Latest News

ഭിന്നിപ്പില്ലാതെ ജെ.ഡി.യു. ഇടത്തേക്ക്‌; ഔദ്യോഗികപ്രഖ്യാപനം ഇന്ന്‌! മുന്നണിമാറ്റത്തെ മുന്‍മന്ത്രി കെ.പി. മോഹനനും അനുകൂലിച്ചു

2018-01-12 02:54:32am |

തിരുവനന്തപുരം: എം.പി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തില്‍ ജെ.ഡി.യു. ഒറ്റക്കെട്ടായി ഇടതുപക്ഷത്തേക്ക്‌. യു.ഡി.എഫ്‌. വിട്ട്‌ എല്‍.ഡി.എഫിലേക്കു പോകാന്‍ ഇന്നലെ രാവിലെ സംസ്‌ഥാന സെക്രട്ടേറിയറ്റ്‌ കൈക്കൊണ്ട തീരുമാനം ഉച്ചയ്‌ക്ക്‌ സംസ്‌ഥാന സമിതി ശരിവച്ചു. ഇന്നു സംസ്‌ഥാന കൗണ്‍സില്‍ യോഗത്തിനു ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും.

മുന്നണിമാറ്റത്തെ മുന്‍മന്ത്രി കെ.പി. മോഹനനും കോഴിക്കോട്‌ ജില്ലാ പ്രസിഡന്റ്‌ മനയത്ത്‌ ചന്ദ്രനും അനുകൂലിച്ചതോടെ തീരുമാനം ഏകകണ്‌ഠമായി. എം.വി. ശ്രേയാംസ്‌ കുമാര്‍ ഇക്കാര്യം സി.പി.എം. സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍, എല്‍.ഡി.എഫ്‌. കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരെ നേരിട്ടുകണ്ട്‌ അറിയിച്ചു. യു.ഡി.എഫില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പ്‌ പ്രയാസത്തിലാണെന്നും അനിവാര്യമായ മുന്നണിമാറ്റം തീരുമാനിക്കാന്‍ ഇതാണു സമയമെന്നും സെക്രട്ടേറിയറ്റ്‌ യോഗത്തില്‍ വീരേന്ദ്രകുമാര്‍ വ്യക്‌തമാക്കി. ദേശീയതലത്തില്‍ ശരദ്‌ യാദവിനൊപ്പം തുടരുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

പാര്‍ട്ടിയുടെ ഏതു തീരുമാനവും അംഗീകരിക്കുമെന്നു കെ.പി. മോഹനന്‍ പറഞ്ഞു. ഇടതുമുന്നണിയിലേക്കു പോകുന്നതിനു താന്‍ എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പതിനാലു ജില്ലാ പ്രസിഡന്റുമാരും ഈ തീരുമാനം അംഗീകരിച്ചു. ഇതിനിടെ, പാര്‍ട്ടിയില്‍ അഭിപ്രായസ്വാതന്ത്ര്യമില്ലെന്നാരോപിച്ച്‌ സംസ്‌ഥാന സെക്രട്ടറി ജോണ്‍ ജോണ്‍ യോഗത്തില്‍നിന്ന്‌ ഇറങ്ങിപ്പോയി. സെക്രട്ടേറിയറ്റിന്റെ തീരുമാനം ഏകകണ്‌ഠമാണെന്നു ഡോ. വര്‍ഗീസ്‌ ജോര്‍ജ്‌ പിന്നീടറിയിച്ചു.

ഒമ്പതു വര്‍ഷത്തിനുശേഷമാണു വീരേന്ദ്രകുമാറും കൂട്ടരും ഇടതു മുന്നണിയിലേക്കു മടങ്ങുന്നത്‌. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട്‌ സീറ്റിനെച്ചൊല്ലിയുണ്ടായ തര്‍ക്കമായിരുന്നു വേര്‍പിരിയലിനു കാരണം. തുടര്‍ന്ന്‌ എസ്‌.ജെ.ഡി. രൂപീകരിച്ച്‌ വീരേന്ദ്രകുമാര്‍ യു.ഡി.എഫിലെത്തി. 2011 നിയമസഭാ തെരഞ്ഞെടുപ്പിലെയും 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെയും സീറ്റ്‌ തര്‍ക്കം ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കി. പാലക്കാട്‌ ലോക്‌സഭാ സീറ്റില്‍ വീരേന്ദ്രകുമാറിന്റെ പരാജയം ബന്ധം കൂടുതല്‍ വഷളാക്കുകയും ചെയ്‌തു. ദേശീയതലത്തില്‍ ജെ.ഡി.യുവുമായി ലയിക്കുകയും വീരേന്ദ്രകുമാറിനു രാജ്യസഭാംഗത്വം ലഭിക്കുകയും ചെയ്‌തതോടെ എല്ലാം കലങ്ങിത്തെളിഞ്ഞു.

ജെ.ഡി.യു. നേതാവായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌ കുമാര്‍ ബി.ജെ.പിക്കൊപ്പം മടങ്ങിപ്പോയതോടെ എല്ലാം തകിടം മറിഞ്ഞു. യു.ഡി.എഫ്‌. നല്‍കിയ രാജ്യസഭാംഗത്വവും ഉപേക്ഷിച്ചാണു വീരേന്ദ്ര കുമാര്‍ ഇടതുപക്ഷത്തേക്കു മടങ്ങുന്നത്‌. ജെ.ഡി.യുവിന്റെ തീരുമാനത്തെ സി.പി.ഐയും സി.പി.എമ്മും സ്വാഗതം ചെയ്‌തു. പ്രതികരിക്കാന്‍ കെ.പി.സി.സി. പ്രസിഡന്റ്‌ എം.എം. ഹസന്‍ തയാറായില്ല. ഇതു വീരേന്ദ്രകുമാറിന്റെ വ്യക്‌തിപരമായ തീരുമാനം അടിച്ചേല്‍പ്പിക്കലാണെന്ന്‌ യു.ഡി.എഫ്‌. കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ പറഞ്ഞു.