ബാല്യകാലം മുതല്‍ ഒന്നിച്ചു കളിച്ചു വളര്‍ന്നവര്‍, ഒന്നിച്ചു പഠിച്ചവര്‍ പിരിയാത്ത കൂട്ടുകാര്‍ ഇരുവര്‍ക്കും വയസ് 19: ഒടുവില്‍ മരണത്തിലും അവര്‍ ഒന്നിച്ചു പോയി, കണ്ണീരോടെ ഒരു നാട്

2018-06-10 03:36:56am |

വേര്‍പിരിയാത്ത സുഹൃത്തുക്കള്‍ മരണത്തിലും ഒന്നിച്ചു. ഇന്നലെ കൊല്ലം ഓച്ചിറ അഴീക്കലിലുണ്ടായ ബൈക്ക് അപകടത്തില്‍ മരിച്ച ചാരുംമൂട് പേരൂര്‍കാരാഴ്മ രാജി നിവാസില്‍ അഖില്‍ അനില്‍കുമാറും അയല്‍വാസിയായ വേടരപ്ലാവ് കാത്താടേത്ത് പുത്തന്‍വീട്ടില്‍ അരുണ്‍ മുരളിയും വേര്‍പിരിയാത്ത സുഹൃത്തുക്കളായിരുന്നു. ഇരുവര്‍ക്കും 19 വയസ്സായിരുന്നു പ്രായം.

സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവച്ചുള്ള ആ സൗഹൃദയാത്രയുടെ അവസാനം പക്ഷേ വിധി ക്രൂരനായി. ഇന്നലെ രാവിലെ ഒന്‍പതരയോടെയാണ് ഇരുവരും ബൈക്കില്‍ അഴീക്കലില്‍ കടല്‍ കാണാനായി പോയത്. ഇരുവരും കൈവീശിക്കാട്ടിപ്പോയത് മരണത്തിലേക്കാണെന്നു വിശ്വസിക്കാന്‍ ഇപ്പോഴും സുഹൃത്തുക്കള്‍ക്കായിട്ടില്ല. അപകടത്തിന്റെ രൂപത്തിലെത്തിയ മരണത്തിനുപോലും പിരിക്കാനായില്ല അവരെ. ബാല്യകാലം തെട്ട് ഒന്നിച്ചുവളര്‍ന്ന ആത്മാര്‍ഥ സൗഹൃദം. പത്തുവരെ താമരക്കുളം വിവിഎച്ച്എസ്എസിലും പിന്നീട് നൂറനാട് സിബിഎം എച്ച്എസിലും ഇവര്‍ ഒന്നിച്ചായിരുന്നു പഠനം.

സ്‌കൂളിലേക്കു പോകുന്നതും മടങ്ങുന്നതുമൊക്കെ ഒരുമിച്ചായിരുന്നു. നാട്ടുകാര്‍ക്ക് എന്നും അതിശയമായിരുന്നു ഇവരുടെ ആത്മാര്‍ഥമായ സൗഹൃദം. പ്ലസ് ടുവിനു ശേഷം വ്യത്യസ്ത പഠനശാഖകളിലേക്കു തിരിഞ്ഞെങ്കിലും സൗഹൃദത്തിന്റെ അളവ് കൂടിയതേയുള്ളൂ. കോട്ടയത്തു പോളിടെക്‌നിക് കോളജില്‍ പഠിക്കുന്ന അഖിലും ഹരിപ്പാട്ട് സൈനിക റിക്രൂട്‌മെന്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുന്ന അരുണും ദിവസവും വൈകിട്ടു കണ്ടു മുട്ടിയ ശേഷമായിരുന്നു വീടുകളിലേക്കു പോകുന്നത്.