അന്നങ്ങനെ കാണിച്ചാലും വര്‍ഷങ്ങള്‍ക്കിപ്പുറം വ്യക്തികളില്‍ മാറ്റമുണ്ടാകും, ഇപ്പോള്‍ ആരോപണമുയര്‍ത്തുന്നതില്‍ അര്‍ത്ഥമില്ല: മുകേഷിന് പിന്തുണയുമായി ഭാര്യ

2018-10-11 03:25:03am |

തിരുവനന്തപുരം: നടനും എംഎല്‍എയുമായ മുകേഷിനുമെതിരെ ഉയര്‍ന്ന മീടു ആരോപണത്തില്‍ പ്രതികരണവുമായി ഭാര്യ മേതില്‍ ദേവിക. മീടു ക്യാമ്പയ്‌നെ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്ന താന്‍ പക്ഷേ മുകേഷേട്ടനെതിരെ ഉയരുന്ന ആരോപണത്തില്‍ ആശങ്കപ്പെടുന്നില്ലെന്ന് ദേവിക പറഞ്ഞു.

ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദേവികയുടെ പ്രതികരണം. 'ഇപ്പോള്‍ വന്ന ആരോപണങ്ങളോട് ഒരു സ്ത്രീ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ അയ്യോ എന്നൊരു വിഷമമൊക്കെ തോന്നുന്നുണ്ട്. ഭാര്യ എന്ന രീതിയില്‍ പ്രതികരിക്കുമ്പോള്‍ ഇത്രയും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. മുകേഷേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം തീര്‍ത്തു പറഞ്ഞത് തനിക്ക് അങ്ങനെയൊരു സംഭവം ഓര്‍മ്മയില്ല എന്നാണ്. എന്നോട് അങ്ങനെ നുണ പറയാറില്ല എന്നാണ് എന്റെ വിശ്വാസം.'

'മുകേഷേട്ടന്റെ മൊബൈലില്‍ ഞാനാണ് പലപ്പോഴും മെസേജസ് കൈകാര്യം ചെയ്യാറുള്ളത്. ഒരുപാട് സ്ത്രീകള്‍ വളരെ പ്രലോഭിപ്പിക്കുന്ന രീതിയിലുള്ള മെസേജുകള്‍ അയക്കാറുണ്ട്. പലപ്പോഴും ഞാനാണ് മെസേജുകള്‍ക്ക് മറുപടി നല്‍കാറുള്ളത്. ഒരു വൈഫ് എന്ന രീതിയില്‍ എന്നെ സംബന്ധിച്ചിടത്തോളം അത് വേറൊരു സ്ത്രീ ചെയ്യുന്ന ഹരാസ്‌മെന്റ് ആണ്. അതിനൊരു ക്യാമ്പയ്‌നിങ് ഒന്നുമില്ലേ, അതാണ് എന്റെ ചോദ്യം.' ദേവിക പറഞ്ഞു.

'അന്നത്തെ സാഹചര്യത്തില്‍ അത് അതിക്രമമാണെന്ന് മനസ്സിലായിട്ടുണ്ടാകില്ല. ഇന്നത് അതിക്രമമാണെന്ന് തിരിച്ചറിയാന്‍ സാധിച്ചെന്ന് വരും. എന്നാല്‍ ഇത്രയും കാലത്തിനുള്ളില്‍ വ്യക്തിയില്‍ മാറ്റമുണ്ടായിട്ടുണ്ടാകാം. അതുകൊണ്ട് പഴയ സംഭവം ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ അര്‍ത്ഥമില്ല. ആളുകള്‍ക്ക് മാറാനുള്ള അവസരം കൊടുക്കണം' മേതില്‍ ദേവിക പറഞ്ഞു.