75 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയ സംഭവം: നടി രാധ കുടുങ്ങിയേക്കും, കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്‌ഥയില്‍ നല്‍കിയ സ്‌ഥലത്ത് ഉയരുന്നത് 100 കോടിയുടെ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍

2019-03-14 01:55:41am |

തിരുവനന്തപുരം : തലസ്‌ഥാന നഗരമധ്യത്തിലെ കവടിയാറില്‍ 75 കോടി രൂപ വിലമതിക്കുന്ന സര്‍ക്കാര്‍ഭൂമി കൈവശപ്പെടുത്തിയ സംഭവത്തില്‍ നടി രാധ കുടുങ്ങിയേക്കും. സര്‍ക്കാരില്‍നിന്നു പാട്ടത്തിനെടുത്ത ഭൂമി മറുപാട്ടത്തിലാണു നിയമവിരുദ്ധമായി രാധയുടെ കൈവശമെത്തിയത്‌. ഈ ഭൂമിക്ക്‌ രാധയുടെ പേരില്‍ കരമടയ്‌ക്കാന്‍ കഴിയില്ലെന്നു വ്യക്‌തമാക്കി ശാസ്‌തമംഗലം വില്ലേജ്‌ ഓഫീസര്‍ നല്‍കിയ രേഖ മംഗളത്തിനു ലഭിച്ചു.
തിരുവനന്തപുരം ശാസ്‌തമംഗലം വില്ലേജില്‍ തണ്ടപ്പേര്‍ നമ്പര്‍ നാല്‌, കവടിയാര്‍ കൊട്ടാരത്തില്‍ ശ്രീചിത്തിര തിരുനാള്‍ ബാലരാമവര്‍മ്മ മഹാരാജാവാണു വില്ലേജ്‌ രേഖകളില്‍ തണ്ടപ്പേരുകാരന്‍.

കവടിയാര്‍ ഗോള്‍ഫ്‌ ക്ലബിനു തൊട്ടുമുന്നിലുള്ള ഒന്നര ഏക്കറില്‍ വന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു മംഗളം റിപ്പോര്‍ട്ട്‌ ചെയ്‌തതിനെത്തുടര്‍ന്ന്‌ അന്വേഷണത്തിനു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉത്തരവിട്ടിരുന്നു. ഈ അന്വേഷണത്തിലാണ്‌ മറുപാട്ടക്കാരിക്ക്‌ ഈ ഭൂമിയുടെ കരം അടയ്‌ക്കാന്‍ അവകാശമില്ലെന്നും പാട്ടക്കാരന്‌ ഒടുക്കുകോളത്തില്‍ മാത്രം കരമടയ്‌ക്കാനുള്ള അവകാശമേയുള്ളൂ എന്നും വില്ലേജ്‌ ഓഫീസര്‍ അറിയിച്ചിരുന്ന വിവരം പുറത്തുവന്നത്‌.

എന്നിട്ടും മറുപാട്ടക്കാരിയുടെ പേരില്‍ ഇവിടെ കൂറ്റന്‍ കണ്‍വന്‍ഷന്‍ സെന്റര്‍ ഉയരുകയാണ്‌. 100 കോടി രൂപ മുടക്കില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇവിടെ 100 മുറികള്‍ സജ്‌ജമാക്കുന്നുണ്ടെന്നാണ്‌ വിവരം.

കവടിയാര്‍ കൊട്ടാരത്തിലെ രാജകുടുംബാംഗങ്ങളുടെ പേരിലുള്ള ഇവിടം തലസ്‌ഥാനത്തെ ഏറ്റവും വിപണനമൂല്യമുള്ള സ്‌ഥലമാണ്‌. 1947-ല്‍ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ രാജകുടുംബത്തിന്‌ ഭൂമി എത്രമാത്രമെന്ന്‌ വ്യക്‌തമാക്കുന്ന കവനന്റ്‌ തയാറാക്കിയിരുന്നു. ഇതില്‍ പറയുന്ന ഭൂമിയാണ്‌ ഗോള്‍ഫ്‌ ക്ലബിനു മുന്നിലുള്ള ഈ ഒന്നര ഏക്കര്‍.

സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ഇവിടെ കമ്പനി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന രാജകുടുംബത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു. കമ്പനിയുടെ ആവശ്യത്തിനു മാത്രമേ ഈ ഭൂമി ഉപയോഗിക്കാവൂവെന്നു വ്യവസ്‌ഥ വച്ചിരുന്നു. നഷ്‌ടത്തിലായതോടെ കമ്പനി പൂട്ടി. അതോടെ സ്വാഭാവികമായും ഇത്‌ മിച്ചഭൂമിയായി മാറുകയായിരുന്നു. ഈ സ്‌ഥലം സര്‍ക്കാര്‍ പാട്ടവ്യവസ്‌ഥയില്‍ എസ്‌. രാജശേഖരന്‍ നായര്‍ എന്ന വ്യക്‌തിക്കു നല്‍കി.

കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന വ്യവസ്‌ഥയില്‍ നല്‍കിയ സ്‌ഥലം നടി രാധയുടെ പേരില്‍ മറുപാട്ടത്തിനു നല്‍കിയതു ദുരൂഹമാണ്‌. ഭൂമി ലേലത്തില്‍ പിടിച്ചെന്നാണ്‌ ഇവിടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കണ്‍വന്‍ഷന്‍ സെന്റര്‍ അധികൃതരുടെ അവകാശവാദം. ഇവിടെ ബഹുനില സ്‌ഥിര സമുച്ചയം പണിയാന്‍ പാടില്ലെന്ന വ്യവസ്‌ഥ മറികടന്നതു വളഞ്ഞവഴിയിലൂടെയാണെന്നും ആക്ഷേപമുണ്ട്‌.