യു കെ കെ സി എ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് ലിവർപൂളിൽ

2019-02-22 02:43:31am | തോമസ് ജോണ്‍

ലിവർപൂൾ: ഒരൊറ്റ ജനത ഒരേ വികാരം എന്ന ആശയത്തിൽ സിരകളിൽ ത്രസിച്ചു നിൽക്കുന്ന സമുദായ സ്നേഹത്തോടെ യൂറോപ്പിലെ ഏറ്റവും വലിയ സാമുദായിക സംഘടനയായ യു കെ കെ സി എ യുടെ നോർത്ത് വെസ്റ്റ് റീജിയൺ കൺവൻഷൻ മാർച്ച് 30ന് യൂറോപ്പിന്റെ സാംസ്കാരിക തലസ്ഥാന നഗരിയായ ലിവർപൂളിൽ അതിവിപുലമായി നടത്തുന്നു.

നോർത്ത് വെസ്റ്റ് റീജിയണിന്റെ കീഴിലുള്ള ലിവർപൂൾ, മാഞ്ചസ്റ്റർ, പ്രസ്റ്റൺ, സ്റ്റോക്ക്ഓൺട്രന്റ്, വിഗൺ, ബ്ലാക്പൂൾ എന്നീ യൂണിറ്റുകൾ സംയുക്തമായി നടത്തുന്ന ഈ കൺവൻഷന്റെ വിജയത്തിനായി വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ അതിവിപുലമായ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്.
ലിവർപൂർ ബ്രോഡ്ഗ്രീൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ കൃത്യം 10 മണിയ്ക്ക് യു കെ യിലെ മുഴുവൻ ക്നാനായ സമുദായ വൈദീകരും ചേർന്ന് നടത്തുന്ന ആഘോഷമായ ദിവ്യബലിയോടെ കൺവൻഷന് തിരിതെളിയും. ഉച്ചകഴിഞ്ഞ് കൃത്യം 1:30 ന് ആരംഭിക്കുന്ന പൊതുസമ്മേളനത്തിൽ സഭാ, സാമുദായിക, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

വിവിധ യൂണിറ്റുകളിൽ നിന്നുള്ള നിറപ്പകിട്ടാർന്ന കലാപരിപാടികൾ കൺവൻഷന് ചാരുതയേകും. നോർത്ത് വെസ്റ്റ്‌ റീജിയണിൽ നിന്നും വിവിധ മേഖലകളിൽ വ്യക്തിമുദ്ര നേടിയവരെ തദവസരത്തിൽ ആദരിയ്ക്കും. വിവിധ യൂണിറ്റുകൾ കൂടാതെ കെ സി വൈ എൽ, വനിതാ ഫോറം എന്നീ പോഷക സംഘടനകളും സജീവമായി കൺവൻഷന്റെ വിജയത്തിനായി അണിയറയിൽ പ്രവർത്തിയ്ക്കുന്നതായി റീജണൽ കോർഡിനേറ്റേഴ്സ് കിഷോർ ബേബി, ജോബി കുര്യൻ എന്നിവർ അറിയിച്ചു.