Latest News

അന്ന് കലാഭവന്‍ മണി കരഞ്ഞുകൊണ്ട് ഇറങ്ങിപ്പോയി; മണിക്ക് പാര വച്ചവരെക്കുറിച്ച് പ്രജോദ്

2017-09-06 03:04:34am |

കൊച്ചിന്‍ കലാഭവനിലൂടെ വന്ന് വലിയ താരമായ നടനാണ് കലാഭവന്‍ മണി. മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും താരമായി വളര്‍ന്ന മണി പെട്ടന്നാണ് മരണമടഞ്ഞത്. മണി മരിച്ചതിന് ശേഷം വര്‍ഷം പിന്നിടുമ്പോഴും ആരാധകരുടേയും സഹപ്രവര്‍ത്തകരുടേയും മനസുകളില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞു നില്‍ക്കുകയാണ്. മണിയെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ഒരു കഥ തുറന്നു പറയുകയാണ് നടന്‍ കലാഭവന്‍ പ്രജോദ്. കലാഭവന്‍ മണിയെ ട്രൂപ്പില്‍ നിന്ന് പുറത്താക്കിയ കഥയാണ് പ്രജോദ് വെളിപ്പെടുത്തിയത്.

ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രജോദിന്റെ വെളിപ്പെടുത്തല്‍. മണി കലാഭവനില്‍ തിളങ്ങി നില്‍ക്കുന്ന കാലം. അന്ന് കലാഭവനില്‍ ഏറ്റവും താരത്തിളക്കമുള്ള താരമായിരുന്നു മണി. എന്നാല്‍ പെട്ടന്നൊരു ദിവസം മണിയെ കലാഭവനില്‍ നിന്ന് പുറത്താക്കി. അന്ന് കരഞ്ഞു കൊണ്ടാണ് മണി ഇറങ്ങിപ്പോയത്. മണിയെ ഇറക്കി വിടുകയായിരുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ അസൂയ പൂണ്ട ചിലര്‍ മണിക്കെതിരെ പാര പണിതു. മണി കലാഭവന്റെ പരിപാടികള്‍ക്കല്ലാതെ മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നുവെന്ന് ആരോപിച്ചാണ് പുറത്താക്കിയതെന്നും പ്രജോദ് പറഞ്ഞു.

മണി മറ്റ് പരിപാടികളില്‍ പങ്കെടുക്കുന്നുവെന്നത് ആബേലച്ചന്റെ മുന്നില്‍ പരാതിയായി എത്തി. നിവൃത്തിയില്ലാതെ മണിയെ പുറത്താക്കി. മണിയോട് ഏറെ സ്‌നേഹമുണ്ടായിരുന്ന ആളായിരുന്നു ആബേലച്ചന്‍. മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാനാണെന്ന് ആബേലച്ചന്‍ പറഞ്ഞു. അത് ശരിയായി. ഒരു വര്‍ഷത്തിന് ശേഷം മണി തിരക്കുള്ള സിനിമാ താരമായി മാറി. പിറ്റേവര്‍ഷം കലാഭവന്റെ 25-ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്നതിന് സിനിമാതാരമായാണ് മണി എത്തിയത്-പ്രജോദ് പറഞ്ഞു.