മലയാളി യുവതി കുഞ്ഞിനെ പ്രസവിച്ചിട്ടത് പാകിസ്താന്റെ ആകാശവിതാനത്ത്; കുഞ്ഞിന് ആജീവനാന്ത സൗജന്യ വിമാനയാത്രയുമായി വിമാനക്കമ്പനി

2017-06-19 03:15:09am |

ന്യൂഡല്‍ഹി: ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് പറന്ന മലയാളി യുവതി കുഞ്ഞിന് ജന്മം നല്‍കിയത് പാകിസ്താന്റെ ആകാശവിതാനത്ത്. ജെറ്റ് എയര്‍വേയ്‌സില്‍ വിമാനയാത്രയ്ക്കിടയില്‍ പ്രസവിച്ച യുവതിക്ക് സഹായഹസ്തവുമായി നിന്നത് മലയാളി യുവതി. തുടര്‍ന്ന് വിമാനം മുംെബെയിലിറക്കി കുഞ്ഞിനെയും അമ്മയെയും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റി.

ദമാമില്‍ നിന്ന് കൊച്ചിലേക്കു വരികയായിരുന്ന വിമാനത്തിലാണ് യുവതി കുഞ്ഞിനു ജന്മം നല്‍കിയത്. പാകിസ്താനിലെ കറാച്ചിക്കു മുകളിലുടെ പറക്കുമ്പോഴാണ് പ്രസവമെന്ന് ജീവനക്കാര്‍ പറഞ്ഞു. വിമാനത്തില്‍ തുടര്‍ന്നുള്ള യാത്ര സുരക്ഷിതമല്ലാത്തതു കൊണ്ടാണ് ആശുപത്രിയിലേക്കു മാറ്റിയത്. കുഞ്ഞും അമ്മയും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

ജെറ്റ് എയര്‍വേയ്‌സ് 569 വിമാനത്തില്‍ യാത്രയ്ക്കിടയില്‍ യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനത്തില്‍ ഡോക്ടര്‍മാര്‍ ആരെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കുമ്പോഴാണ് കേരളത്തിലേക്ക് വരികയായിരുന്ന മലയാളി നഴ്‌സ് സഹായഹസ്തവുമായി മുന്നോട്ടുവന്നത്. തുടര്‍ന്ന് നഴ്‌സിന്റെയും മറ്റു ജീവനക്കാരുടെയും സഹായത്തോടെയാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്.

രണ്ടു മണിക്കൂറോളം മുംെബെയില്‍ നിര്‍ത്തിയിട്ട വിമാനം പതിനൊന്നേ കാലോടെ കൊച്ചിയിലേക്ക് തിരിച്ചു. യുവതിയെ സംബന്ധിച്ച മറ്റു വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. വിമാന യാത്രക്കിടയില്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് വലിയ വിമാനക്കമ്പനികള്‍ ആജീവനാന്തം സൗജന്യയാത്ര അനുവദിക്കാറുണ്ട്.