19കാരൻ എയിംസിൽ ‘ഡോക്ടറായി’ വിലസിയത് അഞ്ചുമാസം! ‘വിവരം’ അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് പൊലീസ്

ന്യൂഡൽഹി: രാജ്യത്തെ മികച്ച ആശുപത്രിയായ ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 19കാരൻ ‘ഡോക്ടറായി’ വിലസിയത് അഞ്ചു മാസം. അദ്നാൻ ഖുർറം എന്നയാളാണ് വിവിധ ഡിപ്പാർട്മെൻറുകളിൽ ‘സേവനമനുഷ്ഠിച്ചത്’.
2000ത്തിലധികം െറസിഡൻറ് ഡോക്ടർമാരുള്ള എയിംസിൽ ഇയാൾ വ്യാജ ഡോക്ടറാണെന്ന് തിരിച്ചറിയുക എളുപ്പമായിരുന്നില്ല. ഒടുവിൽ ശനിയാഴ്ച ഡോക്ടർമാരുടെ മാരത്തണിൽ പെങ്കടുക്കാൻ എത്തിയപ്പോഴാണ് കള്ളി വെളിച്ചത്തായത്. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ യഥാർഥ ഡോക്ടർമാർ വിവരം അറിയിച്ചതുപ്രകാരമെത്തിയ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡോക്ടർ ജോലിയോടുള്ള അഭിനിവേശം മൂലമാണ് താൻ ഇൗ വേഷം കെട്ടിയതെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. ഡോക്ടർമാരോട് കൂട്ടുകൂടാനുള്ള ഇഷ്ടവും ഇതിന് കാരണമായെന്നും ഇയാൾ വ്യക്തമാക്കി. കുടുംബത്തിലെ രോഗിക്ക് ചികിത്സയിൽ മുൻഗണന ലഭിക്കുന്നതിനുവേണ്ടിയാണ് താൻ ‘ഡോക്ടറാ’യത് എന്നും പറയുന്ന ഇയാൾ ഇടക്കിടെ മൊഴി മാറ്റിപ്പറയുന്നത് പൊലീസിനെ കുഴക്കുന്നു.
ചോദ്യം ചെയ്തപ്പോൾ മരുന്നുകളെയും എയിംസിലെ വിവിധ ഡിപ്പാർട്മെൻറുകളെയും ഡോക്ടർമാരെയും കുറിച്ചുള്ള ഇയാളുടെ ‘വിവരം’ അദ്ഭുതപ്പെടുത്തുന്നതായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഡോക്ടർ കോട്ടും സ്റ്റെതസ്കോപ്പുമായി വിവിധ ഡിപ്പാർട്മെൻറുകളിൽ റോന്തുചുറ്റുകയായിരുന്നു ഇയാളുടെ പതിവെന്ന് െറസിഡൻറ് ഡോക്ടേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ഹർജിത് സിങ് പറഞ്ഞു. പല ഡോക്ടർമാരോടും പല രൂപത്തിലാണ് ഇയാൾ പരിചയപ്പെടുത്തിയിരുന്നത്. ജൂനിയർ െറസിഡൻറ് ഡോക്ടർ, മെഡിക്കൽ വിദ്യാർഥി തുടങ്ങിയ പേരിലൊക്കെ തരംപോലെ പരിചയെപ്പടുത്തും. ഡോക്ടർമാരുടെ പല വാട്സ്ആപ് ഗ്രൂപ്പുകളിലും ഇയാൾ കയറിപ്പറ്റി. സംശയം തോന്നിയതിനെ തുടർന്ന് കുറച്ചുകാലമായി ഇയാളെ നിരീക്ഷിച്ചുവരുകയായിരുന്നുവെന്നും ഹർജിത് സിങ് വ്യക്തമാക്കി.
ബിഹാർ സ്വദേശിയായ അദ്നാൻ ഖുർറമിന് ക്രിമിനൽ റെക്കോഡൊന്നുമില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ റോമിൽ ബാനിയ പറഞ്ഞു. ബട്ല ഹൗസിൽ താമസിക്കുന്ന ഇയാൾ ഡോക്ടർമാരുടെ സമരത്തിലും പെങ്കടുത്തിരുന്നു. ഡോക്ടർമാരുടെ കോട്ടും സ്റ്റെതസ്കോപ്പുമണിഞ്ഞുള്ള നിരവധി ചിത്രങ്ങൾ ഇയാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രാഷ്ട്രീയക്കാരോടൊപ്പമുള്ള ചിത്രങ്ങളുമുണ്ടായിരുന്നു.