നാഗമ്പടം മേല്‍പ്പാലത്തില്‍ ബസിനടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു

2017-06-06 03:32:58am |

കോട്ടയം: എം.സി. റോഡില്‍ നിര്‍മാണത്തിലിരിക്കുന്ന നാഗമ്പടം റെയില്‍വേ മേല്‍പ്പാലത്തിനുസമീപം സ്വകാര്യബസിനടിയില്‍പ്പെട്ടു െബെക്ക് യാത്രികനു ദാരുണാന്ത്യം. തിരുവഞ്ചൂര്‍ അന്നപൂര്‍ണേശ്വരി ദേവീക്ഷേത്രത്തിനു സമീപം കണ്ണംതൊട്ടിയില്‍ പി.സി. ശ്രീകുമാറാ (54)ണു മരിച്ചത്.

ഇന്നലെ രാവിലെ പത്തരയോടെയാണ് അപകടം. എറണാകുളത്തുനിന്നു കോട്ടയത്തേക്കുവന്ന സെന്റ് ആന്റണീസ് ബസാണ് അപകടത്തില്‍പ്പെട്ടത്. അമൃത െലെഫ് ആയുര്‍വേദ ഉല്‍പ്പന്നങ്ങളുടെ റെപ്രസെന്റേറ്റീവായ ശ്രീകുമാര്‍ ജോലി ആവശ്യങ്ങള്‍ക്കായി കോട്ടയത്തേക്കു പോകുകയായിരുന്നു. ബസ് തട്ടി െബെക്കില്‍ നിന്നുവീണ ശ്രീകുമാറിന്റെ തലയിലൂടെ ചക്രങ്ങള്‍ കയറിയിറങ്ങി. അപകടത്തില്‍ ഹെല്‍മെറ്റും തകര്‍ന്നു. ശ്രീകുമാറിനെ െബെക്കില്‍ ചേര്‍ത്തു മുന്നോട്ടു നിരങ്ങിനീങ്ങിയാണു ബസ് നിന്നത്.

ശ്രീകുമാര്‍ വീഴുന്നതുകണ്ട് ബസ്‌യാത്രികരും മറ്റു വാഹനങ്ങളിലെ ഡ്രൈവര്‍മാരും ബഹളം വച്ചപ്പോഴാണു ഡ്രൈവര്‍ വിവരം അറിയുന്നത്. ബസ് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തെന്നിനീങ്ങിയ ബസ് മുന്നിലെ കാറിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം നഷ്ടമായ കാര്‍ മറ്റൊരു കാറിലും ഇടിച്ചു. ഓടിക്കൂടിയ നാട്ടുകാര്‍ ശ്രീകുമാറിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അപകടത്തില്‍പ്പെട്ട കാറുകളില്‍ ഒന്നില്‍ സഞ്ചരിച്ചിരുന്നത് മോനിപ്പള്ളി സ്വദേശിയായിരുന്നു. മറ്റൊരു കാര്‍ നിര്‍ത്താതെ പോയി.

മേല്‍പ്പാലം നിര്‍മാണത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡിനായി മണ്ണിട്ടുയര്‍ത്തിയ ഭാഗത്തു മഴയെത്തെത്തുടര്‍ന്ന് അടിഞ്ഞ ചെളിയില്‍ െബെക്ക് തെന്നിയതാണ് അപകടകാരണമെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. വലതുവശത്തുകൂടി ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമെന്നും പോലീസ് അനുമാനിക്കുന്നു.

ബസ് നിയന്ത്രണംവിട്ടു െബെക്കില്‍ ഇടിച്ചതാണു ദുരന്തത്തിലേക്കു നയിച്ചതെന്നാണ് സംഭവത്തിനു സാക്ഷ്യം വഹിച്ചവര്‍ പോലീസിനോടു പറഞ്ഞത്. മണ്ണിട്ടുയര്‍ത്തിയ ഭാഗം ടാര്‍ ചെയ്യാതിരുന്നതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നും സൂചനയുണ്ട്. അപകടത്തെത്തുടര്‍ന്ന് എം.സി. റോഡില്‍ രണ്ടുമണിക്കൂറോളം ഗതാഗതക്കുരുക്കുണ്ടായി.

ബദല്‍ യാത്രാമാര്‍ഗങ്ങളില്ലാതിരുന്നതു സ്ഥിതി രൂക്ഷമാക്കി. ഈസ്റ്റ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതലയുള്ള എ.എസ്.പി: െചെത്ര തെരേസ ജോണ്‍, ഈസ്റ്റ് സി.ഐ: അനീഷ് വി. കോര, എസ്.ഐമാരായ യു. ശ്രീജിത്ത്, ജി. അനൂപ് എന്നിവരുടെ നേതൃത്വത്തിലാണു ഗതാഗതം പൂര്‍വസ്ഥിതിയിലാക്കിയത്. ശ്രീകുമാറിന്റെ സംസ്‌കാരം ഇന്നു മൂന്നിനു നട്ടാശേരി കണ്ണംതൊട്ടിയില്‍ വീട്ടുവളപ്പില്‍. മൃതദേഹം രാവിലെ 10 മുതല്‍ 11 വരെ തിരുവഞ്ചൂരിലെ വീട്ടില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. നട്ടാശേരി കണ്ണംതൊട്ടിയില്‍ പരേതനായ ചെല്ലപ്പന്‍ നായരുടെ മകനാണ്. ഭാര്യ: ആശാകുമാരി മീനടം ഇളംതുരുത്തില്‍ കുടുംബാംഗം. മക്കള്‍: എസ്. കണ്ണന്‍ (ബംഗളുരു), എസ്. ദേവിശ്രീ (സെന്റ് ആന്‍സ് സ്‌കൂള്‍, കോട്ടയം).