Latest News

സംഗീത തപസ്യയുടെ മുപ്പത്തഞ്ചാം വാർഷികം ആഘോഷിക്കുന്ന ജി വേണുഗോപാലിന് ആദരം അർപ്പിക്കുവാൻ യു കെ മലയാളികളും ലെസ്റ്റർ അഥീനയും ഒരുങ്ങി

2018-05-24 10:05:38am | ബാലസജീവ് കുമാർ
വർഷങ്ങളായി യുക്മ സ്റ്റാർ സിംഗറിന്റെ അവസാനത്തോട് അനുബന്ധിച്ച് യുക്മ നടത്തിവരാറുള്ള, മലയാളത്തിലെ പ്രശസ്ത കലാകാരന്മാരെ ഉൾപ്പെടുത്തിയുള്ള പ്രോഗ്രാമിന് ഇക്കുറിയും ലെസ്റ്റർ അഥീന യിൽ ഈ ശനിയാഴ്ച വേദി ഉണരുകയാണ്. മലയാളത്തിന്റെ വാനമ്പാടിയായ കെ എസ് ചിത്ര, പുതുയുഗ ഗായകനായ വിനീത് ശ്രീനിവാസൻ എന്നിവർക്ക് ശേഷം, യു കെ മലയാളികളുടെ അഭിരുചിയറിഞ്ഞു ഏറ്റവും മികച്ചത് മാത്രം സമ്മാനിക്കുന്ന യുക്മ ഒരുക്കുന്നത് മെലഡി ഗാനങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായ ജി വേണുഗോപാലിൻെറ നേതൃത്വത്തിൽ എത്തുന്ന മെലഡി സംഗീതവും, അടിപൊളി പാട്ടും, നൃത്തവും, മാജിക്കും ഒക്കെ ചേർത്ത് ആസ്വാദ്യ സുന്ദരമായ നിമിഷങ്ങൾ സമ്മാനിക്കുന്ന വേണുഗീതം പ്രോഗ്രാമാണ്.  ജി വേണുഗോപാലിനൊപ്പം, വൈഷ്ണവ് ഗിരീഷ്, സാബു തിരുവല്ല, അമൃത വാര്യർ, മഞ്ജു, പാടും പാതിരി ഫാദർ വിത്സൺ മേച്ചേരിൽ, തുടങ്ങിയ കലാകാരന്മാർ അണിനിരക്കുന്ന വ്യത്യസ്തമായ ഒരു കലാവിരുന്നാണ് ലെസ്റ്റർ അഥീനയിൽ മെയ് 26 ന് ആസ്വാദകരെ കാത്തിരിക്കുന്നത്. 
 
കഴിഞ്ഞ ഏതാനും വര്ഷങ്ങളായി യുക്മ നടത്തിവരാറുള്ള യുക്മ ഗർഷോം ടി വി സ്റ്റാർ സിംഗർ പ്രോഗ്രാമിന്റെ സമാപനത്തോടനുബന്ധിച്ച് ആണ് യുക്മയുടെ സ്റ്റേജ് പ്രോഗ്രാം അരങ്ങേറാറുള്ളത് എന്നത് അറിവുള്ളതാണല്ലോ. എന്നാൽ ആസ്വാദകർക്ക് വിരസത ഉളവാക്കുന്ന മറ്റു പരിപാടികൾ ഒഴിവാക്കി വൈകിട്ട് ആറുമണിമുതൽ പത്തു മാണി വരെ വേണുഗീതം പരിപാടി മാത്രം നടത്താനും, യുക്മ സ്റ്റാർ സിംഗർ ഗ്രാന്റ് ഫിനാലെ അതിന് മുമ്പ് രണ്ട് മണി മുതൽ നടത്താനുമാണ്‌ പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു മത്സരത്തിലെ വിജയികളെ മാന്യമായി അനുമോദിക്കുക എന്നത് മറ്റുള്ളവർക്ക് പ്രചോദനവും മാർഗ്ഗദർശകവും ആയതുകൊണ്ട് മുൻകൂട്ടി അറിയിച്ചിട്ട് വേണുഗീതം തീരാൻ ഒരു പാട്ടു മാത്രം ബാക്കിയുള്ളപ്പോൾ വിജയികൾക്ക് സമ്മാനദാനവും, അവരുടെ അവസാന മത്സരത്തിലെ പ്രകടനം നടത്താനുള്ള വേദിയും സഹൃദയരുടെ സഹകരണത്തോടെ യുക്മ ഒരുക്കുന്നതാണ്. 
 
ലെസ്റ്റർ അഥീനയിൽ യുക്മ ഒരുക്കുന്ന വേണുഗീതം കേവലം ഒരു സംഗീത സായാഹ്നം മാത്രമല്ല, കുടുംബത്തോടെ ഒന്നിച്ചാനന്ദിക്കുവാനും, ഓർമ്മയുടെ ചെപ്പുകളിൽ സൂക്ഷിക്കുവാനും കഴിയുന്ന നിമിഷങ്ങളും കൂടിയാണ്. ശുദ്ധ സംഗീതവും, അടിച്ചുപൊളി പാട്ടും, ബോളിവുഡ് ഗാനങ്ങളും, സിനിമാറ്റിക് ഡാൻസുകളും, മാജിക്കും, കോമഡിയും എല്ലാം അവസരോചിതമായി സംവിധാനം ചെയ്ത് ഇടതടവില്ലാതെ അവതരിപ്പിക്കപ്പെടുന്ന വേദിയാണ് വേണുഗീതം. കൂടാതെ ആകർഷകമായ നാടൻ (കേരളീയ)ഭക്ഷണങ്ങളും, മിതമായ നിരക്കിൽ ഇവിടെ ലഭ്യമാണ്. സുഹൃത്തുക്കളെയും, കുടുംബ ബന്ധുക്കളെയും സ്വീകരിക്കുന്നതിനും, സമയം ചിലവഴിക്കുന്നതിനും സൗകര്യമുള്ള ലെസ്റ്ററിലെ അഥീന തീയേറ്ററിൽ യുക്മ നടത്തുന്ന മൂന്നാമത്തെ പ്രോഗ്രാമാണിത്. പൂർണ്ണമായും കുടുംബസമേതം ഒരു സായാഹ്നം ചിലവഴിക്കാനുള്ള എല്ലാം ഇവിടെ സംഘാടകർ ഒരുക്കിയിട്ടുണ്ട്.
 
നിരവധി കാറുകൾക്കും, ബസ്സുകൾക്കുമുള്ള പാർക്കിങ് സൗകര്യം, വ്യക്തമായ നിർദ്ദേശങ്ങളുമായി വോളണ്ടിയർമാർ, ലെസ്റ്ററിലെ മലയാളി സൗഹൃദത്തിന്റെ സഹായം, എല്ലാം വേണുഗീതം പരിപാടിയിൽ ഒന്നായി ലയിക്കുകയാണ്.യു കെ യുടെ ഏതു ഭാഗത്തുനിന്നും എത്തിച്ചേർന്നാൽ കേന്ദ്രമായ ലെസ്റ്റർ പൂർണ്ണഹൃദയത്തോടെ എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലെസ്റ്ററിലെ മലയാളികൾ അറിയിച്ചിട്ടുണ്ട്.
 
മുമ്പ് നടന്നിരിക്കുന്ന പ്രോഗ്രാമുകളെ പോലെ തന്നെ ലെസ്റ്റർ അഥീനയിലെ യുക്മ പ്രോഗ്രാമുകളെ അവിസ്മരണീയമാക്കാൻ വേണ്ട എല്ലാ ക്രമീകരണങ്ങളും യുക്മ മിഡ്‌ലാൻഡ്‌സ് റീജിയണൽ കമ്മിറ്റിയും, ലെസ്റ്റർ കേരള കമ്മ്യുണിറ്റിയും ചേർന്ന് ഇത്തവണയും ഒരുക്കിയിട്ടുണ്ട്. വിശാലമായ പാർക്കിംഗ് സൗകര്യവും, വോളന്റിയർമാരും, മിതമായ വിലക്കുള്ള  രുചികരമായ നാടൻ  ഭക്ഷണ ശാലകളും, കുട്ടികൾക്ക് ഉല്ലാസത്തിനുള്ള അവസരങ്ങളും എല്ലാം ഒരുക്കി തികഞ്ഞ ഉത്സവ പ്രതീതിയോടെ യുക്മ വേണുഗീതം 2018 ആഘോഷിക്കാനാണ് ഒരുക്കങ്ങൾ നടത്തിയിരിക്കുന്നത്.
 
മൂന്ന് ശ്രേണികളിലായി മിതമായ വിലക്കാണ് യുക്മ വേണുഗീതം 2018 പ്രോഗ്രാമിന്റെ ടിക്കറ്റ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. കുടുംബവുമൊത്തുള്ള ആസ്വാദനത്തിന് ഏറ്റവും അനുയോജ്യമായ പ്രോഗ്രാമായതിനാൽ വി ഐ പി, ഡയമണ്ട്, ഗോൾഡ് എന്നീ ശ്രേണികളിൽ ഫാമിലി ടിക്കറ്റുകളാണ് പ്രവേശനത്തിനായി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ തനിയെ വരുന്നവർക്കും സ്‌പെഷ്യൽ ക്‌ളാസ് ടിക്കറ്റുകൾ ലഭ്യമാണ്. വി ഐ പി, ഡയമണ്ട് ക്‌ളാസ് ടിക്കറ്റുകൾ പരിമിതമായതിനാലും, ആവശ്യക്കാർ കൂടുതലായതിനാലും, പരിമിതമായ ടിക്കറ്റുകൾ മാത്രമേ ഈ ശ്രേണിയിൽ ലഭ്യമായുള്ളു. ടിക്കറ്റുകൾ ലഭിക്കുന്നതിന് അടുത്തുള്ള യുക്മ അംഗമായ അസോസിയേഷൻ ഭാരവാഹിയെയോ, യുക്മ നാഷണൽ സെക്രട്ടറി റോജിമോൻ വറുഗീസിനെയോ ( Mobile 07883068181)  നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസിനെയോ  (mobile 07985641921 )ബന്ധപ്പെട്ട് പ്രവേശന അനുമതികൾ ലഭ്യമാക്കാവുന്നതാണ്. മുൻകൂട്ടി ടിക്കറ്റുകൾ വാങ്ങാത്തവർക്ക് പ്രത്യേക കൗണ്ടർ മുഖേന ലെസ്റ്റർ അഥീനയിൽ പ്രവേശന പാസുകൾ ലഭ്യമാക്കുമെങ്കിലും മുൻ നിരയിലെ സീറ്റുകളോ പ്രത്യേക ക്ലാസുകളോ ലഭിക്കുമെന്ന് ഉറപ്പാക്കാൻ സംഘാടകർക്ക് കഴിയില്ല എന്ന് ഖേദപൂർവ്വം അറിയിക്കുന്നതോടൊപ്പം അവിസ്മരണീയമായ  അസുലഭ നിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനുള്ള നിങ്ങളുടെ ടിക്കറ്റുകൾ മുൻകൂട്ടി റിസർവ് ചെയ്യാൻ ഏവരെയും സ്വാഗതം ചെയ്യുന്നു. 
ശനിയാഴ്ച ലെസ്റ്റർ അഥീന തീയറ്ററിൽവച്ചു നടക്കുന്ന യുക്മ വേണുഗീതത്തിന്റെ വിജയത്തിനായി  ഏവരുടെയും നിസീമമായ പങ്കാളിത്തം യുക്മ അഭ്യർത്ഥിക്കുകയാണ്.