Latest News

​വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ Dr. സ്റ്റീഫൻ ഹോക്കിങ്ങിനെ ചേതന യുകെ അനുസ്മരിച്ചു.

2018-05-30 07:45:33am |
വ്യക്തി ജീവിതത്തിലും സമൂഹ്യജീവിതത്തിലും ശാസ്ത്രീയത ഉയർത്തിപ്പിടിക്കാൻ ഏവരെയും ആഹ്വാനം ചെയ്തു കൊണ്ട് യുകെയിലെ പുരോഗമന ജനാധിപത്യ പ്രസ്ഥാനമായ ചേതന യുകെ  Dr. സ്റ്റീഫൻ ഹോക്കിങ്ങിനെ അനുസ്മരിച്ചു. ഭൗതിക ശാസ്ത്ര മേഖലയ്ക്ക് നിരവധിയായ സംഭാവനകൾ നൽകിയിട്ടുണ്ടെങ്കിലും പ്രതികൂലമായ ശാരീരിക അവസ്ഥയിലും ഒരു വീൽചെയറിന്റെ സഹായത്തോടെ ലോകമാകെ ചുറ്റി സഞ്ചരിച്ച്, തന്റെ അവസാന നിമിഷം വരെ സമൂഹത്തിൽ ശാസ്ത്ര പ്രചാരണം നടത്തിയതിന്റെ പേരിലാണ് സ്റ്റീഫൻ ഹോക്കിങ് അനുസ്മരിക്കപ്പെടേണ്ടത് എന്നും, അത് തന്നെയാണ് ഈ അനുസ്മരണ സമ്മേളനത്തിന്റെ കാലിക പ്രസക്തിയെന്നും സ്വാഗതം ആശംസിച്ചു കൊണ്ട് ചേതന യുകെ സെക്രട്ടറി ലിയോസ് പോൾ അഭിപ്രായപ്പെട്ടു.
 
ചേതന യുകെ പ്രസിഡന്റ് സുജൂ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രശസ്‌ത ശാസ്ത്ര പ്രചാരകനും, ഗ്രന്ഥകാരനും,കേരള ശാസ്ത്ര സാഹിത്യ അവാർഡ് ജേതാവുമായ രവിചന്ദ്രൻ സി മുഖ്യ പ്രഭാഷണം നടത്തി.സാധാരണക്കാരായ മനുഷ്യരെ കൊതിപ്പിച്ചും പേടിപ്പിച്ചും മസ്തിഷ്ക പ്രക്ഷാളനം നടത്തിക്കൊണ്ടിരിക്കുന്ന സംഘടിത മതസ്ഥാപനങ്ങളും കപട ശാസ്ത്ര പ്രചാരകരും ചേർന്ന് നമ്മുടെ സമൂഹത്തെ ബഹുദൂരം പിന്നോട്ടടിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാത്തരം വിശ്വാസചൂഷണങ്ങളും മറ്റ് തട്ടിപ്പുകാരും നമ്മുടെ സമൂഹത്തിൽ തഴച്ചു വളരുന്നതിന്റെ പ്രധാന കാരണം അശാസ്ത്രീയമായ മനോഭാവം ആണ്, അത് കൊണ്ട് ചേതന പോലുള്ള പൊതു ജനാധിപത്യ പ്രസ്ഥാനങ്ങൾ ശാസ്ത്ര പ്രചാരണത്തിന് മുൻഗണന നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. 
 
ഓക്സ്‌ഫോഡിൽ ജനിച്ച ബ്രിട്ടീഷുകാരനായ ഹോക്കിങിന് ഓക്സ്‌ഫോഡിൽ വച്ചു തന്നെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചതിന് മലയാളികൾക്കിടയിൽ പ്രവർത്തനം നടത്തുന്ന പുരോഗമന പ്രസ്ഥാനമായ ചേതന യുകെയെ അദ്ദേഹം പ്രശംസിച്ചു.ജൈവകൃഷി, യോഗ, ജ്യോതിഷം, കപട ചികിൽസ തുടങ്ങിയ പ്രധാന ജനകീയ അന്ധവിശ്വാസങ്ങളെയെല്ലാം പൊളിച്ചടുക്കികൊണ്ടുള്ള അദ്ദേഹത്തിന്റെ ഒന്നര മണിക്കൂർ പ്രഭാഷണം സദസ്യർ വളരെയധികം ആവേശത്തോടെയാണ് സ്വീകരിച്ചത്. തുടർന്ന് ഒന്നര മണിക്കൂർ സമയം ചോദ്യങ്ങളും, ഉത്തരങ്ങളും, വ്യത്യസ്ത അഭിപ്രായങ്ങളുമായി ഏവരും അദ്ദേഹവുമായി സംവദിച്ചു.
 
ചേതന യുകെ ഓക്സ്‌ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം കോശി തെക്കേക്കരയുടെ അവതരണ മികവിൽ  നോർത്ത് വേ ഇവാഞ്ജലിക്കൽ ചർച് ഹാളിൽ 6 മണിക്ക് ആരംഭിച്ച സമ്മേളനം സമയക്കുറവ് മൂലം രാത്രി 9.45ന് അവസാനിക്കുമ്പോഴും നിരവധി ചോദ്യങ്ങളുമായി സദസ്യർ ശ്രീ രവിചന്ദ്രൻ സി യെ അനുഗമിക്കുന്നുണ്ടായിരുന്നു എന്നത് പ്രതീക്ഷനിർഭരമായ ഒരു അനുഭവം ആയിരുന്നു എന്ന് ചേതന യുകെ  ഭാരവാഹികൾ അഭിപ്രായപ്പെട്ടു.എസ്സൻസ് യുകെയുടെ  പൂർണ്ണ സഹകരണത്തോടെ നടന്ന സമ്മേളനത്തിൽ എല്ലാവിധ സഹായ സഹകരങ്ങൾക്കും എസ്സൻസ് യുകെയുടെ  എല്ലാ ഭാരവാഹികളോടുമുള്ള അഗാധമായ നന്ദിയും സ്‌നേഹവും അറിയിച്ചു കൊണ്ട് ചേതന യുകെ ഓക്സ്‌ഫോഡ് യൂണിറ്റ് കമ്മിറ്റി അംഗം ശ്രീമതി പ്രിയ രാജൻ ഏവർക്കും നന്ദി രേഖപ്പെടുത്തി. 
 
ചേതന യുകെയുടെ youtube ചാനലായ youtube. com/chethana europe ൽ സമ്മേളനത്തിന്റെ വീഡിയോ ഉടൻ തന്നെ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും എന്ന് ഭാരവാഹികൾ അറിയിച്ചു.