യുക്‌മ കേരളാ പൂരം 2018: യുക്‌മ യൂത്തിന്റെ നേതൃത്വത്തില്‍ വോളണ്ടിയേഴ്‌സിനെ തേടുന്നു

2018-05-05 06:48:22am | എബി സെബാസ്റ്റ്യന്‍, ജനറല്‍ കണ്‍വീനര്‍

വള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെ നടക്കുന്ന “യുക്‌മ കേരളാ പൂരം 2018″നോട്‌ അനുബന്ധിച്ച്‌ മലയാളികളായ യുവജനങ്ങളേയും സംഘാടകസമിതിയുടെ ഭാഗമാക്കുന്നതിന്‌ ഒരുങ്ങുന്നു. യുക്‌മയുടെ യുവജനങ്ങളുടെയും വിദ്യാര്‍ത്ഥികളുടേയുമെല്ലാം പങ്കാളിത്തം ഈ പരിപാടിയുടെ നടത്തിപ്പില്‍ ഉറപ്പ്‌ വരുത്തുന്നതിനും പുതിയതലമുറയെ കേരളീയ പാരമ്പര്യങ്ങളോടും സംസ്ക്കാരത്തോടും കൂടുതല്‍ പരിചയപ്പെടുത്തുന്നതിനും വേണ്ടിയാണിത്‌. കരിയര്‍ ഗൈഡന്‍സ്‌ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളോടെ ഇതിനോടകം തന്നെ ഏറെ ശ്രദ്ധ ആകര്‍ഷിച്ച “യുക്‌മ യൂത്ത്‌” വിഭാഗത്തിന്റെ നേതൃത്വത്തിനു കീഴിലാവും ഇത്‌ നടപ്പിലാക്കുന്നത്.

ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കുന്നവരോ പഠനം പൂര്‍ത്തിയാക്കിയവരോ പഠിക്കുവാന്‍ ആഗ്രഹിക്കുന്നവരോ ആയിട്ടുള്ളവരെയാണ്‌ “യുക്‌മ കേരളാ പൂരം 2018” വോളണ്ടിയേഴ്‌സ്‌ ആയി പ്രവര്‍ത്തിക്കുന്നതിന്‌ വേണ്ടി ക്ഷണിക്കുന്നത്‌. ഇവന്റ്‌ മാനേജ്‌മെന്റ്‌, ട്രാവല്‍ ആന്റ്‌ ടൂറിസം, ഹെല്‍ത്ത്‌ കെയര്‍, മാനേജ്‌മെന്റ്‌, ഫിനാന്‍സ്‌, മള്‍ട്ടിമീഡിയ, ജേര്‍ണ്ണലിസം എന്നി വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ളവരെയാണ്‌ വോളണ്ടിയേഴ്‌സ്‌ ആയി തെരഞ്ഞെടുക്കുന്നതിന്‌ താത്‌പര്യപ്പെടുന്നത്‌. ആദ്യമായി നടപ്പിലാക്കുന്ന പദ്ധതി എന്ന നിലയില്‍ പ്രായപൂര്‍ത്തിയായവരില്‍ നിന്നു മാത്രമാണ്‌ അപേക്ഷകള്‍ ക്ഷണിക്കുന്നത്‌. 18 വയസ്സിനു താഴെയുള്ളവര്‍ക്ക്‌ ഇത്തരം വോളണ്ടറി ജോലികള്‍ ചെയ്യുന്നതിനുള്ള നിയമപരമായ നടപടിക്രമങ്ങള്‍ ഏറെയുള്ളതിനാലാണ്‌ പ്രായപൂര്‍ത്തിയാവരില്‍ നിന്നു മാത്രമായി വോളണ്ടിയേഴ്‌സിനെ തെരഞ്ഞെടുക്കുന്നത്‌.

ഓരോ വിഭാഗത്തിലും പരമാവധി 5 പേരെ തെരഞ്ഞെടുക്കാനാണ്‌ സംഘാടകസമിതി ഉദ്ദേശിക്കുന്നത്‌. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ ഈ ഇവന്റുമായി ബന്ധപ്പെട്ട ചുമതലകളുണ്ടാവും. ഓരോ മേഖലയിലും ഉത്തരവാദിത്വം ഏല്‍പ്പിക്കപ്പെട്ടിരിക്കുന്നവരുടെ പൂര്‍ണ്ണമായ മേല്‍നോട്ടത്തിലായിരിക്കും വോളണ്ടിയേഴ്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്‌. കൃത്യമായ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യഥാസമയം ലഭ്യമാക്കും. ഈ പദ്ധതിയുമായി സഹകരിക്കുന്ന എല്ലാ വോളണ്ടിയേഴ്‌സിനും “കേരളാ പൂരം 2018” നടക്കുന്ന വേദിയില്‍ വച്ച്‌ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായിരിക്കും.

ബ്രിട്ടണിലെ കുടിയേറ്റ മലയാളികള്‍ക്കൊപ്പം ഇന്റര്‍നാഷണല്‍ സ്റ്റുഡന്റായി യു.കെയിലെത്തിയിട്ടുള്ളവരെയും ഈ പദ്ധതിയില്‍ പരിഗണിക്കുന്നതാണ്‌. യുക്‌മ യൂത്തിന്റെ വിജയകരമായ നടത്തിപ്പിലൂടെ ഏവരുടേയും പ്രശംസ നേടിയ ഡോ. ദീപാ ജേക്കബ്‌ (യുക്‌മ ദേശീയ വൈസ്‌ പ്രസിഡന്റ്‌), ഡോ. ബിജു പെരിങ്ങത്തറ (ദേശീയ കമ്മറ്റി അംഗം) എന്നിവര്‍ക്കായിരിക്കും ഈ പദ്ധതിയുടേയും ചുമതല.

ഡോ. ദീപാ ജേക്കബ്‌: 07792763067

ഡോ. ബിജു പെരിങ്ങത്തറ: 07904785565

യുക്‌മ കേരളാ പൂരം 2018 വിവരങ്ങള്‍ക്ക്; മാമ്മന്‍ ഫിലിപ്പ്: 07885467034, റോജിമോന്‍ വര്‍ഗ്ഗീസ്: 07883068181 എന്നിവരെ ബന്ധപ്പെടേണ്ടതാണ്