മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

2018-06-06 02:21:31am |

തിരുവനന്തപുരം: മലയാള ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ പന്മന രാമചന്ദ്രന്‍ നായര്‍ (87) അന്തരിച്ചു. തിരുവനന്തപുരത്തെ വസതിയില്‍ ഇന്നലെ രാത്രി 8.30- നായിരുന്നു അന്ത്യം. സംസ്‌കാരം ഇന്നു വൈകിട്ടു നാലിനു ശാന്തികവാടത്തില്‍.ഭാഷാശുദ്ധി ലക്ഷ്യമിട്ട്‌ ഒട്ടേറെ പുസ്‌തകങ്ങള്‍ രചിച്ച പന്മനയുടെ ജീവിതം "തെളിമലയാള"ത്തിനായി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. അവസാനകാലം വരെ ഭാഷാപരിശീലനത്തില്‍ മുഴുകി.

എന്‍. കുഞ്ചുനായര്‍-എന്‍. ലക്ഷ്‌മിക്കുട്ടിയമ്മ ദമ്പതികളുടെ മകനായി കൊല്ലം ജില്ലയിലെ പന്മനയില്‍ 1931 ഓഗസ്‌റ്റ്‌ 13-നു ജനിച്ചു. സംസ്‌കൃതത്തിലും (ശാസ്‌ത്രി) ഭൗതികശാസ്‌ത്രത്തിലും ബിരുദം നേടി. 1957-ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന്‌ ഒന്നാം റാങ്കോടെ മലയാളത്തില്‍ ബിരുദാനന്തരബിരുദവും ഡോ. ഗോദവര്‍മ സ്‌മാരക സമ്മാനവും നേടി.

രണ്ടുവര്‍ഷം മലയാളം നിഘണ്ടുരചനയില്‍ മുഴുകി. തുടര്‍ന്ന്‌ പാലക്കാട്‌, ചിറ്റൂര്‍, തലശേരി, തിരുവനന്തപുരം സര്‍ക്കാര്‍ കോളജുകളില്‍ അധ്യാപകനായിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളവിഭാഗം അധ്യക്ഷനായിരിക്കേ 1987-ല്‍ വിരമിച്ചു. കേരളാ ഗ്രന്ഥശാലാസംഘം, കേരളാ സാഹിത്യ അക്കാഡമി, കേരളാ കലാമണ്ഡലം, സാഹിത്യപ്രവര്‍ത്തക സഹകരണസംഘം എന്നിവയുടെ സമിതികളിലും കേരളാ സര്‍വകലാശാല സെനറ്റിലും അംഗമായിരുന്നു.ഭാര്യ: കെ.എന്‍. ഗോമതിയമ്മ, മക്കള്‍: ഹരീന്ദ്രകുമാര്‍, ഡോ. ഉഷാകുമാരി, മഹേന്ദ്രകുമാര്‍. മരുമക്കള്‍: ശ്രീലേഖ, എം. രാജ്‌കുമാര്‍, ജയശ്രീ.