Latest News

കൊടനാട്: അപകടമുണ്ടായത് കുടുംബത്തെ രക്ഷിക്കാനുള്ള യാത്രയ്ക്കിടെയെന്ന് പ്രതി

2017-05-19 02:46:50am |

ചെന്നൈ/പാലക്കാട് ∙ കൊടനാട് എസ്റ്റേറ്റ് കവർച്ച, കൊലപാതകക്കേസിൽ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഭാര്യയെയും മകളെയും സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണു കണ്ണാടി കാഴ്ചപ്പറമ്പിൽ വാഹനാപകടം ഉണ്ടായതെന്നു രണ്ടാംപ്രതി കെ.വി.സയന്റെ മൊഴി. സയൻ ഓടിച്ചിരുന്ന കാർ കാഴ്ചപ്പറമ്പിൽ ലോറിക്കു പിന്നിലേക്ക് ഇടിച്ചുകയറി ഭാര്യ വിനുപ്രിയ (28), മകൾ നീതു (അഞ്ച്) എന്നിവർ മരിക്കുകയായിരുന്നു.

കോയമ്പത്തൂരിൽ ചികിൽസയിലുള്ള ഇയാളുടെ മൊഴി പാലക്കാട് സൗത്ത് പൊലീസാണു രേഖപ്പെടുത്തിയത്. രക്ഷപ്പെടാൻ വേണ്ടിയാണു വാഹനത്തിന്റെ നമ്പർ മാറ്റി പഴനി വഴി കേരളത്തിലേക്കു വന്നതെന്നും ഇതിനിടെ ഉറക്കത്തിലാണ് അപകടം ഉണ്ടായതെന്നും സയൻ പറയുന്നു. അപകടത്തിൽ ദുരൂഹതയില്ലെന്നാണു കേരള പൊലീസിന്റെ നിഗമനം. 

അതിനിടെ, സ്വകാര്യ ആശുപത്രിയിൽനിന്ന് ഇയാളെ കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റി. വൈകാതെ തമിഴ്നാട് പൊലീസ് സയന്റെ അറസ്റ്റ് രേഖപ്പെടുത്തുമെന്നറിയുന്നു. ഇയാളുടെ മലയാളി സുഹൃത്തുക്കളും അണ്ണാ ഡിഎംകെ നേതാക്കളുമടക്കം 30 പേർക്കു കേസുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യലിനു ഹാജരാകാൻ നീലഗിരി പൊലീസ് സമൻസ് അയച്ചു. 

അതേസമയം, കൊടനാട് കേസിലെ മുഖ്യപ്രതി കൊല്ലപ്പെട്ട കനകരാജ് തന്റെ ഡ്രൈവറായിരുന്നുവെന്നും മറ്റു ബന്ധങ്ങളൊന്നും തമ്മിലില്ലെന്നുമുള്ള വിശദീകരണവുമായി അണ്ണാ ഡിഎംകെ (പുരട്ചിതലൈവി അമ്മ) യിലെ ആരുക്കുട്ടി എംഎൽഎ രംഗത്തെത്തി. എംഎൽഎയും സഹായിയും മുന്നൂറിലേറെ തവണ കനകരാജിനെ ഫോൺ ചെയ്തതിന്റെ രേഖകൾ കണ്ടെത്തിയതിനെ തുടർന്നു പൊലീസ് ചോദ്യം ചെയ്തിരുന്നു. സേലം ജില്ലയിലെ കാവുണ്ടംപാളയം മണ്ഡലത്തിൽ നിന്നുള്ള ആരുക്കുട്ടി നിലവിൽ ഒ.പനീർസെൽവം വിഭാഗത്തിനൊപ്പമാണ്. തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സാമിയും കനകരാജിന്റെ സഹോദരൻ ധനപാലും തമ്മിൽ ചില പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ ധനപാലിനു സീറ്റ് നൽകിയശേഷം പിൻവലിച്ചതാണു കാരണമെന്നും ആരുക്കുട്ടി പറയുന്നു.