Latest News

മൃത്യുഞ്ജയ മന്ത്ര ജപവും പഠനവുമായി ലെസ്റ്ററിൽ കവൻട്രി ഹിന്ദു സമാജത്തിന്റെ ശിവരാത്രി ആഘോഷം നാളെ ; മാർക്കണ്ഡേയ പുരാണകഥയുടെ അവതാരണവും

2018-02-11 03:51:04am | കെ ഡി ഗോകുൽ

കവന്റ്രി: പഞ്ചാക്ഷരി മന്ത്രത്തിന്റെ കുളിരിൽ മുങ്ങി ഹൈന്ദവർ ശിവരാത്രി ആഘോഷത്തിന് ചൊവ്വാഴ്ച തയാറാകുന്നതിന്റെ മുന്നോടിയായി നാളെ ലെസ്റ്ററിൽ കവൻട്രി ഹിന്ദു സമാജം അംഗങ്ങൾ നാമ , മന്ത്ര ജപത്തോടെ ശിവരാത്രി ആഘോഷിക്കും . കുട്ടികളും മുതിർന്നവരും ഒന്നിച്ചു മൃത്യുഞ്ജയ മന്ത്ര ജപ പഠനം നടത്തിയാണ് ശിവരാത്രി ആഘോഷത്തിന് തുടക്കമാവുക . വേദ ശ്ലോകങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായി ഓരോ മാസവും ഓരോ ശ്ലോകം പഠിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൃത്യുഞ്ജയ മന്ത്രം ഇത്തവണ തിരഞ്ഞെടുത്തിരിക്കുന്നതെന്നു നെത്ര്വതം നൽകുന്ന ദിവ്യ സുഭാഷ് അറിയിച്ചു . ഇതോടൊപ്പം ഓരോ ശ്ലോകവും അർത്ഥ വിവരണം നടത്തി ജപിക്കേണ്ട രീതികളും അവതരിപ്പിക്കും . ബഹുഭൂരിഭാഗവും മൃത്യുഞ്ജയ മന്ത്രത്തെ മരണവുമായി ബന്ധപ്പെട്ടാണ് കാണുന്നതെങ്കിലും വേദങ്ങളിൽ വേദനയുടെ അന്ത്യമായാണ് മൃത്യുവിനെ കണക്കാക്കുന്നത് . അതിനാൽ മൃത്യു എന്ന വാക്കിന് വേദന എന്ന വിശേഷണമാണ് വേദ പുരാണങ്ങൾ പങ്കിടുന്നത് . മനുഷ്യ ജീവിതത്തിൽ ഉടനീളം നിറയുന്ന വേദനകളിൽ നിന്നും മുക്തിക്കായുള്ള അർത്ഥനയാണ് മൃത്യുഞ്ജയ മന്ത്രം . ശിവപ്രീതിക്കായി ഏറെ അത്യുത്തമണ് ഈ മന്ത്രം എന്നും വിശേഷണമുണ്ട് .
ഇതോടൊപ്പം പുരാണങ്ങളിൽ പ്രത്യേക സ്ഥാനമുള്ള മാർക്കണ്ഡേയ പുരാണ കഥയും കുട്ടികളും മുതിർന്നവരും ചേർന്ന് അവതരിപ്പിക്കും . ഈശ്വര ആരാധനയിൽ മരണത്തെപ്പോലും തടഞ്ഞു നിർത്താം എന്ന ശുഭ ചിന്ത മനസ്സിൽ നിറയ്ക്കുന്നതാണ് മാർക്കണ്ഡേയ പുരാണം . കൂടാതെ പഞ്ചാക്ഷരി നാമജപവും ശിവ കീർത്തനങ്ങളുമായി നാല് മണിക്കൂർ നീളുന്ന ചടങ്ങുകളാണ് തയ്യാറാക്കിയിരിക്കുന്നതെന്നും പ്രധാന സംഘാടകൻ വേണുഗോപാൽ  അറിയിച്ചു . ഇതോടൊപ്പം ഓരോ സ്ടസംഗത്തിലും പതിവുള്ള വേദ , പുരാണ ക്വിസ് , ആചാര്യ വേദി , ഹൈന്ദവ ദർശനങ്ങൾ പ്രായോഗിക ജീവിതത്തിൽ തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും . തുടർന്ന് ശിവ കീർത്തനങ്ങൾ അടക്കമുള്ള ഭജനയും ആരതിയും പ്രസാദ വിതരണവും ഉണ്ടായിരിക്കും . ആചാര്യ വേദിയിൽ ശ്രീരാമ പരമ ഹംസരെയാണ് ഇത്തവണ പരിചയപ്പെടുത്തുകയെന്നു വിഷയാവതാരകൻ  അജികുമാർ വക്തമാക്കി . ആദി ശങ്കരാചാര്യ , സ്വാമി വിവേകാനന്ദ എന്നിവരുടെ ജീവിത തത്വങ്ങൾ ഹൃദ്യസ്ഥമാക്കിയാണ് സമാജം അംഗങ്ങൾ ശ്രീരാമ പരമ ഹംസരിൽ എത്തുന്നത് .  കുട്ടികളും മുതിർന്നവരും പങ്കാളികൾ ആകുന്ന വിധം തയ്യാറാക്കിയിരിക്കുന്ന പഠന ക്‌ളാസിൽ മുഴുവൻ പേരുടെയും പങ്കാളിത്തം ഉറപ്പാക്കിയിരിക്കുന്നതിനാൽ സജീവ ചർച്ചകളിലൂടെ ആശയങ്ങളുടെ കൈമാറ്റം കൂടിയാണ് നടക്കുന്നത് . ഏറ്റവും വേഗത്തിൽ ആചാര്യ സൂക്തങ്ങളെ മനസ്സിലാക്കാൻ സാധ്യമായ വഴിയെന്ന് ബോധ്യമായതിനാൽ ആണ് ഈ മാർഗം തിരഞ്ഞെടുത്തതു എന്നും സംഘാടകർ സൂചിപ്പിച്ചു . ഭാരതീയ  ചിന്തകളുടെ സാരാംശം കണ്ടെത്താൻ ശ്രമം നടത്തുന്ന കവൻട്രി ഹിന്ദു സമാജത്തിനു വേണ്ടി ഗ്രാൻഡ് മാസ്റ്റർ ആയി എത്തുന്നത് ഇത്തവണയും അജികുമാർ തന്നെയാണ് . ലളിത മാർഗത്തിൽ വേദ ചിന്തകൾ പ്രയോഗികമാക്കുന്ന ചർച്ചകളാണ് സമാജം അംഗങ്ങൾ സത്‌സംഗത്തിൽ അവതരിപ്പിക്കുന്നത് .
ഭാരതത്തിലെ ആചാര്യ ശ്രേഷ്ടരെ അടുത്തറിയുക , കുട്ടികൾക്ക് ഭാരതീയ പൗരാണിക ചിന്തകളുടെ അടിത്തറ നിർമ്മിക്കാൻ സഹായിക്കുക , ഭാരത ചിന്തകൾ പാശ്ചാത്യരെ പോലും ആകർഷിച്ചത് എങ്ങനെ എന്ന് കണ്ടെത്തുക , ഭാരതീയമായതിനെ ഇന്നും ലോകം ആദരിക്കുന്നത് എന്തുകൊണ്ടെന്ന് മനസിലാക്കുക തുടങ്ങിയ ചിന്തകളാണ് പഠന ശിബിരത്തിനു കവൻട്രി ഹിന്ദു സമാജം പ്രവർത്തകരെ പ്രേരിപ്പിക്കുന്നത് . ഒന്നും നഷ്ട്ടപ്പെടാതിരിക്കുക , നഷ്ടപ്പെട്ടു തുടങ്ങുന്നതിനെ തിരിച്ചു പിടിക്കുക , അടുത്ത തലമുറയ്ക്കായി കരുതി വയ്ക്കുക എന്നതും ആചാര്യ ജീവിതങ്ങൾ മനസ്സിലാക്കിയുള്ള  പഠന പദ്ധതിയുടെ ഭാഗം ആണെന്ന് സംഘാടകർ വിശദീകരിച്ചു . നിലവിൽ കവൻട്രി , ലെസ്റ്റർ നിവാസികളുടെ കൂട്ടായ്മയായാണ് കവൻട്രി ഹിന്ദു സമാജംപ്രവർത്തിക്കുന്നത് .    

  ഭാരതീയതയെ  അറിയാൻ താൽപ്പര്യം ഉള്ള  ആർക്കും  പരിപാടിയിൽ പങ്കെടുക്കാമെന്നു ഭാരവാഹികൾ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക്  താല്പര്യം ഉള്ളവർ ഇ മെയിൽ മുഖേനെ ബന്ധപ്പെടുക . covhindu@gmail.com

വിലാസം : 8 , ടോഡ്‌മോർട്ടൻ ക്ളോസ് , ഹാമിൽട്ടൺ LE 5 1 EN - 07737516502