായിരുന്നു. 
 
എസ്ടിഎസ്എംസിസി ക്വയർ ഗ്രൂപ്പ് അവതരിപ്പിച്ച കരോള്‍ ഗാനാവതരണം  അരങ്ങേറി. സെന്റ് സ്റ്റീഫന്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നൃത്തവും, സെന്റ് സെബാസ്റ്റ്യന്‍ യൂണിറ്റിന്റെ നേറ്റിവിറ്റിയും തുടര്‍ന്ന് വേദിയില്‍ അവതരിപ്പിക്കപ്പെട്ടു. ബ്രിസ്‌റ്റോള്‍ എക്യുമെനിക്കല്‍ കരോള്‍ സര്‍വ്വീസില്‍ പങ്കെടുത്ത കുട്ടികളുടെ കരോള്‍ ഗാനം, സെന്റ് തെരേസാസ് വാര്‍ഡ് യൂണിറ്റിന്റെ ഗ്രൂപ്പ് സോംഗ്, യൂത്ത് ഗ്രൂപ്പിന്റെ കരോള്‍ ഗാനം എന്നിവയും സദസ്സിന് മുന്നില്‍ അവതരിപ്പിച്ചു. 
 
ഇതിന് ശേഷമാണ് സദസ്സ് ആകാംക്ഷയോടെ കാത്തിരുന്ന 'കിംഗ് ഓഫ് ദി കിംഗ്‌സ്' നാടകം അരങ്ങിലെത്തിയത്. റോജി ചങ്ങനാശ്ശേരിയുടെ സംവിധാന മികവില്‍ സദസ്സിന് മികച്ചൊരു കലാരൂപം സമ്മാനിക്കുന്ന നിമിഷമായിരുന്നു നാടകാവതരണം. മികച്ച അഭിനയത്തിലൂടെ റോജിയും സംഘവും പ്രേക്ഷകരെ കയ്യീലെടുത്തു.  സെന്റ് ജോസഫ് വാര്‍ഡ് സെന്റ് സേവ്യര്‍ വാര്‍ഡ് കോര്‍ഡിനേറ്റര്‍മാരായ പ്രസാദ് ജോണ്‍, വിന്‍സെന്റ് തോമസ് എന്നിവരായിരുന്നു നാടകത്തിന്റെ അണിയറക്കാര്‍. 
 
കലാപരിപാടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബ്രിസ്റ്റോൾ സീറോ മലബാർ സമൂഹത്തിൽ നിന്നും കഴിഞ്ഞ വർഷം വിവാഹിതരായ നാല് നവദമ്പതികൾ കേക്ക് മുറിച്ച് തങ്ങളുടെ സന്തോഷം പങ്കു വച്ചു. ഫാദർ പോൾ വെട്ടിക്കാട്ട് എല്ലാവർക്കും ആശംസകൾ നേർന്നു. തുടർന്ന് ക്രിസ്മസ് ആഘോഷങ്ങൾ  മനോഹരമാക്കാൻ പരിശ്രമിച്ച എല്ലാവർക്കും stsmcc ട്രസ്റ്റി പ്രസാദ് ജോൺ നന്ദി പ്രകാശിപ്പിച്ചു. ജിജോ പാലാട്ടി ഒരുക്കിയ വിഭവ സമൃദ്ധമായ സ്‌നേഹവിരുന്ന് രുചിയുടെ വിരുന്നായി മാറി. , അടുത്ത ക്രിസ്മസ് പുതുവത്സര ആഘോഷങ്ങള്‍ വരെ ഓര്‍മ്മയില്‍ ഇരിക്കുന്ന നിമിഷങ്ങളായിരുന്നു എസ്ടിഎംസിസി ആഘോഷങ്ങള്‍. 
 
കൂടുതൽ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക