"ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍, വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍ സ്‌പെഷല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ"; ജയരാജനെ ട്രോളി വിടി ബല്‍റാം

2019-03-11 02:36:50am |

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ പ്രചരണം പൊടിപൊടിക്കാന്‍ ഒരുങ്ങുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. സോഷ്യല്‍ മീഡിയകളും പ്രചരണായുധമാക്കുകയാണ് പാര്‍ട്ടികള്‍. ഇതിനിടെ ആദ്യ വെടിപൊട്ടിച്ചിരിക്കുകയാണ് വിടി ബല്‍റാം എംഎല്‍എ. വടകരയിലെ സി.പി.എം സ്ഥാനാര്‍ത്ഥി പി.ജയരാജനെ പരോക്ഷമായി പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

'ക്രിമിനല്‍ കേസുള്ള സ്ഥാനാര്‍ത്ഥികള്‍ പത്രപരസ്യം നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍. വടകരയിലെ ചെന്താരകത്തിന് വേണ്ടി പത്രങ്ങള്‍ സ്‌പെഷല്‍ സപ്ലിമെന്റ് ഇറക്കേണ്ടി വരുമല്ലോ.' ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ലോക്സഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചതോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിരുന്നു. പ്രസംഗങ്ങളിലും പ്രസ്താവനകളിലും പാലിക്കേണ്ട നിയന്ത്രണങ്ങള്‍, തിരഞ്ഞെടുപ്പ് പ്രകടനപത്രിക, പ്രചാരണ ഉപാധികള്‍, റാലികള്‍, പൊതുസമ്മേളനങ്ങള്‍ എന്നിവയില്‍ പാലിക്കേണ്ട മര്യാദകള്‍ എന്നിവ മാതൃകാ പെരുമാറ്റച്ചട്ടത്തില്‍ ഉള്‍പ്പെടുന്നു.