‘അവാസ്‌തവം’: നടി ആക്രമിക്കപ്പെട്ട സംഭവം ആളൂര്‍ സിനിമയാക്കുന്നു, ബെഹ്‌റയായി ദിലീപും പബ്ലിക്‌ പ്രോസിക്യൂട്ടറായി മമ്മൂട്ടിയും ?

2018-07-05 01:58:55am |

വിവാദ കേസുകള്‍ ഏറ്റെടുത്തു ശ്രദ്ധേയനായ അഡ്വ.ബി.എ. ആളൂര്‍ ചലച്ചിത്രമേഖലയിലേക്ക്‌. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ സ്വതന്ത്ര ചലച്ചിത്രാവിഷ്‌കാരമായിരിക്കും അവാസ്‌തവം എന്ന പേരില്‍ നിര്‍മിക്കാനിരിക്കുന്ന സിനിമയില്‍ ഉണ്ടാകുകയെന്ന്‌ അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിരക്കഥയും സംഭാഷണവും ആളൂര്‍തന്നെയാണു നിര്‍വഹിക്കുക. ഐഡിയല്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുക്കുന്ന പ്രഥമ ചിത്രത്തിന്റെ സംവിധാനം സലിം ഇന്ത്യയാണ്‌.

നടിയുടെ ആക്രമണത്തിനുശേഷം, ദിലീപ്‌ ജയില്‍ മോചിതനാവുന്നതുവരെയുള്ള സംഭവങ്ങള്‍ സിനിമയിലുണ്ടാകും. പള്‍സര്‍ സുനിയുടെ വക്കാലത്ത്‌ ഏറ്റെടുത്ത പ്രതിഭാഗം അഭിഭാഷകനായ അഡ്വ. ആളൂരിന്റെ വേഷം ആളൂര്‍തന്നെ അഭിനയിക്കും.

ഡി.ജി.പി. ലോക്‌നാഥ്‌ ബെഹ്‌റയായി ദിലീപും പബ്ലിക്‌ പ്രോസിക്യൂട്ടര്‍ മഞ്ചേരി ശ്രീധരന്‍ നായരായി മമ്മൂട്ടി, എ.ഡി.ജി.പി: ബി. സന്ധ്യയായി വരലക്ഷ്‌മി എന്നിവരും അഭിനയിക്കുമെന്ന്‌ അഡ്വ. ആളൂര്‍ അവകാശപ്പെട്ടു. പീഡിപ്പിക്കപ്പെട്ട നടിയായി വിദ്യാ ബാലനോ അനുഷ്‌കാ ഷെട്ടിയോ എത്തും. സലിം കുമാര്‍, ഇന്ദ്രന്‍സ്‌, കെ.പി.എ.സി. ലളിത, ശോഭ പണിക്കര്‍, മമ്മുക്കോയ, വിനായകന്‍ തുടങ്ങി വന്‍ താരനിരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഗാനരചന മാധ്യമപ്രവര്‍ത്തകന്‍ മുകേഷ്‌ ലാല്‍ നിര്‍വഹിക്കും.

പ്രധാനവും അതിഥികളായും അഭിനയിക്കുന്ന മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരില്‍നിന്നു നേരിട്ടും ഫോണിലുമായി ബന്ധപ്പെട്ട്‌ അനുമതി തേടിയിട്ടുണ്ട്‌. ഏതെങ്കിലും സാഹചര്യത്തില്‍ പ്രമുഖ മലയാളതാരങ്ങള്‍ ഒഴിയുകയാണെങ്കില്‍, ബോളിവുഡില്‍നിന്ന്‌ ഒന്നാംനിരതാരങ്ങളെയെത്തിക്കുമെന്നും ആളൂര്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിയുടെ അഭിഭാഷകനായ ഞാന്‍, വിവാദമായ സാഹചര്യത്തില്‍ കേസ്‌ തുടര്‍ന്നും നടത്തിയാല്‍ പള്‍സറിന്‌ നീതി ലഭിക്കില്ലെന്നതിനാല്‍ വക്കാലത്ത്‌ ഒഴിഞ്ഞെന്നും ആളൂര്‍ പറഞ്ഞു.

സിനിമയ്‌ക്ക്‌ അഞ്ചുകോടി രൂപ നടന്‍ ദിലീപ്‌ പങ്കാളിത്തവാഗ്‌ദാനം ചെയ്‌തെങ്കിലും വാഗ്‌ദാനം വിവാദമായ സാഹചര്യത്തില്‍ പണം സ്വീകരിക്കില്ലെന്ന്‌ ആളൂര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ സംവിധായകന്‍ സലിം ഇന്ത്യയും നടി ശോഭ പണിക്കരും പങ്കെടുത്തു.