ആ വിപ്ലവ കല്ല്യാണത്തിന് വേദിയായത് സുരേഷ് ഗോപിയുടെ വീട്...; സിനിമാക്കഥ പോലെ ഈ പ്രണയകഥ

പ്രശസ്ത സംവിധായകനായ ഷാജി കൈലാസും നടി ആനിയും നീണ്ട കാലത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ആനിയുടെ വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടന്ന് ഒരു വിപ്ലവ കല്യാണമായിരുന്നു ഇതെന്ന് പറയുകയാണ് ഷാജി കൈലാസ്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഷാജി കൈലാസ് തങ്ങളുടെ വിവാഹത്തെ കുറിച്ച് പറഞ്ഞത്.
'' അരുണാചലം സ്റ്റുഡിയോയില്‍ വച്ചാണ് ചിത്രയെ (ആനി) ആദ്യമായി കാണുന്നത്. അതിനു ശേഷമാണ് രുദ്രാക്ഷം എന്ന സിനിമയിലേക്ക് ക്ഷണിക്കുന്നത്. രുദ്രാക്ഷത്തില്‍ നായികയായ ആനിയോട് പ്രണയം തോന്നി. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്. രഞ്ജി പണിക്കരോടാണ് തന്റെ പ്രണയം ആദ്യം തുറന്നു പറയുന്നത്. രഞ്ജി ആനിയോട് ഇത് പറഞ്ഞപ്പോള്‍ ആനിക്കും സമ്മതം.
ഒരു സിനിമയുടെ ആവശ്യത്തിനായി ബോംബെയില്‍ പോവുകയാണെന്നു പറഞ്ഞ് ബാഗുമായി വീട്ടില്‍ നിന്നിറങ്ങി. പക്ഷേ എന്റെ വണ്ടി വന്നു നിന്നത് ചിത്രയുടെ വീടിന്റെ പുറകിലാണ്. ആ സമയം ചക്ക പഴുത്തോ എന്നു നോക്കാനെന്ന വ്യാജേന എന്നെയും നോക്കി പറമ്പില്‍ കാത്തിരിക്കുകയായിരുന്നു ചിത്ര. അവിടുന്ന് അവളെയും കൂട്ടി നേരെ പോയത് സുരേഷ്ഗോപിയുടെ വീട്ടില്‍. വിവരങ്ങളെല്ലാം തുറന്നു പറഞ്ഞു. അവിടെ വച്ചാണ് ഞങ്ങളുടെ രജിസ്റ്റര്‍ വിവാഹം നടക്കുന്നത്.'' - ഷാജി കൈലാസ് പറഞ്ഞു. മൂന്ന് ആണ്മക്കളാണ് ഷാജി കൈലാസ്-ആനി ദമ്പതികള്‍ക്ക്. ജഗന്നാഥന്, ഷാരോണ്‍, റോഷന്.