ഡി സിനിമാസിൽ ദിലീപിനെ പൂട്ടാനൊരുങ്ങിയവർക്ക് തിരിച്ചടി; പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതല്ല

2018-06-10 04:11:09pm |

വിവാദങ്ങൾക്കും വിമർശനങ്ങൾക്കും ഒടുവിൽ, നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറി നിർമിച്ചതല്ലെന്ന അനുമാനത്തിൽ വീണ്ടും എത്തിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. അഡ്വ. കെ.സി. സന്തോഷിന്റെ പരാതിയിൽ ഉന്നയിക്കുന്ന വാദങ്ങൾ തെറ്റാണെന്ന് അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

ആരോപണങ്ങൾ തെളിയിക്കുന്ന രേഖകൾ പരാതിക്കാരനു ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഡി സിനിമാസിന്റെ കൈവശമുള്ള രേഖകൾ കൃത്യമാണെന്നും റിപ്പോർട്ട് വ്യക്തമാക്കി. സർക്കാർ ഭൂമി കയ്യേറി ഡി സിനിമാസ് നിർമിച്ചെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ കണ്ടത്തൽ. എന്നാൽ, സ്വകാര്യ ഭൂമിയിൽ കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിൽ അതിനെതിരെ പരാതിക്കാരനു സിവിൽ കോടതി മുഖേന പരിഹാരം കാണുന്നതിൽ തടസ്സമില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.

ഇതു രണ്ടാം തവണയാണ് ഡി സിനിമാസ് സ്ഥിതി ചെയ്യുന്ന ഭൂമി സംബന്ധിച്ച് ജില്ലാ ഭരണകൂടം ഇത്തരത്തിലൊരു റിപ്പോർട്ട് സമർപ്പിക്കുന്നത്. ഭൂമി കയ്യേറ്റം സംബന്ധിച്ച് അഡ്വ. കെ.സി. സന്തോഷ് 2013ൽ ആരംഭിച്ച നിയമപോരാട്ടം ചർച്ചയായത് നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടപ്പോഴാണ്. അതിനിടെ, ഡി സിനിമാസിന്റെ ഭൂമി കയ്യേറ്റത്തിനെതിരെ പൊതുപ്രവർത്തകൻ പി.ഡി. ജോസഫും വിജിലൻസിൽ പരാതി നൽകി.

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കെയാണ് ഡി സിനിമാസ് അടച്ചു പൂട്ടാൻ ചാലക്കുടി നഗരസഭാ കൗൺസിൽ തീരുമാനിക്കുന്നത്. തിയറ്റർ സമുച്ചയം നിർമിച്ചിരിക്കുന്നത് പുറമ്പോക്ക് കയ്യേറിയാണെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം കഴിയുന്നതുവരെ പ്രവർത്തനം നിർത്തി വയ്ക്കണമെന്നും നഗരസഭ നിർദേശിച്ചു. നഗരസഭയുടെ നടപടിക്കെതിരെ ദിലീപിന്റെ സഹോദരൻ പി. ശിവകുമാർ (അനൂപ്) ഹൈക്കോടതിയെ സമീപിച്ചു. 2017 ഓഗസ്റ്റ് 10ന് നഗരസഭയുടെ നടപടി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി തിയറ്റർ തുറന്നു പ്രവർത്തിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകി.

എന്നാൽ ഡി സിനിമാസിന്റെ ഭൂമിയിൽ പുറമ്പോക്ക് ഉണ്ടെന്ന പരാതിയിൽ വീണ്ടും ഹർജി സമർപ്പിക്കാൻ പരാതിക്കാരനായ പി.‍ഡി. ജോസഫിനെ വിജിലൻസ് കോടതി അനുവദിച്ചു. അഡ്വ. കെ.സി. സന്തോഷിന്റെ പരാതിയിൽ ഡപ്യൂട്ടി കലക്ടറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടക്കുന്നതിനിടയിലാണ് വിജിലൻസ് അന്വേഷണം കൂടി പ്രഖ്യാപിച്ചത്.

വിജിലൻസ് അന്വേഷണത്തിൽ ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്നാണ് കണ്ടെത്തിയത്. മാർച്ച് 15ന് സമർപ്പിച്ച റിപ്പോർട്ട് തൃശൂർ വിജിലൻസ് കോടതി തള്ളി. പരാതി വീണ്ടും അന്വേഷിക്കണമെന്നും നടൻ ദിലീപിനെതിരെ കേസെടുക്കണമെന്നും കോടതി നിർദേശിച്ചു. തന്നെ പ്രതി ചേർക്കണമെന്ന വിജിലൻസ് കോടതി വിധിക്കെതിരെ നടൻ ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് ജില്ലാ ഭരണകൂടത്തിന്റെ ആശ്വാസവിധി.