"നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല, സന്തോഷവാനായി ഇരിക്കൂ"; പട്ടാളക്കാരനെ ആശ്വസിപ്പിച്ച് വിജയ്; വൈറലായി ഫോണ്‍ സംഭാഷണം

2019-03-03 04:58:45am |

ആരാധകരോട് വളരെ അടുപ്പം കാണിക്കുന്ന തമിഴ് താരമാണ് ഇളയദളപതി വിജയ്. തമിഴകത്തും മലയാളത്തിലും കുട്ടികളും മുതിര്‍ന്നവരും ഏറെ ഇഷ്ടപ്പെടുകയും അനുകരിക്കുകയും ചെയ്യുന്ന താരം കൂടിയാണ് ഇദ്ദേഹം. ആരാധകര്‍ക്ക് വേണ്ടി നിരവധി സഹായങ്ങള്‍ വിജയ് ചെയ്തിട്ടുണ്ട്. തന്റെ ആരാധകരുടെ ഇഷ്ടങ്ങള്‍ ന്യായമാണെങ്കില്‍ ചെയ്ത് കൊടുക്കാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്.

വിജയിന്റെ കടുത്ത ആരാധകനാണ് കൂടല്ലൂര്‍ സ്വദേശിയായ തമിഴ്‌സെല്‍വന്‍. പതിനേഴ് വര്‍ഷമായി ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്യുന്ന തമിഴ് സെല്‍വനും വിജയുമായുള്ള ഫോണ്‍ സംഭാഷണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അവധിയില്‍ പോയിരിക്കുന്ന പട്ടാളക്കാരില്‍ പലരെയും പുല്‍വാമ ഭീകരാക്രമണത്തെ തുടര്‍ന്ന് അടിയന്തരമായി അതിര്‍ത്തിയിലേക്ക് തിരിച്ചു വിളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാശ്മീരിലേക്ക് തിരിച്ചിരിക്കുകയാണ് തമിഴ് സെല്‍വന്‍.

തേനിയിലെ വിജയ് ഫാന്‍സ് അസോസിയേഷന്റെ അധ്യക്ഷന്‍ പാണ്ടി വഴിയാണ് തമിഴ്‌സെല്‍വന്റെ കാര്യം വിജയ് അറിയുന്നത്. തുടര്‍ന്ന് തമിഴ്‌സെല്‍വനെ വിജയ് നേരിട്ട് വിളിക്കുകയായിരുന്നു. 'ജമ്മുവിലേക്ക് പോകുകയാണ് എന്ന് അറിഞ്ഞു. നിങ്ങള്‍ വിഷമിക്കേണ്ട, ഒരു പ്രശ്‌നവും ഉണ്ടാകില്ല. സന്തോഷവാനായി ഇരിക്കൂ. ജോലി കഴിഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് നേരിട്ട് കാണാം' വിജയ് പറയുന്നു. വിജയ് തന്നെ വിളിച്ചതില്‍ തമിഴ് സെല്‍വന്‍ തിരിച്ച് സന്തോഷവും രേഖപ്പെടുത്തുന്നുണ്ട്.