കാറിനു സൈഡ്‌ കൊടുക്കാത്തതിന്‌ യുവാവിനെ മര്‍ദിച്ചു; ഗണേഷ്‌ കുമാറിനെതിരേ കേസ്‌, എം.എല്‍.എയുടെ സഞ്ചാരം തടഞ്ഞെന്ന പേരില്‍ അനന്തകൃഷ്‌ണന്‌ എതിരേയും കേസ്‌

2018-06-14 02:34:26am |

അഞ്ചല്‍ (കൊല്ലം): തന്റെ കാറിനു കടന്നുപോകാന്‍ ഇടം നല്‍കിയില്ലെന്നാരോപിച്ച്‌ എതിരേ വന്ന കാര്‍ ഓടിച്ചിരുന്ന യുവാവിനെ കെ.ബി. ഗണേഷ്‌ കുമാര്‍ എം.എല്‍.എയും ഡ്രൈവറും ചേര്‍ന്നു തല്ലിച്ചതച്ചു. അമ്മ ഷീനയുടെ കണ്‍മുന്നില്‍ വച്ചു മര്‍ദനമേറ്റ അഗസ്‌ത്യക്കോട്‌ പുലിയത്തുവീട്ടില്‍ അനന്തകൃഷ്‌ണന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌. അനന്തകൃഷ്‌ണന്റെ പരാതിയില്‍ ഗണേഷിനും ഡ്രൈവര്‍ക്കുമെതിരേ അഞ്ചല്‍ പോലീസ്‌ കേസെടുത്തു. എം.എല്‍.എയുടെ സഞ്ചാരം തടഞ്ഞെന്ന പേരില്‍ അനന്തകൃഷ്‌ണന്‌ എതിരേയും കേസുണ്ട്‌.

ഷീനയെ അസഭ്യം പറഞ്ഞെന്നും അശ്ലീലച്ചുവയുള്ള ആംഗ്യം കാണിച്ചെന്നും അനന്തകൃഷ്‌ണന്റെ പരാതിയിലുണ്ട്‌. ഞങ്ങളാണു ഭരിക്കുന്നതെന്നും കേസിനു പോകുന്നെങ്കില്‍ പൊക്കോളൂ എന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. അഞ്ചല്‍ ശബരിഗിരി സ്‌കൂളിനടുത്തുള്ള മരണവീട്ടിലേക്കു വരികയായിരുന്നു ഗണേഷ്‌ കുമാര്‍. അനന്തകൃഷ്‌ണനും അമ്മയും ഈ വീട്ടില്‍നിന്നുള്ള മടക്കയാത്രയിലും.

സംഭവത്തെക്കുറിച്ച്‌ അനന്തകൃഷ്‌ണന്‍ പറയുന്നത്‌:- രണ്ടു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ ഇടമുണ്ടായിരുന്നു. എന്നാല്‍ എം.എല്‍.എയുടെ വാഹനം ഒതുക്കിനിര്‍ത്താന്‍ ഡ്രൈവര്‍ തയാറായില്ല. അതോടെ താന്‍ കാര്‍ പിന്നോട്ടെടുത്ത്‌ നിര്‍മാണം നടക്കുന്ന ഒരു വീടിന്റെ മുറ്റത്തേക്കു കയറ്റിയിട്ടു. സാറൊന്ന്‌ നിര്‍ത്തിയിരുന്നെങ്കില്‍ സൗകര്യമായേനെ എന്ന്‌ അമ്മ പറഞ്ഞതോടെ എം.എല്‍.എ. അസഭ്യം പറഞ്ഞു. പിന്നീട്‌ ഇറങ്ങിവന്ന്‌ തന്റെ കാറിന്റെ താക്കോല്‍ ഊരാന്‍ ശ്രമിച്ചു. അതിനു കഴിയാതിരുന്നതോടെ തന്നെ കുത്തിനുപിടിച്ച്‌ പുറത്തിറക്കി കഴുത്തിലും മുഖത്തും അടിച്ചു. പിന്നാലെ ഡ്രൈവര്‍ എത്തി മര്‍ദനം തുടര്‍ന്നെന്നും അനന്തകൃഷ്‌ണന്‍ പറയുന്നു. ഖത്തറില്‍ എന്‍ജിനീയറായ അനന്തകൃഷ്‌ണന്‍ അടുത്തിടെയാണു നാട്ടിലെത്തിയത്‌. പിതാവ്‌ ഗള്‍ഫിലാണ്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകര്‍ അഞ്ചല്‍ ടൗണില്‍ പ്രകടനം നടത്തി.