Latest News

കമ്പകക്കാനം കൂട്ടക്കൊല: കൊല്ലാന്‍ സമയം കുറിച്ചതും പൂജാരി; മുഖ്യപ്രതിയിലേയ്ക്ക് നയിച്ചത് ഒാട്ടോ ഡ്രൈവറുടെ മൊഴി

2018-08-10 03:03:34am |

തൊടുപുഴ: കമ്പകക്കാനത്ത്‌ നാലംഗ കുടുംബത്തെ കൊന്നു കുഴിച്ചുമൂടിയ കേസില്‍ മുഖ്യപ്രതി അടിമാലി കൊരങ്ങാട്ടി തേവര്‍കുഴിയില്‍ അനീഷ്‌(30)അറസ്‌റ്റില്‍. ഒളിവില്‍ കഴിഞ്ഞ അനീഷിനെ ചൊവ്വാഴ്‌ച്ച രാത്രി നേര്യമംഗലത്തെ ബന്ധുവീട്ടില്‍നിന്നാണു പിടികൂടിയത്‌. കൂട്ടുപ്രതി തൊടുപുഴ കീരികോട്‌ സാലിഭവനില്‍ ലിബീഷ്‌ ബാബുനേരത്തേ അറസ്‌റ്റിലായിരുന്നു . ഇവരെക്കൂടാതെ കൃത്യത്തില്‍ മൂന്നുപേര്‍ കൂടി പങ്കെടുത്തതായാണു സൂചന.

അടിമാലിയിലെ പൂജാരി, കവര്‍ന്ന സ്വര്‍ണം പണയംവയ്‌ക്കാന്‍ സഹായിച്ച ലിബീഷിന്റെ സുഹൃത്ത്‌ എന്നിവരും പ്രതിയാകും. ഇവര്‍ പോലീസ്‌ കസ്‌റ്റഡിയിലാണ്‌. കൃത്യത്തില്‍ പങ്കെടുത്തതടക്കം അഞ്ചുപേരുടെ പങ്കിനെക്കുറിച്ചാണു പോലീസ്‌ അന്വേഷിക്കുന്നത്‌. മൃതദേഹങ്ങള്‍ മറവുചെയ്യാനടക്കം സഹായിച്ചവരുടെ പങ്ക്‌ അന്വേഷിച്ചു വരികയാണെന്ന്‌ എസ്‌.പി: കെ.ബി. വേണുഗോപാല്‍ പറഞ്ഞു.
കഴിഞ്ഞ 29ന്‌ രാത്രിയാണ്‌ വണ്ണപ്പുറം കമ്പകക്കാനം കാനാട്ട്‌ കൃഷ്‌ണന്‍ (54) ഭാര്യ സുശീല (50) മകള്‍ ആര്‍ഷ (21) മകന്‍ അര്‍ജുന്‍ (17) എന്നിവരെ അനീഷും ലിബീഷും ചേര്‍ന്നു കൊലപ്പെടുത്തിയത്‌. കൃഷ്‌ണന്‍ മന്ത്രസിദ്ധി അപഹരിച്ചതും 30,000 രൂപ തട്ടിയെടുത്തതും വൈരാഗ്യം സൃഷ്‌ടിച്ചെന്നും മന്ത്രസിദ്ധി തിരിച്ചുകിട്ടാനാണു കൊലപാതകമെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്‌.

പിടിക്കപ്പെടുമെന്ന്‌ സൂചന കിട്ടിയതോടെ അനീഷ്‌ പ്ലാമലക്കുടിയിലെ വനമേഖലയിലാണ്‌ ഒളിച്ചുതാമസിച്ചത്‌. മൂന്നുദിവസം ഭക്ഷണം കഴിക്കാതെ അവിടെക്കഴിഞ്ഞു. ചൊവ്വാഴ്‌ച വൈകിട്ടോടെ കാടിറങ്ങി മാമലക്കണ്ടത്തെത്തി. ഇവിടെനിന്ന്‌ ഓട്ടോറിക്ഷയില്‍ നേര്യമംഗലത്തെ ബന്ധുവീട്ടിലേക്ക്‌ പോയി. സ്‌ഥലത്തെത്തിയപ്പോള്‍ ഓട്ടോറിക്ഷക്കാരന്‌ 500 രൂപയും 50 രൂപ ടിപ്പും നല്‍കി. സംശയം തോന്നിയ ഓട്ടോറിക്ഷക്കാരന്‍ ഊന്നുകല്‍ പോലീസ്‌ സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. ഇവര്‍ കാളിയാര്‍ സി.ഐ: യൂനസിനെ വിവരമറിയിച്ചു. 11 മണിയോടെ സി.ഐ: യൂനസിന്റെ നേതൃത്വത്തില്‍ മഫ്‌ത്തിയില്‍ പോലീസ്‌ സംഘം നേര്യമംഗലത്തെത്തി. വീട്ടില്‍ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്‌ ശുചിമുറിയുടെ വാതില്‍ തള്ളിത്തുറന്നപ്പോള്‍ നിലത്ത്‌ തുണിവിരിച്ച്‌ ചുരുണ്ടുകൂടിക്കിടക്കുന്ന അനീഷിനെ കണ്ടെത്തി. സമീപത്തുള്ള ചിലര്‍ അനീഷിനെ കാണണമെന്ന്‌ ആവശ്യപ്പെട്ട്‌ ബഹളംവച്ചത്‌ നേരിയ സംഘര്‍ഷത്തിന്‌ ഇടയാക്കി.

കൊല്ലപ്പെട്ട കൃഷ്‌ണനുമായി രണ്ടുവര്‍ഷത്തോളം പൂജാകര്‍മങ്ങള്‍ക്കായി അനീഷ്‌ ബന്ധപ്പെട്ടിരുന്നു. തന്റെ വിവാഹം നടക്കുന്നതിനും വീടുവയ്‌ക്കുന്നതിനും പൂജകള്‍ ചെയ്യാന്‍ 30,000 രൂപ നല്‍കിയിരുന്നു. അനീഷിന്റെ മറ്റൊരു സുഹൃത്തും ഒന്നരലക്ഷം രൂപ നല്‍കിയിരുന്നു. എന്നാല്‍ പൂജയ്‌ക്കു ഫലമുണ്ടാകാതെ വന്നതോടെ കബളിപ്പിക്കപ്പെട്ടുവെന്ന തോന്നലില്‍ കൃഷ്‌ണനെ വകവരുത്താന്‍ ആറുമാസം മുമ്പേ ഇരുവരും പദ്ധതി തയാറാക്കി. അടിമാലിയിലെ പൂജാരിയാണ്‌ ഗണിച്ചുനോക്കി അപായപ്പെടുത്താന്‍ പറ്റിയ സമയം പറഞ്ഞുകൊടുത്തത്‌. കൊലപാതകശേഷം പ്രതികള്‍ നടത്തിയ രക്ഷാപൂജയിലും പൂജാരി പങ്കെടുത്തിരുന്നു. ഇയാളും പ്രതിയാകും.

കൃത്യത്തിനിടെ പ്രതികള്‍ കൃഷ്‌ണന്റെ ഭാര്യയുടെയും മകളുടെയും മൃതദേഹങ്ങളെ അപമാനിക്കുകയും ചെയ്‌തു. മൃതദേഹങ്ങള്‍ കുഴിച്ചിട്ടശേഷം കുഴിയില്‍ കന്നാസില്‍ ആസിഡ്‌ ഒഴിച്ചു. മണം വരാതിരിക്കുന്നതിനും മൃതദേഹങ്ങള്‍ പെട്ടെന്ന്‌ അഴുകിപ്പോകുന്നതിനുമായിരുന്നു ഇത്‌. കൃഷ്‌ണന്റെ വീട്ടില്‍നിന്ന്‌ അപഹരിച്ച സ്വര്‍ണാഭരണം നാല്‍പ്പതിനായിരം രൂപയ്‌ക്ക്‌ തൊടുപുഴയിലെ സ്വര്‍ണ ഇടപാടു സ്‌ഥാപനത്തില്‍ പണയം വച്ചു. ഇതിന്‌ സഹായിച്ച ലിബീഷിന്റെ സുഹൃത്തും പോലീസ്‌ പിടിയിലാകും. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.