അവരുടെ സ്വകാര്യതയില്‍ കടന്നു കയറി വീഡിയോ എടുത്തു, അതിനവരെന്നെ വഴക്കു പറഞ്ഞു: ദീപികയ്ക്കും റണ്‍വീറിനുമെതിരെ വന്ന ആരാധികയ്ക്ക് കിട്ടിയത്

2018-08-05 04:26:48am |

ഫ്‌ളോറിഡയില്‍ അവധി ആഘോഷിക്കുകയാണ് ബോളിവുഡിന്റെ പ്രീയ താരജോഡി ദീപികയും റണ്‍വീര്‍ സിങും. ഈ വര്‍ഷം നവംബറില്‍ വിവാഹമുണ്ടാകും എന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെയാണ് ഇരുവരും ഫ്‌ളോറിഡയിലേയ്ക്ക് പറന്നത്. ദീപികയ്‌ക്കൊപ്പം സഹോദരി അനീഷയേയും ഫോട്ടോകളില്‍ കാണാം അതിനാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് ഈ യാത്രയെന്നാണ് സൂചന. ഇതിനിടെ നഗരം ചുറ്റാനിറങ്ങിയ ദീപികയെയും റണ്‍വീറിനെയും പാപ്പരാസികള്‍ പിന്തുടര്‍ന്നു. സാധാരണ കൂള്‍ ആയി നില്‍ക്കുന്ന ദീപിക പക്ഷേ ഇത്തവണ തന്റെ ഇഷ്ടക്കേട് പരസ്യമായി പ്രകടിപ്പിച്ചു.

ഇരുവരും നടന്നു വരുമ്പോള്‍ വീഡിയോ എടുത്തു കൊണ്ട് ആരാധിക പിന്തുടരുകയായിരുന്നു. തങ്ങളുടെ പിന്നാലെ കൂടിയതോടെ ദീപിക വീഡിയോ എടുക്കുന്നത് നിര്‍ത്താന്‍ അടുത്തെത്തി ആവശ്യപ്പെട്ടു. ഇതിനെതിരെ വീഡിയോ എടുത്ത ആരാധിക സൈനബ് ഖാന്‍ രംഗത്തെത്തി. 'ഞാനാണീ വീഡിയോ എടുത്തത് അതിന് അവരെന്നെ ആക്രമിച്ചു. അപമര്യാദയായി പെരുമാറി. അവര്‍ക്ക് ഒരു ആരാധികയെ നഷ്ടമായി' സൈനബ് ഖാന്‍ പറഞ്ഞു.

എന്നാല്‍ ദീപികയേയും റണ്‍വീറിനെയും പിന്തുണച്ച മറ്റാരാധകര്‍ സൈനബ് ഖാനെ വിമര്‍ശിച്ചു. അവരുടെ സ്വകാര്യതയിലേയ്ക്ക് കടന്നു കയറുകയും പിന്നാലെ കൂടി വീഡിയോ പകര്‍ത്തുകയും ചെയ്തത് മോശമാണെന്ന് ആരാധകര്‍ പറഞ്ഞു. സിനിമാ താരങ്ങളായാലും ആ പകിട്ടൊന്നുമില്ലാതെ മാധ്യമങ്ങള്‍ പിന്തുടരാതെ മറ്റൊരു രാജ്യത്ത് സാധാരണ ആള്‍ക്കാരെപോലെ സമാധാനത്തോടെ അവര്‍ നടന്നു നീങ്ങുമ്പോള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല എന്നും ആരാധകര്‍ പറഞ്ഞു.