വിവാഹ വാര്‍ഷികത്തിന് ഭാര്യയ്ക്ക് സമ്മാനമായി ഫ്‌ലിപ്കാര്‍ട്ടിലൂടെ വാങ്ങിയ 1.25 ലക്ഷം രൂപയുടെ ഫോണില്‍ പറ്റിക്കപ്പെട്ട് തമിഴ് നടന്‍

2018-12-07 02:35:08am |

ഫ്‌ലിപ്പ്കാര്‍ട്ടിലൂടെ ഐഫോണ്‍ ഓര്‍ഡര്‍ ചെയ്ത കോളിവുഡ് നടന്‍ നകുലിന് ലഭിച്ചത് വ്യാജ ഫോണ്‍. വിവാഹവാര്‍ഷികത്തില്‍ ഭാര്യക്ക് സമ്മാനമായി നല്‍കാന്‍ വാങ്ങിയ ഫോണിലാണ് നടന്‍ കബളിപ്പിക്കപ്പെട്ടത്. 1.25 ലക്ഷം രൂപ വിലയുള്ള ഐഫോണ്‍ എക്‌സ് ഓര്‍ഡര്‍ ചെയ്തത്. പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ കമ്പനി തയ്യാറായില്ലെന്ന് നടന്‍ പറയുന്നു.

നവംബര്‍ 29നാണ് നകുല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പിറ്റേദിവസം തന്നെ ഫോണ്‍ എത്തി. സ്ഥലത്തില്ലാതിരുന്നതിനാല്‍ ഡിസംബര്‍ ഒന്നിനാണ് പാഴ്‌സല്‍ തുറന്നുനോക്കിയത്. പ്ലാസ്റ്റിക് കണ്ടു നിര്‍മിച്ചതുപോലെയുള്ള വ്യാജ കവറായിരുന്നു ഫോണിന്. സോഫ്റ്റ്വെയറും ഐഒഎസ് ആയിരുന്നില്ല. ആന്‍ഡ്രോയിഡ് ആപ്പുകളുമുണ്ടായിരുന്നു.

ഫ്‌ലിപ്കാര്‍ട്ടിലേക്ക് വിളിച്ച് പരാതിയറിയിച്ചെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നായിരുന്നു മറുപടി. മാത്രമല്ല ഏതെങ്കിലും ആപ്പിള്‍ സ്റ്റോറില്‍ പരാതി നല്‍കാനും അവര്‍ അറിയിച്ചു. നീണ്ട തര്‍ക്കത്തിനൊടുവില്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആളെത്തുമെന്നും പണം തിരികെ നല്‍കാമെന്നും ഫ്‌ലിപ്പ്കാര്‍ട്ട് അറിയിച്ചു. എന്നാല്‍ ഫോണ്‍ തിരികെ വാങ്ങാന്‍ ആരും വന്നില്ല. പിന്നീട് പന്ത്രണ്ട് ദിവസത്തിനുള്ളില്‍ ആളെത്തുമെന്ന ഇമെയില്‍ ലഭിച്ചുവെന്നും ഫ്‌ലിപ്കാര്‍ട്ട് നിലപാട് പ്രതിഷേധാര്‍ഹമാണെന്നും നകുല്‍ പറയുന്നു.