പ്രമോഷന്‍ വീഡിയോ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ആശാ ശരത് ഡി.ജി.പിക്ക് പരാതി നല്‍കി

2019-07-08 01:48:57am |

തിരുവനന്തപുരം: താന്‍ സിനിമയുടെ പ്രമോഷന് വേണ്ടി നിര്‍മ്മിച്ച വീഡിയോ എഡിറ്റ് ചെതയ്ത് പ്രചരിപ്പിച്ചുവെന്നാരോപിച്ച് നടി ആശാ ശരത്ത് ഡി.ജി.പിക്ക് പരാതി നല്‍കി. എവിടെ എന്ന സിനിമയുടെ പ്രചരണത്തിനായുള്ള വീഡിയോ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചുവെന്നും അതിന്റെ പേരില്‍ തനിക്ക് വ്യാപകമായ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നുവെന്നും ആരോപിച്ചാണ് ആശാ ശരത്ത് പരാതി നല്‍കിയിരിക്കുന്നത്.

വീഡിയോയുടെ തുടക്കത്തില്‍ എവിടെ എന്ന സിനിമയുടെ പ്രമോഷന്‍ വീഡിയോ ആണെന്ന് കൃത്യമായി പറയുന്നുണ്ടെന്ന് ആശാ ശരത് അവകാശപ്പെട്ടു. വീഡിയോ അവസാനിക്കുന്നതും ചിത്രത്തിന്റെയും സംവിധായകന്റെയും പേര് വച്ചാണ്. എന്നാല്‍ ചിലര്‍ ഇത് തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. അതാണ് തെറ്റിദ്ധാരണയ്ക്ക് ഇടയായതെന്നും ആശാ ശരത് പറയുന്നു.

കട്ടപ്പന പോലീസ് സ്‌റ്റേഷന്‍ എന്ന് വീഡിയോയില്‍ പറയുന്നതിന് കാരണമുണ്ട്. ആ സിനിമയുമായി ബന്ധപ്പെട്ട പോലീസ് സ്‌റ്റേഷന്‍ ആയതിനാലാണ് കട്ടപ്പന പോലീസ് സ്‌റ്റേഷന്‍ എന്ന് പരാമര്‍ശിച്ചത്. അതിന്റെ പേരില്‍ തനിക്കെതിരെ കേസെടുത്തതായി അറിയില്ല. ആരെങ്കിലും കേസ് കൊടുത്തതായും അറിയില്ലെന്നും ആശാ ശരത് പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ കട്ടപ്പന പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ആശാ ശരത്ത് ഫെയ്‌സ്ബുക്ക് ലൈവ് വീഡിയോയില്‍ വന്നത്. സിനിമ പ്രമോഷനായി നിര്‍മ്മിച്ച വീഡിയോ കണ്ട് പലരും തെറ്റിദ്ധരിപ്പിക്കപ്പെടുകയും രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തതോടെ ആശാ ശരത് വീഡിയോയുടെ ക്യാപ്ഷനായി സിനിമാ പ്രമോഷന്‍ എന്ന് നല്‍കുകയായിരുന്നു.