Latest News

ശബരിമല കയറാന്‍ താന്‍ തയ്യാര്‍; മുഖ്യമന്ത്രിക്ക് മാധ്യമപ്രവര്‍ത്തകയുടെ കത്ത്; ശബരിമല കയറാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകുക എന്നത് ലക്ഷ്യമെന്നും യുവതി

2018-10-12 02:44:42am |

തിരുവനന്തപുരം: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ അനുകൂലിച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തുന്നുണ്ട്. പലരും പ്രതിഷേധവുമായാ തെരുവില്‍ വരെ ഇറങ്ങി. ഈ സാഹചര്യത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകയുടെ ഫേസ്ബുക്ക് കുറിപ്പാണ് വൈറലാകുന്നത്. ശബരിമലയില്‍ പോകാന്‍ താന്‍ തയ്യാറാണെന്നാണ് കശ്മീര്‍ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക ശിവാനി സ്‌പോലി വെളിപ്പെടുത്തിയിരിക്കുന്നത്. മാത്രമല്ല ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ധീര നിലപാടിനെ അവര്‍ അഭിനന്ദിക്കുകയും ചെയ്തു.

മാധ്യമങ്ങളിലൂടെയാണ് ശബരിമല വിഷയത്തെക്കുറിച്ച് അറിയുന്നത്. ശബരിമല ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചതും അങ്ങനെയാണ്. സമൂഹത്തോടുള്ള ഭയം നിമിത്തം ശബരിമല കയറാന്‍ മടിക്കുന്ന സ്ത്രീകള്‍ക്ക് മുന്‍ഗാമിയാകുക എന്ന ലക്ഷ്യമാണ് തനിക്കുള്ളതെന്നും ഇവര്‍ പറയുന്നു. ശബരിമല കയറാനുള്ള എല്ലാ പിന്തുണയും സംരക്ഷണവും തനിക്കും അതുപോലെ മറ്റ് സ്ത്രീകള്‍ക്കും നല്‍കണമെന്ന അഭ്യര്‍ത്ഥനയോടെയാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ശിവാനിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പരിവര്‍ത്തനം;

'ഞാന്‍ ശിവാനി സ്‌പോലിയ. ജമ്മു കാശ്മീര്‍ ആണ് സ്വദേശം. മാധ്യമപ്രവര്‍ത്തകയായി ഡല്‍ഹിയില്‍ ജോലി നോക്കുന്നു. ശബരിമല ക്ഷേത്രത്തിലേക്ക് പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ ചരിത്ര വിധിയ്‌ക്കൊപ്പം നില്‍ക്കുന്ന താങ്കള്‍ അഭിനന്ദനമര്‍ഹിക്കുന്നു. ആചാരങ്ങളുടെ പേരില്‍ കാലാകാലങ്ങളായി സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന വിവേചനങ്ങള്‍ക്ക് അവസാനം വരുത്താനുള്ള ഒരു ശ്രമം അത്യാവശ്യമായിരുന്നു.

സുപ്രീം കോടി വിധി കേരളത്തില്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ നിന്നും അറിയുന്നുണ്ട്. ശബരിമല ക്ഷേത്രത്തില്‍ പോകണമെന്ന് ഞാന്‍ തീരുമാനിക്കുന്നതും അങ്ങനെയാണ്. ഇതുവഴി ശബരിമല വിഷയത്തില്‍ സ്ത്രീകള്‍ക്ക് എന്റെ പിന്തുണ അറിയിക്കാന്‍ ഞാന്‍ ആ?ഗ്രഹിക്കുന്നു. സമൂഹത്തോടുള്ള ഭയം നിമിത്തം മല ചവിട്ടാന്‍ മടിച്ചു നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മുന്‍?ഗാമിയാകാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഈ വിഷയത്തില്‍ ശക്തമായ നിലപാടെടുത്ത സര്‍ക്കാരിനൊപ്പമാണ് ഞാനും.

പൂഞ്ഞാര്‍ എംഎല്‍എ പി.സി. ജോര്‍ജിനെപ്പോലെ ചിലര്‍ സുപ്രീം കോടതി വിധിയ്‌ക്കെതിരാണ് എന്ന് മാധ്യമങ്ങളിലൂടെ അറിയാന്‍ സാധിച്ചു. അദ്ദേഹത്തിന്റെ നിയോജകമണ്ഡലമായ പൂഞ്ഞാറിലൂടെ ശബരിമലയിലേക്ക് സ്ത്രീകളെ കടത്തിവിടില്ല എന്നാണ് അദ്ദേഹത്തിന്റെ നിലപാട് എന്നറിയാന്‍ കഴിഞ്ഞു. അതുകൊണ്ട് ശബരിമല കയറാന്‍ എത്തുമ്പോള്‍ എന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് അങ്ങയോട് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. എനിക്ക് മാത്രമല്ല അവിടെ എത്താന്‍ ആഗ്രഹിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും പിന്തുണയും സംരക്ഷണവും ആവശ്യമാണ്.'