Latest News

പരസ്പരം ചെളി വാരി എറിയലല്ല വിവാഹ മോചനം, തെളിവാണ് സുരഭിയുടെ ഈ ഫേസ്ബുക് പോസ്റ്റ്

2017-07-14 02:43:06am |

ഒരായിരം പ്രതീക്ഷകളുമായിട്ടായിരിക്കും ഓരോരുത്തരും ദാമ്പത്യ ജീവിതത്തിലേക്കു കാലെടുത്തു വെക്കുന്നത്. ഒരേ മനസ്സും ശരീരവുമായി ഇനിയുള്ള കാലമത്രയും ഒരുമിച്ച് എന്നുരുവിട്ട് ഭാവിജീവിതത്തെക്കുറിച്ച് കുന്നോള സ്വപ്നങ്ങളും കണ്ട് തുടങ്ങുന്ന ജീവിതം പക്ഷേ എല്ലായ്പ്പോഴും സുഖകരം ആകണമെന്നില്ല. ഇരുസാഹചര്യങ്ങളിൽ വളർന്ന വ്യക്തികൾ ഒന്നിക്കുമ്പോൾ പലപ്പോഴും താളപ്പിഴകളും ഉണ്ടാകും. ഒന്നിച്ചു പോകാന്‍ കഴിയില്ലെന്ന ബോധ്യം ഉറപ്പാകുന്നതോടെ പിരിയുന്നതു തന്നെയാണു നല്ലത്, എന്നുകരുതി ആ വേർപിരിയലോടെ പരസ്പരം ചളികൾ വാരിയെറിയലാവരുത് ജീവിതം, പകരം പിരിയുമ്പോഴും പരസ്പര ബഹുമാനം നിലനിർത്താൻ കഴിയുന്നതിലാണു മഹത്വം. നടി സുരഭി ലക്ഷ്മിയുടെയും ഭർത്താവിന്റെയും വിവാഹ മോചനം അതിനുദാഹരണമാണ്. 

ദേശീയ അവാർഡ് ജേതാവു കൂടിയായ സുരഭി തന്റെ ദാമ്പത്യം അവസാനിപ്പിക്കാൻ തീരുമാനിച്ചപ്പോൾ തികച്ചും മാന്യമായ രീതിയിൽ തന്നെ അത് തന്റെ ആരാധകരിലേക്കും എത്തിച്ചു. തങ്ങൾ പിരിയുകയാണെന്ന കാര്യം ഫേസ്ബുക് പോസ്റ്റിലൂടെയാണ് സുരഭിയും  ഭർത്താവ് വിപിൻ സുധാകറും അറിയിച്ചത്. രണ്ടുവഴിക്ക് എന്നു തീരുമാനമെടുക്കുന്നതോടെ പരസ്പരം കണ്ടാൽ പോലും വൈരാഗ്യത്തോടെ മുഖം തിരിച്ചു നടക്കുന്നതു മാത്രം കണ്ടു ശീലിച്ച മലയാളികൾ അത്ഭുതത്തോടെയാണ് സുരഭിയുടെ വിവാഹ മോചന വാർത്തയെ എതിരേറ്റത്. 

ഞങ്ങൾ വിവാഹമോചിതരാകുകയാണെന്നും ഇത് അവസാനത്തെ സെൽഫിയാണെന്നും നല്ല സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞ് വിപിൻ ഫേസ്ബുക്കിൽ കാര്യം പങ്കുവച്ചതോടെയാണ് വിവരം പലരും അറിഞ്ഞത്. അധികം വൈകാതെ സുരഭിയും തന്റെ വിവാഹ മോചന വാർത്തയെക്കുറിച്ച് ആരാധകരിലേക്കെത്തിച്ചു. പൊരുത്തപ്പെട്ടു പോകാനാകാത്ത പല കാരണങ്ങൾ കൊണ്ടാണു പിരിയാൻ തീരുമാനിച്ചതെന്നും പരസ്പര ബഹുമാനം നിലനിർത്തിക്കൊണ്ടു തുല്യസമ്മതത്തോടെയാണ് ബന്ധം വേർപ്പെടുത്തിയതെന്നും സുരഭി പറഞ്ഞു. വിവാഹ മോചനത്തിലേക്കു നയിച്ച കാരണങ്ങൾ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാര്യങ്ങളാകയാൽ അതു പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നും നടി വ്യക്തമാക്കി. സുരഭിയുടെ വാക്കുകളിലേക്ക്.

'' പ്രിയപ്പെട്ടവരെ,

എന്റെ ജീവിതത്തിലെ ഓരോ സംഭവവും ഞാൻ നിങ്ങളുമായി പങ്കിടാറുണ്ട്. നിങ്ങളോരോരുത്തരും എന്നും എന്നോടൊപ്പമുണ്ടെന്നുള്ള ഉറച്ച വിശ്വാസം കൊണ്ടാണ് ഞാനങ്ങിനെ ചെയ്യുന്നത്. നിങ്ങളെനിക്കു നൽകുന്ന ശക്തിയും പ്രോത്സാഹനവും അത്രകണ്ട് അധികമാണ്. ഞാനതിന് നിങ്ങളോരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. ഇന്നും എന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവിനെ കുറിച്ച് പറയാനാണ് ഞാനീ പോസ്റ്റ് ഇടുന്നത്.കഴിഞ്ഞ ഒന്നര വർഷമായി ഞാനും ഭർത്താവ് വിപിൻ സുധാകറും പിരിഞ്ഞാണ് താമസിച്ചിരുന്നത്. ഇന്ന് ഒദ്യോഗികമായി ഞങ്ങൾ വിവാഹമോചിതരായി.

പൊരുത്തപ്പെട്ടു പോകാനാവാത്ത പല കാരണങ്ങളാലാണ് ഞങ്ങൾ പിരിയുവാൻ തീരുമാനിച്ചത്. പരസ്പരമുള്ള ബഹുമാനം നിലനിർത്തിക്കൊണ്ടു തന്നെ ഞങ്ങൾ തുല്യ സമ്മതത്തോടെ തന്നെയാണ് ഈ വിവാഹബന്ധം വേർപെടുത്തിയത്. ഇതിലേക്കു നയിച്ച കാര്യങ്ങൾ ഞങ്ങളുടെ തികച്ചും വ്യക്തിപരവും സ്വകാര്യവുമായ കാരണങ്ങളാകയാൽ ഞാനതിവിടെ പങ്കുവെക്കാൻ താൽപര്യപ്പെടുന്നില്ല. എങ്കിലും എന്റെ അഭ്യുദയകാംക്ഷികളായ നിങ്ങൾ ഇത് എന്റെയടുത്തു നിന്നു തന്നെ അറിയണമെന്നുള്ളതിനാലാണ് ഈ പോസ്റ്റ്. നിങ്ങളുടെയെല്ലാം സ്നേഹം തുടർന്നും എനിക്കുണ്ടാവുമെന്ന് എനിക്ക് ഉറപ്പുണ്ട്.''

കാഴ്ച്ചക്കാരിൽ പലർക്കും ഇതൊരു ഞെട്ടലുണ്ടാക്കിയ വാർത്തയാണെങ്കിൽക്കൂടിയും ഇത്രയും വേദനാജനകമായ വിഷയത്തെ സുരഭി കൈകാര്യം ചെയ്ത രീതിയെ പലരും അഭിനന്ദിച്ചു. ഇരുവരുടെയും മുഖത്തു പിരിയുന്നതിന്റെ ദുഖം കാണുന്നുണ്ടെന്നു ഇനി രണ്ടുവഴിക്ക് എന്നു തീരുമാനിച്ചപ്പോൾ പോലും ഇത്രത്തോളം ബഹുമാനം നിലനിർത്തുന്ന ഇരുവരും ഉയരങ്ങളിലാണെന്നും പലരും പറഞ്ഞു. നിരവധി സെലിബ്രിറ്റി വിവാഹ മോചനങ്ങൾ കണ്ടിരുന്നവയിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നതായിരുന്നു ഇവരുടേത്. വിവാഹ മോചനത്തിനായി ഇരുവരുടെയും കുറ്റങ്ങളും കുറവുകളും കണ്ടെത്തി അവ മാധ്യമങ്ങൾ വഴിയും അല്ലാതെയുമൊക്കെ മുറുമുറുത്തു നടക്കുന്ന പലർക്കും ഇടയിൽ സുരഭിയും വിപിനും വ്യത്യസ്തരായതും ഇതുകൊണ്ടു മാത്രമാണ്.