Latest News

‘90 ടു 60’; പട്ടിണി കിടക്കാതെ വണ്ണം കുറച്ച ദേവി ചന്ദന പങ്കുവയ്ക്കുന്നു ആ ഫിറ്റ്നസ് സീക്രട്ട്

2018-07-06 02:55:10am |

‘അമ്പമ്പോ ഇതെന്തൊരു ചേയ്ഞ്ചാണ്, എങ്ങനെ സാധിച്ചെടുത്തു രൂപമാറ്റം’. ഒരു കാലത്ത് കളിയാക്കിയവർ അമ്പരപ്പോടെ ഈ ചോദ്യങ്ങളെറിയുമ്പോൾ ദേവി ചന്ദന ഡബിൾ ഹാപ്പിയാണ്. ‘ഒന്ന് ആഞ്ഞു പരിശ്രമിച്ചാൽ നമ്മളെക്കൊണ്ടും ഫാറ്റിൽ നിന്നും ഫിറ്റാകാൻ സാധിക്കുമെന്ന് കാണിച്ചു കൊടുക്കാൻ പറ്റിയില്ലേ’.– ദേവി ചന്ദനയുടെ മുഖത്ത് തികഞ്ഞ ചാരിതാർത്ഥ്യം.

മിനിസ്ക്രീൻ–ബിഗ്സ്ക്രീൻ പ്രേക്ഷകർക്ക് ഒരു പോലെ സുപരിചതയാണ് ദേവി ചന്ദന. കോമഡി–സ്റ്റേജ് ഷോകളിലെ തിളങ്ങുന്ന സ്ത്രീ സാന്നിദ്ധ്യമായ ദേവി ചന്ദന അറിയപ്പെടുന്ന നർത്തകി കൂടിയാണ്. തരക്കേടില്ലാത്ത വണ്ണത്തിന്റെ നിരവധി കളിയാക്കലുകൾ നേരിടേണ്ടി വന്നിട്ടുണ്ട് ദേവിക്ക്. എന്നാൽ കളിയാക്കലുകൾ ഇന്ന് അമ്പരപ്പിന് വഴിമാറുകയാണ്. 

90 കിലോവരെ ഭാരമുണ്ടായിരുന്ന ദേവി ചന്ദന ആളിന്നൊരു സ്ലിം ബ്യൂട്ടിയാണ്. ഒന്നും രണ്ടുമല്ല 25 കിലോ വരെ കുറച്ച് ഈ പറഞ്ഞ കളിയാക്കിയവരെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ദേവി ചന്ദന. ശരീരഭാരം 90 കിലോയിൽ നിന്നും 60 കിലോ വരെയാക്കി കുറച്ച ദേവി ചന്ദന ആരാധകർക്കും സുഹൃത്തുക്കൾക്കും ഇന്നൊരു ഫിറ്റ്നസ് ഐക്കൺ കൂടിയാണ്. അതിശയിപ്പിക്കുന്ന രൂപമാറ്റത്തിലേക്ക് മാറിയതിനു പിന്നിൽ ചില പൊടിക്കൈകളും പങ്കു വയ്ക്കാനുണ്ട് ഈ താരത്തിന്. ആ സീക്രട്ടുകൾ അവർ വനിത ഓൺലൈനുമായി പങ്കു വയ്ക്കുകയാണ്.

‘എന്റെ ശരീര ഭാരം ഇന്നേ വരെ എനിക്കൊരു ബുദ്ധിമുട്ടുമുണ്ടാക്കിയിട്ടില്ല. ഈ പറയുന്ന വണ്ണം വച്ച് ഞാൻ ഡാൻസ് പെർഫോം ചെയ്തിട്ടുണ്ട്. പിന്നെ നമ്മളുടെ ശരീരഭാരം കാണുന്നവർക്കാണ് സഹിക്കാൻ വയ്യാത്തത്. അനവസരത്തിലുള്ള ഉപദേശങ്ങൾ, കളിയാക്കലുകൾ ഒരു സമയത്ത് ഇതെല്ലാം എന്റെ പിന്നാലെയുണ്ടായിരുന്നു. പക്ഷേ ഉള്ളതു പറയാമല്ലോ, ഇതൊന്നും തരിമ്പു പോലും എന്നെ ബാധിച്ചിട്ടില്ല. എന്റെ ശരീരം എന്റെ സൗകര്യത്തിനു വേണ്ടിയുള്ളതല്ലേ?’–ദേവി ചന്ദന പറഞ്ഞു തുടങ്ങുകയാണ്.

‘പക്ഷേ ഇതിനിടയിലും കുറേ നല്ല ഉപദേശങ്ങൾ കേട്ടു ബന്ധുക്കൾ, സഹപ്രവർത്തകർ, നമ്മുടെ വെൽ വിഷേർസ്–അവരാണ് എന്നോട് പറഞ്ഞത് വണ്ണം കുറയ്ക്കുന്നത് ഒരു പക്ഷേ കരിയറിനു ഗുണം ചെയ്യുമെന്ന്. അങ്ങനെ ഞാൻ ആ തീരുമാനമെടുത്തു ശരീരം ഫിറ്റാക്കിയിട്ടേ മറ്റെന്തുമുള്ളൂ’– ദേവി ചന്ദന ഫിറ്റ്നസ് സീക്രട്ട് പറഞ്ഞു തുടങ്ങുകയാണ്.

‘നീന്തൽ പഠനം നല്ലൊരു വ്യായാമ മുറയാണെന്ന് മനസിലാക്കിയാണ് അതിലേക്ക് തിരിഞ്ഞത്. അപ്പോഴും കേട്ടു കുറേ കളിയാക്കലുകൾ. ഈ ശരീരം വച്ചാണോ നീന്താൻ പോകുന്നത് എന്ന തരത്തിൽ. പക്ഷേ ഞാന്‍ പിന്നോട്ടില്ലായിരുന്നു. വെക്കേഷന് അടുത്തുള്ള ഒരു ഫിറ്റ്നസ് ക്ലബിൽ നീന്തൽ പരിശീലനത്തിനു പോയി. കുട്ടികളായിരുന്നു അവിടെ എന്റെ കമ്പനി. അതു കൊണ്ട് വലിയ കളിയാക്കലുകൾ വന്നില്ല.

അവിടുന്നങ്ങോട്ട് പതിയെ പതിയെ യോഗയിലേക്കും എയറോബിക്സിലേക്കും തിരിഞ്ഞു. ജിം ട്രെയിനിംഗ് പിന്നാലെയെത്തി. കഴിഞ്ഞ രണ്ടു വർഷത്തിലേറെയായി കൃത്യമായ ഇടവേളകളിൽ ഞാൻ കൂടെക്കൂട്ടിയ ഈ പറഞ്ഞ വ്യായാമ വഴികളാണ് എന്നെ ഈ കോലത്തിലാക്കിയത്’– ദേവി ചന്ദനയുടെ വാക്കുകളില്‍ തമാശ.

വെള്ളം മാത്രം കുടിച്ച് തടി കുറയ്ക്കുന്ന ചിലരുണ്ട് അവരെപ്പോലെയാകുക എന്നത് എന്റെ നിഘണ്ടുവിൽ പണ്ടേയില്ലായിരുന്നു. എന്നാൽ ഭക്ഷണം നിയന്ത്രിച്ചു എന്നുള്ളതാണ് സത്യം. ആദ്യം എന്റെ ഏറ്റവും വലിയ ക്രേസായ സ്വീറ്റ്സിനെ പതിയെ പതിയെ പടിക്കു പുറത്താക്കി. പിന്നെ പരിപാടി കഴിഞ്ഞു വരുന്ന വേളയിൽ സ്ഥിരമാക്കിയ പാതിരാത്രിയിലെ ഫാസ്റ്റ് ഫുഡ് ഭക്ഷണത്തെ ജീവിതത്തിൽ നിന്നു തന്നെ ഗെറ്റ്–ഔട്ട് അടിച്ചു. അതോടെ ശരീരം പതിയെ പതിയെ എനിക്കു വഴങ്ങിത്തുടങ്ങി.’– ദേവി ചന്ദന പറഞ്ഞു നിർത്തി.

തന്റെ പുതിയ ഫിറ്റ്‌നസ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവച്ചതോടെയാണ് ദേവി ചന്ദനയുടെ ഫിറ്റ്നസ് സീക്രട്ട് വീണ്ടും വാർത്തകളിൽ നിറയുന്നത്. രാജ്യമെങ്ങും തരംഗമായ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായാണ് തന്റെ ഫിറ്റ്‌നസ് വീഡിയോ ദേവി പങ്കുവച്ചിരിക്കുന്നത്.

നടന്‍ രാജേഷ് ഹെബ്ബാറാണ് ദേവി ചന്ദനയെ ഫിറ്റ്‌നസ് ചല്ലഞ്ചിനായി വെല്ലുവിളിച്ചത്. അതി കഠിനമായ വ്യായാമ മുറകള്‍ ചെയ്യുന്ന വീഡിയോയ്ക്കൊടുവില്‍ തന്റെ സഹപ്രവര്‍ത്തകരായ സുബി സുരേഷ്, പാരീസ് ലക്ഷ്മി എലീന, കൃഷ്ണപ്രഭ എന്നിവരെയും ചല്ലഞ്ചിനായി വെല്ലുവിളിക്കുന്നുണ്ട്.