പതിനെട്ടാംപടി കയറി, നെയ്യഭിഷേകവും നടത്തി ; ശബരിമലയില്‍ പാരമ്പര്യം അനുശാസിക്കുന്ന എല്ലാ പൂജയും ചെയ്തെന്ന് യുവതി

2019-01-10 02:38:15am |

തൃശൂര്‍: ശബരിമലയില്‍ പാരമ്പര്യം അനുശാസിക്കുന്ന എല്ലാത്തരം പൂജാകാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞെന്ന് ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് അവകാശപ്പെട്ട് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ മഞ്ജു. വഴിയില്‍ ഒരു തടസ്സവും നേരിടാതെ തന്നെ ശബരിമലയില്‍ അയ്യപ്പദര്‍ശനം നടത്താനായെന്നും പറഞ്ഞു. നെയ്യഭിഷേകം ഉള്‍പ്പെടെയുള്ള പൂജാകാര്യങ്ങള്‍ ചെയ്തു.

എല്ലാറ്റിനും അയ്യപ്പസേവാ സംഘത്തിന്റെ സഹായവും കിട്ടിയതായി അവര്‍ വ്യക്തമാക്കി. മുടി നരപ്പിച്ച് പ്രായമുള്ള സ്ത്രീയുടെ വേഷത്തിലാണ് മല കയറിയത്. വേഷപ്രച്ഛന്നയായി എത്തിയതിനാല്‍ വഴിയില്‍ ഒരിടത്തും തനിക്ക് തടസ്സം നേരിടേണ്ടി വന്നിരുന്നില്ല എന്ന് ഇവര്‍ വ്യക്തമാക്കി. രണ്ടു മണിക്കൂറോളം സന്നിധാനത്ത് ചെലവഴിച്ചാണ് മടങ്ങിയത്.

ഫേസ്ബുക്കിലെ ഇവരുടെ ദൃശ്യങ്ങളില്‍ മുടി നരപ്പിച്ച് കണ്ണടവെച്ച് പ്രായമായ സ്ത്രീയെ പോലെ തോന്നിപ്പിട്ടുണ്ട്. ഈ മാസംതൃശൂരില്‍ നിന്നും ബസ്മാര്‍ഗ്ഗം ശബരിമലയിലേക്ക് യാത്ര ചെയ്ത അവര്‍ എട്ടാം തീയതി രാവിലെ 7.30 യ്ക്ക് പതിനെട്ടാംപടി കയറി തന്നെ അയ്യപ്പദര്‍ശനം നടത്തി മടങ്ങി. അതിന് ശേഷമാണ് ശബരിമലയില്‍ നിന്നുള്ള വീഡിയോ പുറത്തു വിടുകയും ചെയ്തത്.