Latest News

മുമ്പും മോശപ്പെട്ട അനുഭവങ്ങളുണ്ടായി, അസഭ്യവാക്കുകള്‍ പ്രയോഗിച്ചു; സംവിധായകനെ മാറ്റാതെ അഭിനയിക്കില്ലെന്ന് ഉപ്പുംമുളകും നായിക ; ഈ നടിക്കൊപ്പവും ഞങ്ങളുണ്ടെന്ന് ഡബ്‌ള്യൂസിസി

2018-07-10 02:14:30am |

കൊച്ചി: ടിവി സീരിയല്‍ സംവിധായകന്‍ മോശമായി പെരുമാറിയെന്ന പരാതിയില്‍ സംവിധായകനെ മാറ്റാതെ സീരിയലില്‍ തുടരില്ലെന്ന് ഉപ്പും മുളകും നായിക നിഷാ സാരംഗ്. മോശം അനുഭവമുണ്ടായിട്ടും കുടുംബത്തിനുവേണ്ടിയാണ് തുടര്‍ന്നും അഭിനയിച്ചത്.

മോശം പെരുമാറ്റം നടത്തിയതിനെ എതിര്‍ത്തതാണ് സീരിയലില്‍നിന്ന് പുറത്താക്കാന്‍ കാരണം. സംവിധായകനില്‍നിന്നു മുമ്പും മോശപ്പെട്ട അനുഭവങ്ങളുണ്ടായി. അസഭ്യവാക്കുകള്‍ പ്രയോഗിച്ചു. അതിരു കടന്നപ്പോള്‍ ചാനല്‍ എം.ഡിയെ പരാതി അറിയിച്ചു. സംവിധായകനെ എം.ഡി. താക്കീത് ചെയ്തു. ഇതിന്റെ പകയോടെയാണ് പിന്നീട് പെരുമാറിയിട്ടുള്ളത്.

മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ''ഉപ്പും മുളകും'' എന്ന സീരിയലില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഷ സാരംഗാണ് അതേ സീരിയലിന്റെ സംവിധായകനെതിരേ പരാതിയുമായി രംഗത്തുവന്നത്. കഴിഞ്ഞ ദിവസം ഒരു ചാനലിലെ അഭിമുഖത്തിലാണ് സീരിയല്‍ സംവിധായകനില്‍നിന്നു തനിക്കു നേരിടേണ്ടിവന്ന ദുരനുഭവങ്ങള്‍ നടി വെളിപ്പെടുത്തിയത്. അന്യായകാരണങ്ങള്‍ നിരത്തി സീരിയലില്‍നിന്നു പുറത്താക്കി. മോശമായി പെരുമാറിയ സംവിധായകനെ എതിര്‍ത്തതാണ് പ്രശ്‌നം നിഷ പറഞ്ഞു.

അമേരിക്കയില്‍ നടന്ന ചലച്ചിത്ര അവാര്‍ഡ് ഷോയില്‍ പങ്കെടുക്കാന്‍ അനുവാദം വാങ്ങാതെ പോയതുകൊണ്ടാണ് സീരിയലില്‍നിന്നു പുറത്താക്കിയതെന്നായിരുന്നു സംവിധായകന്‍ അറിയിച്ചത്. ഇത് അന്യായമാണ്. ചാനലിനെ ഔദ്യോഗികമായി അറിയിച്ചശേഷമാണ് അമേരിക്കയിലേക്കു പോയത്. പോകുന്ന കാര്യം വാക്കാല്‍ സംവിധായകനെ അറിയിക്കുകയും ചെയ്തിരുന്നു.

ഇനിയും തുടരാന്‍ സാധിക്കില്ല. സംവിധായകനെ മാറ്റാതെ ഉപ്പും മുളകിലും അഭിനയിക്കില്ല. അല്ലാത്തപക്ഷം, മോശമായ അനുഭവമുണ്ടാകില്ലെന്നു ചാനല്‍ അധികൃതര്‍ ഉറപ്പുനല്‍കണമെന്നും നിഷ ആവശ്യപ്പെട്ടു.

അതേസമയം, സീരിയലില്‍നിന്നു നിഷയെ പുറത്താക്കിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. നിഷ സാരംഗ് ഉപ്പും മുളകിലെ നായികയായി തുടരും. മറിച്ചുണ്ടായ പ്രചാരണങ്ങള്‍ വാസ്തവമല്ല. നിഷയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. സീരിയലിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടരുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്ക് വഴി അറിയിച്ചു.

സംവിധായകനില്‍നിന്നു തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവച്ച നടി നിഷാ സാരംഗിനു സിനിമയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവി(ഡബ്ല്യു.സി.സി)ന്റെയും പിന്തുണയുണ്ട്. ഫെയ്‌സ് ബുക്ക് പേജിലൂടെയാണു ഡബ്ല്യു.സി.സി. പിന്തുണയറിയിച്ചത്.

''ഈ നടിക്കൊപ്പവും ഞങ്ങളുണ്ട്. ഞങ്ങള്‍ മുന്നോട്ടുകൊണ്ടുപോകുന്ന സമരം ആത്യന്തികമായും ആക്രമിക്കപ്പെട്ട ഓരോരുത്തര്‍ക്കും വേണ്ടിയുള്ളതാണ്. ആക്രമിക്കപ്പെടാത്ത ഒരു തൊഴിലിടത്തിന്റെ പിറവിക്കു വേണ്ടിയാണ്. അതു നീട്ടിക്കൊണ്ടു പോകാതിരിക്കാന്‍ വേണ്ടിയാണ്''-ഡബ്ല്യു.സി.സി. വ്യക്തമാക്കി. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ്.

''ഒരു സ്ത്രീയും ബുദ്ധിമുട്ടിലകപ്പെടുന്നതോ പീഡിപ്പിക്കപ്പെടുന്നതോ ആയ ഒരു സാഹചര്യവും ഇവിടെയുണ്ടാകാന്‍ പാടില്ല. ഞങ്ങള്‍ നിലകൊള്ളുന്നതുതന്നെ അതിനാണ്. ചലച്ചിത്ര വ്യവസായ രംഗത്തെ തൊഴിലിടമായി കണ്ട്, അവിടെ സ്ത്രീ പ്രശ്‌നങ്ങള്‍ െകെകാര്യം ചെയ്യാന്‍ നിയമപരമായിതന്നെ ആവശ്യമുള്ള ഒരു ഇന്റേണല്‍ കംെപ്ലെന്റ്‌സ് കമ്മിറ്റി (ഐ.സി.സി) രൂപീകരിക്കാനുള്ള നിരന്തര പരിശ്രമത്തിലാണ് ഞങ്ങള്‍. തൊഴില്‍രംഗത്തെ സ്ത്രീ പീഡനം തുറന്നു പറഞ്ഞ ഈ സഹോദരിയുടെ കാര്യത്തില്‍ സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്താന്‍ പോലീസിന് ഉത്തരവാദിത്വമുണ്ട്.

ജനങ്ങളുടെ നികുതിപ്പണംകൊണ്ട് നടത്തുന്ന നീതിനിര്‍വഹണ സംവിധാനങ്ങള്‍ ആ പണി ചെയ്യുന്നില്ലെങ്കില്‍ അക്കാര്യം ചോദിക്കാനുള്ള ഉത്തരവാദിത്വം തെരഞ്ഞെടുത്ത ഓരോ ജനപ്രതിനിധിക്കുമുണ്ട്. ആ കലാകാരി പ്രതിനിധാനം ചെയ്യുന്ന സംഘടനകള്‍ക്കുണ്ട്. ഞങ്ങള്‍ക്കുമുണ്ട്. ഞങ്ങളുണ്ടാകും ആക്രമിക്കപ്പെടുന്ന ഓരോ സ്ത്രീക്കൊപ്പവും'' എന്നും ഡബ്ല്യു.സി.സി. കുറിപ്പില്‍ പറഞ്ഞു.