രഹസ്യബന്ധം ഭാര്യ പൊക്കി; ഭാര്യ പിണങ്ങിപ്പോയതോടെ കാമുകിയെ ധൈര്യമായി കൂടെക്കൂട്ടി; ഒടുക്കം നാട്ടിലും വീട്ടിലും ഒറ്റപ്പെട്ടതോടെ ജീവനൊടുക്കി

2019-03-12 02:36:42am |

അനുജത്തിയുമായുള്ള ഭര്‍ത്താവിന്റെ രഹസ്യ ഇടപാട് ഭാര്യ കണ്ടുപിടിച്ചപ്പോള്‍ പ്രശ്‌നം പൊലീസിന് മുമ്പിലെത്തി... ഭാര്യയുടെ പരാതി സമ്മതിച്ച് കാമുകിക്കൊപ്പം ജീവതം തുടങ്ങിയപ്പോള്‍ നാട്ടുകാരും ബന്ധുക്കളും ഒറ്റപ്പെടുത്തി... സമ്മര്‍ദ്ദം അതിജീവിക്കാനാകാതെ രാംകുമാറും സുശീലയും അഭയം തേടിയത് മരണത്തില്‍; മറയൂരിനെ നടുക്കിയ ആത്മഹത്യയ്ക്ക് പിന്നിലുള്ളത് ഒറ്റപ്പെടലിന്റെ വേദന

മറയൂര്‍ പട്ടിക്കാട് സ്വദേശി രാംകുമാര്‍(36), കുട്ടാംകുഴി സ്വദേശിനി സുശീല(36) എന്നിവരുടെ മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ടാണ് മറയൂര്‍ ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്ത് ആള്‍ത്താമസമില്ലാത്ത വീടിനുള്ളില്‍ കണ്ടെത്തിയത്. ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്റെ പ്രാഥമീക നിഗമനം.

കഴിഞ്ഞ 7 മാസമായി ഇരുവരും ഒരുമിച്ച് സമീപത്തെ ആദിവാസികോളനിയില്‍ താമസിച്ചുവരികയായിരുന്നു.രാംകുമാര്‍ ഭാര്യയും രണ്ട് മക്കളുമായും സുശീല ഭര്‍ത്താവും മൂന്നുമക്കളുമായും ഇതേ കോളനിയിലാണ് താമസിച്ചു വന്നിരുന്നത്.

ഇടക്കാലത്ത് ഭര്‍ത്താവിന് സഹോദരിയുമായി രഹസ്യബന്ധമുണ്ടെന്ന് രാംകുമാറിന്റെ ഭാര്യ കണ്ടെത്തിയതോടെയാണ് ഇവരുടെ ദാമ്പത്യത്തില്‍ അസ്വാരസ്യങ്ങളുടെ തുടക്കം. തുടര്‍ന്ന് ഇവര്‍ ബന്ധുക്കളുടെ സഹായത്തോടെ സംഭവം മറയൂര്‍ പൊലീസിനെ അറിയിച്ചു. സംഭവത്തില്‍ നടന്നതെളിവെടുപ്പില്‍ ശ്യാംകുമാര്‍ ഭാര്യയുടെ ആരോപണം പൊലീസില്‍ ശരിവച്ചു. തുടര്‍ന്ന് ഒച്ചപ്പാടും നിലവിളിയുമായി സ്റ്റേഷന്‍ വിട്ട ഇവര്‍ ഭര്‍ത്താവുമൊത്തുള്ള താമസം മതിയാക്കി.

ഈ അവസരം മുതലാക്കി രാംകുമാര്‍ സുശീലയുമൊത്ത് കോളനിയില്‍ മറ്റൊരുവീട്ടില്‍ താമസം തുടങ്ങി.ഇതോടെ ബന്ധുക്കളും അയല്‍വാസികളും നാട്ടുകാരും ഇവരെ ഒറ്റപ്പെടുത്തി. ഉറ്റ ബന്ധുക്കള്‍ പോലും തിരിഞ്ഞുനോക്കാറില്ലന്നാണ് പുറത്തുവന്ന വിവരങ്ങള്‍.

ഇതില്‍ നിന്നുണ്ടായ വിഷമമാണ് ഇരുവരുടെയും ആത്മഹത്യയ്ക്ക് വഴിതെളിച്ചതെന്നാണ് മറയൂര്‍ പൊലീസ് നടത്തിയ പ്രാഥമിക തെളിവെടുപ്പില്‍ ലഭിച്ച വിവരം. 2001ല്‍ ആദിവാസി പുനരധിവാസ കോളനിയായി പ്രഖ്യാപിച്ച് വീടുകള്‍ പണിതുനല്‍കിയതും നിലിവല്‍ കാടുകയറികിടക്കുന്നതുമായ പ്രദേശത്ത് ആള്‍താമസമില്ലാതെ കിടന്നിരുന്ന വീട്ടിലാണ് മൃതദ്ദേഹങ്ങള്‍ കാണപ്പെട്ടത്. സമീപവാസിയായ സുബ്രഹ്മണ്യന്‍ ആടിനെ മെയ്ക്കാന്‍ ഈ ഭാഗത്തെത്തിയപ്പോള്‍ അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് പ്രദേശമാകെ തിരഞ്ഞപ്പോഴാണ് മൃതദ്ദേഹങ്ങള്‍ കണ്ടെത്തിയത്. ഇരുവരെയും കാണാതായതായി ബന്ധുക്കള്‍ ഒരാഴ്ച മുമ്പ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. മൃതദേഹങ്ങള്‍ക്ക് സമീപത്തുണ്ടായിരുന്ന രാംകുമാറിന്റെ ഡ്രൈവിങ് ലൈസന്‍സും സുശീലയുടെ എ.ടി.എം കാര്‍ഡുമാണ് ഇരുവരെയും തിരിച്ചറിയാന്‍ സഹായിച്ചത്.