"റൊമാന്‍സ് സീനുകള്‍ കാണുമ്പോള്‍ എനിക്ക് വല്ലാതാകും; അവര്‍ എനിക്ക് ഖുശ്ബു അല്ല, അവര്‍ എന്റെ അമ്മയാണ്": ഖുശ്ബുവിന്റെ മകള്‍

2019-02-12 02:22:47am |

വളരെയേറെ ആരാധകരുള്ള നടിയാണ് ഖുശ്ബു. നടനും സംവിധായകനുമായ സുന്ദറാണ് ഖുശ്ബുവിന്റെ ഭര്‍ത്താവ്. ഖുശ്ബു അഭിനയിച്ച സിനിമകളോ സീരിയലുകളോ കാണാത്ത ഒരു വ്യക്തി ആ കുടുംബത്തില്‍ തന്നെയുണ്ട്. ഇളയമകള്‍ അനന്ദിത സുന്ദറാണത്. ഇന്ത്യാ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് അമ്മ അഭിനയിച്ച ചിത്രങ്ങള്‍കാണാത്തത് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് അനന്ദിത.

'ഞാന്‍ അമ്മ അഭിനയിച്ച ചിത്രങ്ങളൊന്നും കണ്ടിട്ടില്ല. ഖുശ്ബുവിന്റെ ചിത്രം കണ്ടിട്ടില്ലേ എന്ന് എല്ലാവരും എന്നെ ചീത്തവിളിക്കാറുണ്ട്. അവര്‍ എനിക്ക് ഖുശ്ബു അല്ല. അവര്‍ എന്റെ അമ്മയാണ്. അമ്മയുടെ മുറൈമാമന്‍, മൈക്കിള്‍ മദന കാമരാജന്‍ എന്നീ ചിത്രങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. മൈക്കിള്‍ മദനില്‍ അമ്മയും കമല്‍ഹാസനുമായി റൊമാന്‍സ് സീനുകള്‍ ഉണ്ട്. അത് കാണുമ്പോള്‍ എനിക്ക് വല്ലാതാകും. ഞാന്‍ അങ്കിള്‍ എന്ന് വിളിക്കുന്ന ആളല്ലേ എനിക്കിതൊന്നും കാണാന്‍ വയ്യാന്ന് പറഞ്ഞ് എഴുന്നേറ്റ് പോരും.

അച്ഛന്‍ അഭിനയിക്കുമ്പോള്‍ അത് അച്ഛനല്ല, ആ കഥാപാത്രമാണെന്ന് എനിക്ക് അറിയാം. പക്ഷെ അമ്മയുടെ കാര്യത്തില്‍ അങ്ങനെ അല്ല. അമ്മ ദേഷ്യപ്പെടുകയോ സീരിയലുകളിലോ മറ്റോ തെറ്റായ എന്തെങ്കിലും ചെയ്യുകയാണെങ്കിലോ അത് അമ്മ ചെയ്യുന്നതായിട്ടേ എനിക്ക് തോന്നൂ. അതുകൊണ്ട് അമ്മയുടെ സിനിമകളോ സീരിയലുകളോ ഞാന്‍ കാണാറില്ല'.

'ഞാന്‍ പുറത്തൊക്കെ പോകുമ്പോള്‍ ആള്‍ക്കാര്‍ വന്നു പറയാറുണ്ട്, ഞാന്‍ നിങ്ങളുടെ അമ്മയുടെ വലിയ ഫാന്‍ ആണ്, ഒരു ഫോട്ടോ എടുത്തോട്ടെ എന്നൊക്കെ ചോദിക്കാറുണ്ട്. എന്നോട് സമ്മതം ചോദിച്ചിട്ട് ഒരു ചിത്രമെടുക്കുന്നതില്‍ എനിക്കൊരു വിരോധവുമില്ല. പക്ഷേ, ഞാന്‍ അറിയാതെ എന്റെ ചിത്രമെടുക്കുന്നത് എനിക്കിഷ്ടമല്ല.

ഫോട്ടോ വേണമെങ്കില്‍ ചോദിക്കൂ. ഞാന്‍ ഓക്കേ പറഞ്ഞാല്‍ എടുക്കൂ, ഇല്ലെങ്കില്‍ വിട്ടു കളയൂ. കാരണം എനിക്കെന്റെ ജീവിതമുണ്ട്. എന്നോട് ചോദിക്കാതെ ഫോട്ടോ എടുക്കുമ്‌ബോള്‍ ഞാന്‍വേണ്ടെന്ന് പറഞ്ഞാല്‍,നിന്റെ അമ്മയും അച്ഛനും ഇവിടെ ഇരിക്കുന്നത് ഞങ്ങള്‍ ആരാധകര്‍ ഉള്ളത് കൊണ്ടാണ്, എന്നിട്ടാണോ നീ ഇങ്ങനെ ചെയ്യുന്നത് എന്നെല്ലാം ചോദിച്ചു വഴക്ക് പറയും.അത് ശരിയായ പ്രവണതയല്ല.'-അനന്ദിത പറയുന്നു