മേരിക്കുട്ടികൾക്കൊപ്പം റാംപ് വാക് െചയ്ത് ജയസൂര്യ

2018-05-15 03:02:23am |

അഭിനയത്തിൽ മാത്രമല്ല കഥാപാത്രങ്ങളുടെ ലുക്കിലും ഞെട്ടിക്കുന്ന മാറ്റങ്ങൾ കൊണ്ടുവരുന്ന താരങ്ങളിലൊരാളാണ് നടൻ ജയസൂര്യ. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഞാൻ മേരിക്കുട്ടി'യാണ് വാർത്തകളിൽ നിറയുന്നത്. ചിത്രത്തിൽ ട്രാൻസ് വുമണിന്റെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്, ലുലു ഫാഷൻ വീക് റാംപിലും മേരിക്കുട്ടിയുടെ അലയൊലികൾ ഇരമ്പി.  ഇന്ത്യയിൽ പല തലങ്ങളിലൂടെ പ്രശസ്തരായ അഞ്ച് ട്രാൻസ്‌വുമൻസിനൊപ്പം ലുലു ഫാഷൻ വീക് റാംപിൽ ചുവടുവച്ചിരിക്കുകയാണ് ജയസൂര്യ.

ഞാൻ മേരിക്കുട്ടിയുടെ‌ ട്രെയിലർ പുറത്തിറക്കിയ ആ അഞ്ചു ട്രാൻസ്‌വുമൻസിനൊപ്പം നിറഞ്ഞ അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ജയസൂര്യ റാംപിൽ ചുവടുവച്ചത്.

ഇന്ത്യയിലെ ഏറ്റവും മികച്ച മേക്ക്അപ് ആർടിസ്റ്റ് രഞ്ജു രഞ്ജിമാർ, ഐടി പ്രൊഫഷനലായ സാറ ഷെയ്ഖ, ബിസിനുകാരിയായ തൃപ്തി ഷെട്ടി, സാമൂഹ്യപ്രവർത്തക ശീതൾ, നിയമോപദേശകയായ റിയ എന്നിവർ ചേർന്നാണ് ഞാൻ മേരിക്കുട്ടിയുടെ ട്രെയിലർ പ്രകാശനം ചെയ്തത്, അവർക്കൊപ്പം തന്നെയാണ് ജയസൂര്യ റാംപിലും തകർത്തത്.

തന്റെ ജീവിതത്തിലെ അഭിമാനം നിറഞ്ഞ മുഹൂർത്തമാണ് ഇതെന്ന് ജയസൂര്യ പറഞ്ഞു. മേരിക്കുട്ടിയുടെ ട്രെയിലര്‍ ഒറ്റദിവസം കൊണ്ടുതന്നെ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതെത്തിച്ച ആരാധകർക്ക് നന്ദി അറിയിച്ചുകൊണ്ടുള്ള പോസ്റ്റിലാണ് റാംപ് വാക്കിന്റെ ചിത്രവും ജയസൂര്യ പങ്കുവച്ചത്.

''മേരിക്കുട്ടികൾക്കൊപ്പം.....

ഈ താരങ്ങൾ ആണ്,ഇന്നലെ "ഞാൻ മേരിക്കുട്ടി എന്ന എന്റെ പുതിയ ചിത്രത്തിന്റെ Trailer -Launch ചെയ്തത്... "നന്ദി"

ഒപ്പം നിങ്ങൾക്കും നന്ദി....

മേരിക്കുട്ടിയെ ഒറ്റ ദിവസം കൊണ്ട് തന്നെ ,

"You Tube -Trending NO:1"-ൽ എത്തിച്ചതിന്.

ജൂൺ - 15 നാണ് റിലീസ് ..''

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളിയേറിയ കഥാപാത്രം എന്ന വിശേഷണത്തോടെയാണ് ഞാന്‍ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, അജു വര്‍ഗീസ് എന്നിവരാണ് മറ്റ് താരങ്ങള്‍. സരിത ജയസൂര്യയാണ് വസ്ത്രാലങ്കാരം. ഛായാഗ്രഹണം വിഷ്ണു നാരായണൻ. ജൂൺ 15ന് ചിത്രം തിയറ്ററുകളിലെത്തും.