ഇമ്പമായി ഇനി ഓര്‍മയില്‍ : ഉമ്പായി (പി.എ. ഇബ്രാഹിം 1950-2018)

2018-08-02 02:34:50am |

കൊച്ചി: മലയാളത്തിന്റെ ഗസല്‍ ശബ്‌ദം നിലച്ചു. ഇന്നലെ വൈകിട്ട്‌ 4.45-ന്‌ ആലുവയിലെ അന്‍വര്‍ മെമ്മോറിയല്‍ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയര്‍ ആശുപത്രിയിലായിരുന്നു പി.എ. ഇബ്രാഹിം എന്ന ഉമ്പായിയുടെ മരണം. 68 വയസായിരുന്നു. മട്ടാഞ്ചേരി കൂവപ്പാടം ശാന്തിനഗര്‍ "ഗസല്‍" വീട്ടില്‍നിന്ന്‌ ഇന്നു രാവിലെ എട്ടിന്‌ മൃതദേഹം പൊതുദര്‍ശനത്തിനായി കല്‍വത്തി കമ്യൂണിറ്റി ഹാളില്‍ കൊണ്ടുവരും. കബറടക്കം ഉച്ചയ്‌ക്കു 12 ന്‌ മട്ടാഞ്ചേരി കല്‍വത്തി പള്ളിയില്‍. ഫോര്‍ട്ട്‌കൊച്ചി നെല്ലുകടവ്‌ പടിഞ്ഞാറെ വീട്ടില്‍ പരേതരായ അബുവിന്റെയും പാത്തുവിന്റെയും മകനായി 1950-ലായിരുന്നു ജനനം. ഭാര്യ: അഫ്‌സത്ത്‌. മക്കള്‍: ഷൈലജ, സബിദ, ഗിറ്റാറിസ്‌റ്റായ സമീര്‍. മരുമക്കള്‍: നിഷാദ്‌, നൗഫല്‍. സുഹറ ഏക സഹോദരിയാണ്‌.

ഉറുദുവിലും ഹിന്ദിയിലും മാത്രം കേട്ടുപരിചയിച്ച ഗസലിനെ മലയാളത്തില്‍ പരിചയപ്പെടുത്തിയത്‌ ഉമ്പായിയാണ്‌. ഉമ്പായിയുടെ ആദ്യ ഗസല്‍ ആല്‍ബം ഇറങ്ങിയതും ഉറുദുവിലാണ്‌. പിന്നീട്‌ വേണു വി. ദേശം, ഒ.എന്‍.വി, സച്ചിദാനന്ദന്‍, യൂസഫലി കേച്ചേരി, പ്രദീപ്‌ അഷ്‌ടമിച്ചിറ, ചിറ്റൂര്‍ ഗോപി തുടങ്ങിയവരുടെ കവിതകള്‍ ഉമ്പായിയുടെ നാവിലൂടെ ഗസലുകളായി ഒഴുകിപ്പരന്നു. യേശുദാസടക്കം പ്രശസ്‌ത ഗായകര്‍ അനശ്വരമാക്കിയ മലയാളം സിനിമാഗാനങ്ങള്‍ വിഷാദമധുരമായ ശബ്‌ദത്തില്‍ കേള്‍വിയുടെ പുതിയ അനുഭവങ്ങളാക്കാനും ഉമ്പായിക്കു കഴിഞ്ഞു.

കഴിഞ്ഞ മാര്‍ച്ച്‌ എട്ടിന്‌ കുവൈത്തില്‍ ഒരു ഗസല്‍ പ്രോഗ്രാമിനു പോകാനിരിക്കെയാണു കരളില്‍ അര്‍ബുദബാധ സ്‌ഥിരീകരിച്ചത്‌. കുറച്ചുനാളുകളായി സംഗീത പരിപാടികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമ്പായിയുടെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന്‌ മൂന്നു ദിവസം മുന്‍പാണ്‌ പെയിന്‍ ആന്‍ഡ്‌ പാലിയേറ്റീവ്‌ കെയറിലേക്കു മാറ്റിയത്‌.