Latest News

മുന്‍ ധനമന്ത്രി വി. വിശ്വനാഥമേനോന്‍ ഓര്‍മയായി

2019-05-04 02:21:05am |

കൊച്ചി: ആദ്യകാല കമ്യൂണിസ്‌റ്റ്‌ നേതാവും മുന്‍ ധനമന്ത്രിയും എം.പിയുമായിരുന്ന വി. വിശ്വനാഥമേനോന്‍ (93) അന്തരിച്ചു. ഇന്നലെ രാവിലെ എട്ടരയ്‌ക്ക്‌ കൊച്ചിയിലെ ലക്ഷ്‌മി ആശുപത്രിയിലായിരുന്നു മരണം. രവിപുരം ശ്‌മശാനത്തില്‍ സംസ്‌കാരം നടത്തി.

അഡ്വ. അമ്പാടി നാരായണ മേനോനും വടക്കൂട്ട്‌ ലക്ഷ്‌മിക്കുട്ടിയമ്മയുമാണു മാതാപിതാക്കള്‍. ഭാര്യ: കെ. പ്രഭാവതി മേനോന്‍ (റിട്ട. അധ്യാപിക) മക്കള്‍: അഡ്വ. വി. അജിത്‌ നാരായണന്‍, (മുന്‍ സീനിയര്‍ ഗവ. പ്ലീഡര്‍) ഡോ. വി. മാധവചന്ദ്രന്‍. മരുമക്കള്‍: ഡോ. ശ്രീജ അജിത്‌ (കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ അസി. പ്രഫസര്‍, പ്രീതി മാധവ്‌ (എടത്തല എം.ഇ.എസ്‌. കോളജ്‌ അസി. പ്രഫസര്‍).
എറണാകുളം ശ്രീരാമവര്‍മ സ്‌കൂള്‍, മഹാരാജാസ്‌ കോളജ്‌, ബോംബെ ലോ കോളജ്‌ എന്നിവിടങ്ങളിലായിരുന്നു പഠനം. വിദ്യാര്‍ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത്‌ ജയില്‍വാസമനുഷ്‌ഠിച്ചു. 1950-ല്‍ ഇടപ്പള്ളി പോലീസ്‌ സ്‌റ്റേഷന്‍ ആക്രമിച്ച കേസില്‍ ഡല്‍ഹിയില്‍ അറസ്‌റ്റിലായി ഏകാന്ത തടവും അനുഭവിച്ചു. നിരപരാധിയെന്നു കണ്ട്‌ പിന്നീടു കോടതി വിട്ടയച്ചു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന താമ്രപത്രം നിരസിച്ചും ചരിത്രത്തില്‍ ഇടംനേടി.

1960ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തു മത്സരിച്ച്‌ പരാജയപ്പെട്ടു. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി.പി.എമ്മിനൊപ്പമായി. തുടര്‍ന്നു ചൈനീസ്‌ ചാരനെന്നാരോപിച്ച്‌ ജയിലിലടച്ചു. 1967ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എറണാകുളത്തുനിന്നു വിജയിച്ചു. പാര്‍ട്ടി ചിഹ്‌നത്തില്‍ എറണാകുളത്തുനിന്നു ജയിച്ച ഏക സി.പി.എം. നേതാവാണ്‌ അദ്ദേഹം. 1971 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു. 1987-ല്‍ തൃപ്പൂണിത്തുറയില്‍നിന്നു നിയമസഭയിലെത്തി നായനാര്‍ സര്‍ക്കാരില്‍ ധനമന്ത്രിയായി.

കോണ്‍ഗ്രസിന്റെ ബി ടീമായി അധഃപതിച്ചെന്നു കുറ്റപ്പെടുത്തി പിന്നീടു സി.പി.എമ്മുമായി അകന്നു. 2004ല്‍ ബി.ജെ.പിയുടെ പിന്തുണയോടെ എറണാകുളത്തുനിന്നു ലോക്‌സഭയിലേക്കു മത്സരിച്ച്‌ ഇടതുപക്ഷത്തെ ഞെട്ടിച്ചു. കാലത്തിനൊപ്പം മായാത്ത ഓര്‍മകള്‍ (ആത്മകഥ), ഗാന്ധിയുടെ പീഡാനുഭവങ്ങള്‍ (നാടക വിവര്‍ത്തനം), മറുവാക്ക്‌ (ലേഖന സമാഹാരം) എന്നിവ രചിച്ചു.