അഴിമതിയും നിയമലംഘനവും വേരോടെ പിഴുതെറിയുക തന്നെ വേണം! ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുമ്പുള്ള അനുപമയുടെ മറ്റൊരു പ്രവര്‍ത്തികൂടി അഭിനന്ദനം ഏറ്റുവാങ്ങുന്നു

2018-06-08 01:28:08am |

ടി വി അനുപമ ആലപ്പുഴ ജില്ലാ കളക്ടറായിരിക്കെയാണ് കായല്‍ കൈയ്യേറ്റത്തിന്റെ പേരില്‍ മന്ത്രി തോമസ് ചാണ്ടി സ്ഥാനം ഒഴിയേണ്ടി വന്നത്. ജില്ലാ കളക്ടറെന്ന നിലയിലുള്ള അനുപമയുടെ വിവിധ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിയ്ക്ക് രാജി വയ്‌ക്കേണ്ടി വന്നത്. അന്ന് അനുപമയുടെ പ്രവര്‍ത്തി, പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ഏറെ പ്രശംസകളും ഏറ്റുവാങ്ങിയിരുന്നു.

എന്നാല്‍ അധികം താമസമില്ലാതെ അനുപമ ഉള്‍പ്പെടെയുള്ള ചില യുവ ഐഎഎസ് ഓഫീസര്‍മാര്‍ക്ക് സ്ഥാന ചലനമുണ്ടായി. തൃശൂര്‍ കളക്ടറായാണ് അനുപമയ്ക്ക് മാറ്റമുണ്ടായത്. എന്നാല്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനം ഒഴിയുന്നതിന് മുമ്പുള്ള അനുപമയുടെ മറ്റൊരു പ്രവര്‍ത്തികൂടി ഇപ്പോള്‍ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ടിന്റെ പാര്‍ക്കിംഗ് സ്ഥലം പൂര്‍വസ്ഥിതിയിലാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് ടിവി അനുപമ.

64 സെന്റ് വരുന്ന പാര്‍ക്കിംഗ് സ്ഥലം പൊളിച്ചുമാറ്റണമെന്നാണ് ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്. തോമസ് ചാണ്ടിയുടെ സഹോദരിയുടെയും കമ്പനിയുടെയും പേരിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. തൃശൂര്‍ കളക്ടറായി സ്ഥലം മാറി പോകുന്നതിന് തൊട്ട് മുമ്പാണ് സുപ്രധാനമായ ഈ ഉത്തരവ് അനുപമ പുറത്തിറക്കിയിരിക്കുന്നതെന്നതും ശ്രദ്ധേയം. തന്റെ ഉത്തരവാദിത്വം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണതയോടെ നിര്‍വഹിച്ച ശേഷമാണ് നാട്ടുകാര്‍ക്ക് നഷ്ടം സമ്മാനിച്ചുകൊണ്ട് ആലപ്പുഴയില്‍ നിന്ന് അനുപമ യാത്രയാവുന്നതെന്ന് ചുരുക്കം.