Latest News

ഏഴു പതിറ്റാണ്ട് കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയ വനിതകള്‍ എട്ട് ; തെരഞ്ഞെടുപ്പില്‍ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകള്‍ അര്‍ഹിക്കുന്നില്ലേ?

2019-03-12 02:47:49am |

വാതോരാതെ സ്ത്രീസമത്വവും സ്വാതന്ത്ര്യവുമെല്ലാം പ്രസംഗിക്കുമെങ്കിലും പ്രവൃത്തിയില്‍ വരുത്താന്‍ ബുദ്ധിമുട്ടാണെന്ന കാര്യം കേരളരാഷ്ട്രീയചരിത്രം മാത്രം പരിശോധിച്ചാല്‍ വ്യക്തമാകും. സ്ത്രീശാക്തീകരണവും നവോത്ഥാനവുമെല്ലാം കൊട്ടിഘോഷിക്കപ്പെടുമ്പോഴും ഏഴു പതിറ്റാണ്ടിനിടയില്‍ കേരളത്തില്‍ നിന്ന് ലോക്‌സഭയിലെത്തിയപ്പോള്‍ സ്ത്രീകളുടെ എണ്ണം വെറും എട്ട്. സംസ്ഥാനത്ത് വനിതാവോട്ടര്‍മാരാണ് കൂടുതലെങ്കിലും തെരഞ്ഞെടുപ്പ് പോലുള്ള കാര്യങ്ങള്‍ എത്തുമ്പോള്‍ സ്ത്രീസമത്വത്തിന് വേണ്ടിയുള്ള വാദങ്ങള്‍ എവിടേക്കോ പോയ് മറയും.

മത്സരിക്കുന്നവരുടെ എണ്ണമെടുത്താല്‍ പുരുഷന്‍മാരാണ് കൂടുതലെന്ന് മാത്രമല്ല സ്ത്രീസാന്നിദ്ധ്യം പേരിനു മാത്രമാണെന്നതാണ് വാസ്തവം. ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലായെന്നത് വ്യക്തമാണ്. ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ പോന്ന വനിതാ രാഷ്ട്രീയ നേതാക്കള്‍ കേരളത്തിനില്ലാത്തതാണോ അതോ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കപ്പെടുകയാണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരളരൂപീകരണത്തിന് അഞ്ചു വര്‍ഷം മുന്‍പ് 1951ലെ ആദ്യ തെരഞ്ഞെടുപ്പില്‍ ആനിമസ്‌ക്രീന്‍ തിരുവനന്തപുരത്ത് നിന്ന് മത്സരിച്ച് ലോക്‌സഭയിലെത്തി. സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് ആനി മസ്‌ക്രീന്‍ കേരളത്തില്‍ നിന്നുള്ള ആദ്യവനിതാ ലോക്‌സഭാംഗമായത്.

വീണ്ടുമിതാ ഒരു ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം കൂടിയെത്തിരിക്കുന്നു. ഇത്തവണയും സ്ത്രീകള്‍ക്ക് വേണ്ട അവസരം ലഭിച്ചിട്ടില്ല. വലതു പക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ കയറിക്കൂടാനായത് ആകെ രണ്ട് സ്ത്രീകള്‍ക്കാണ്. കണ്ണൂരു നിന്ന് സിറ്റിങ് എം.പി.യായ പി.കെ.ശ്രീമതിയും പത്തനംതിട്ടയില്‍ നിന്ന് ലോക്‌സഭയിലേക്കുള്ള കന്നിയങ്കത്തിനിറങ്ങുന്ന വീണാ ജോര്‍ജുമാണ് ഇത്തവണ മത്സരിക്കുന്നവര്‍.

70 വര്‍ഷത്തിനിടയില്‍ ലോക്‌സഭയിലെത്തിയ ആകെ എട്ടു സ്ത്രീകളില്‍ അഞ്ചു പേരെയും ലോക്‌സഭയുലേക്ക് അയച്ചത് സി.പി.എമ്മാണ്. ഒരാളെ സി.പി.ഐയും. കോണ്‍ഗ്രസിന് ലോക്‌സഭയിലെത്തിക്കാനായതോ വെറും ഒരാളെ മാത്രമാണ്. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കോണ്‍ഗ്രസ് ലോക്‌സഭയിലെത്തിച്ച ഏക വനിതയാണ് സാവിത്രി ലക്ഷ്മണന്‍.

കേരളസംസ്ഥാന രൂപീകരണത്തിന് മുമ്പ് ആനിമസ്‌ക്രീന് ലോക്‌സഭയിലെത്താനായെങ്കില്‍ അതിന് ശേഷം ഒരു വനിതാ ജനപ്രതിനിധിക്കായി കേരളം കാത്തിരിക്കേണ്ടി വന്നത് പത്ത് കൊല്ലമാണ്. 1967 ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ അമ്പലപ്പുഴയില്‍ നിന്ന് സി.പി.എമ്മിന്റെ സുശീലാ ഗോപാലനാണ് പിന്നീട് ലോക്‌സഭയിലെത്തിയത്.

1980ല്‍ ആലപ്പുഴയില്‍ നിന്നും സുശീല ഗോപാലന്‍ ജയിച്ചുകയറി. തീരദേശ റെയില്‍വേ പാതക്കായുള്ള ക്യാംപയിന്‍ നയിച്ച ഓമനപിള്ളയെയാണ് സുശീല ഗോപാലന്‍ പരാജയപ്പെടുത്തിയത്. 1,14,764 വോട്ടുകള്‍ക്കായിരുന്നു സുശീലാ ഗോപാലന്റെ വിജയം. അടുത്ത തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ നിന്ന് ചിറയിന്‍കീഴിലേക്ക് (ഇന്ന് ആറ്റിങ്ങല്‍ മണ്ഡലം)തട്ടകം മാറ്റിയപ്പോഴും ഭൂരിപക്ഷം കുറഞ്ഞെങ്കിലും സുശീല ഗോപാലന്‍ വിജയിച്ചു. തലേക്കുന്നില്‍ ബഷീറിനെതിരെ സുശീല വിജയിച്ചത് 1106 വോട്ടുകള്‍ക്കാണ്.

ഇരു കമ്യുണിസ്റ്റ് പാര്‍ട്ടികളും ഏറ്റുമുട്ടിയ 1971ൽ സിപിഐ തങ്ങളുടെ ആദ്യ പ്രതിനിധിയെ ലോക്സഭയിലേക്ക് അയച്ചു. അടൂരിൽ 1,08,897 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച കെ ഭാർഗവി. സിപിഎമ്മിലെ പി കെ കുഞ്ഞച്ചനെ തോല്‍പ്പിക്കുമ്പോള്‍ സിപിഐയും കോൺഗ്രസും ഒരേ മുന്നണിയില്‍ ആയിരുന്നു. 1989 ൽ മുകുന്ദപുരം സീറ്റിൽ മത്സരിച്ച സാവിത്രി ലക്ഷ്മണനാണ് കോൺഗ്രസിന്റെ ആദ്യ വനിതാ ലോക്സഭാംഗം. സിപിഎമ്മിലെ സി ഒ പൗലോസിനെ 18,754 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. 1991ൽ എ പി കുര്യനെ 12,365 വോട്ടിന് പരാജയപ്പെടുത്തി സാവിത്രി ലക്ഷ്മണൻ വീണ്ടും ലോക്സഭയിലെത്തി.

സുശീലാ ഗോപാലന് ശേഷം സിപിഎം വിട്ട ജനപ്രതിനിധി 1998ൽ വടകരയിൽ നിന്ന് ജയിച്ച എ കെ പ്രേമജമാണ്. കോൺഗ്രസിലെ പി എം സുരേഷ് ബാബുവിനെ 59,161 വോട്ടുകൾക്കാണ് പ്രേമജം തോൽപിച്ചത്. ഭൂരിപക്ഷം 25,844 ആയി കുറഞ്ഞെങ്കിലും 1991ൽ വീണ്ടും അതേ എതിരാളിയെ പരാജയപ്പെടുത്തി പ്രേമജം വീണ്ടും പാർലമെന്റിലെത്തി. ഇതേ മണ്ഡലത്തില്‍ നിന്നും പിന്നീട് ജയിച്ച പി സതീദേവി കേരളത്തില്‍ നിന്നും ഏറ്റവും ഭുരിപക്ഷം നേടി ജയിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടികയിലുണ്ട്. 2004ലെ തെരഞ്ഞെടുപ്പിൽ എം ടി പത്മയെ 1,30,589 വോട്ടുകൾക്കാണ് തോല്‍പ്പിച്ചത്.

2004ൽ മാവേലിക്കരയിൽ നിന്ന് ഇന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ പരാജയപ്പെടുത്തിയാണ് സിപിഎമ്മിലെ സി എസ് സുജാത ആദ്യമായി പാർലമെന്റിലെത്തിയത്. 7414 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. 2014ലെ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നാണ് പി കെ ശ്രീമതി ലോക്സഭയിലെത്തിയത്. കോൺഗ്രസിലെ കെ. സുധാകരനെ 6566 വോട്ടുകൾക്കാണ് ശ്രീമതി പരാജയപ്പെടുത്തിയത്.