തന്റെ യാത്രയുടെ അവസാനംവരെ ഇവിടെയൊക്കെത്തന്നെ കാണും: വിവാദങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍

2018-08-09 03:03:22am |

വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഒടുവില്‍ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാല്‍ എത്തി. കാലത്തിന്റെ തിരിശീല വീഴുംവരെ താന്‍ ഇവിടെ കാണുമെന്നും ജനങ്ങള്‍ക്കിടയിലേയ്ക്ക് വരാന്‍ തനിക്ക് ആരുടെയും അനുവാദം വേണ്ടെന്നും മോഹന്‍ലാല്‍ ചടങ്ങില്‍ തുറന്നടിച്ചു. തന്റെ സഹപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ തനിക്ക് അവകാശമുണ്ട്. യാദൃശ്ചികമായി ക്യാമറയുടെ മുന്നിലെത്തിയ ആളാണ് താന്‍. ഈ യാത്രയുടെ അവസാനംവരെ താന്‍ ഇവിടെ കാണുമെന്നും ലാല്‍ പറഞ്ഞു.

ഈ ചടങ്ങില്‍ താന്‍ മുഖ്യാതിഥിയാണെന്ന തോന്നലുണ്ടാകുന്നില്ല. ഒരുപാട് മനോഹരമായ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച മണ്ണാണ് തിരുവനന്തപുരത്തേത് ലാല്‍ കൂട്ടിച്ചേര്‍ത്തു. അമ്മയിലേയ്ക്ക് ദിലീപിനെ തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തില്‍ മോഹല്‍ലാലിനെ ചടങ്ങില്‍ പങ്കെടുപ്പിക്കുന്നതിനെ എതിര്‍ത്ത് ചിലര്‍ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.