Latest News

ഷുഹൈബ് വധം സി.ബി.ഐ അന്വേഷണത്തിന് ഡിവിഷന്‍ ബെഞ്ചിന്റെ സ്‌റ്റേ

2018-03-14 09:44:42am |

കൊച്ചി: മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട സിംഗിള്‍ ബെഞ്ച് വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് സ്‌റ്റേ. ഹര്‍ജിയില്‍ ഈ മാസം 23ന് വിശദമായ വാദം കേള്‍ക്കും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബമാണ് നേരത്തെ ഹൈക്കോടതിയെ സമീപിച്ചത്. ഇത് പരിഗണിച്ച ജസ്റ്റീസ് ബി.കെമാല്‍പാഷയുടെ ബെഞ്ചാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടത്. പോലീസ് അന്വേഷണം തുടരുന്നതിനിടെ തിടുക്കപ്പെട്ട് സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചത് ഉചിതമായില്ലെന്നും വസ്തുതകള്‍ മുഴുവന്‍ പരിശോധിക്കാതെയാണെന്നും കാണിച്ചാണ് സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.

അതേസമയം, അപ്പീല്‍ പരിഗണിക്കുന്നതിനിടെ, കോടതിയും ഷുഹൈബിന്റെ കുടുംബത്തിന്റെ അഭിഭാഷകനായ ആസിഫലിയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി. അപ്പീല്‍ പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് അധികാരമില്ലെന്ന ആസിഫലിയുടെ വാദമാണ് കോടതിയെ പ്രകോപിപ്പിച്ചത്്. പത്തുമിനിറ്റോളം ഇതേ ചൊല്ലി വാക്കുതര്‍ക്കം നടന്നു. ഇതോടെ വിഷയം വിശദമായി പരിശോധിക്കേണ്ടതാണെന്ന് വ്യക്തമാക്കിയ കോടതി, കേസിന്റെ മെരിറ്റിലേക്ക് കടക്കാതെ സ്‌റ്റേ അനുവദിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 12നാണ് ഷുഹൈബിനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊലപ്പെടുത്തിയത്.