Latest News

അലമാരക്കുള്ളില്‍ അടച്ചിടുക, ക്രൂരമായി മര്‍ദിക്കുക, അധിക്ഷേപിക്കുക ; നാവിക അക്കാഡമിയില്‍ പീഡനം നേരിട്ടിരുന്നെന്ന് സൂരജ് പറഞ്ഞതായി സഹോദരന്‍

2017-05-19 02:54:30am |

കണ്ണൂര്‍: അലമാരക്കുള്ളില്‍ അടച്ചിടുക, കഠിനമായി മര്‍ദിക്കുക, അധിക്ഷേപിക്കുക തുടങ്ങി വിവിധ തരം പീഡനങ്ങള്‍ക്കു വിധേയനായതായി ഏഴിമല നാവിക അക്കാദമി കേഡറ്റ് സൂരജ് അറിയിച്ചിരുന്നതായി സഹോദരന്‍. 10 ദിവസം കഴിഞ്ഞ് അവധിക്ക് സൂരജ് നാട്ടിലെത്തേണ്ടതായിരുന്നു. ഏഴിമല നാവിക അക്കാഡമിയില്‍ തിരൂര്‍ സ്വദേശി സൂരജാണു മരിച്ചത്. കെട്ടിടത്തില്‍നിന്നു വീണ് പരുക്കേറ്റതിനെ തുടര്‍ന്നായിരുന്നു മരണം സംഭവിച്ചത്.

സുരജിന്റെ മാതാപിതാക്കളും ബന്ധുക്കളുമെത്തി പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. അക്കാഡദമിയിലെ നാലുനില കെട്ടിടത്തില്‍നിന്നു ചാടിയതിനെത്തുടര്‍ന്നു പരുക്കേറ്റെന്നു പറഞ്ഞ് കഴിഞ്ഞദിവസം രാത്രിയാണ് അധികൃതര്‍ സൂരജിനെ പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ 3.30-നായിരുന്നു മരണം.

മകനെ നാവിക അക്കാഡമി അധികൃതര്‍ കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. കുറച്ചു ദിവസങ്ങളായി സൂരജിനെ അധികൃതര്‍ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. പരിയാരം പോലീസ് അസ്വഭാവിക മരണത്തിനു കേസ് റജിസ്റ്റര്‍ ചെയ്തു. എന്നാല്‍ സൂരജ് കെട്ടിടത്തില്‍നിന്നു ചാടുന്നത് അക്കാദമി ഓഫിസിലെ നാലുപേര്‍ കണ്ടതായാണ് അധികൃതര്‍ പറയുന്നത്. പരിയാരം പോലീസ് സ്‌റ്റേഷനിലാണു സൂരജിന്റെ മാതാപിതാക്കള്‍ ആദ്യം പരാതി നല്‍കിയത്. സംഭവം നടന്നതു പയ്യന്നൂര്‍ സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ പിന്നീട് അവിടെയും പരാതി നല്‍കി.

റിട്ട. നാവികസേന ഉദ്യോഗസ്ഥന്‍ കര്‍ണാടക സ്വദേശി ഗൂഡപ്പയുടെയും തിരൂരിലെ പുഷ്പലതയുടേയും മകനാണു സൂരജ്. തിരൂര്‍ കാനല്ലൂരിലെ പുത്രക്കാട്ട് ഹൗസിലാണു താമസം. നേവിയില്‍ സെയിലര്‍ പോസ്റ്റില്‍ 2010 ലാണു സൂരജ് ജോലിയില്‍ ചേര്‍ന്നത്. ഇതിനിടയില്‍ പരീക്ഷയെഴുതി ഓഫീസര്‍ പോസ്റ്റില്‍ പ്രവേശിച്ചു. 2013 ലാണു പരിശീലനത്തിനായി ഏഴിമലയില്‍ എത്തിയത്. അന്നു മുതല്‍ ചതിയിലൂടെയാണു സെലക്ഷന്‍ നേടിയതെന്ന് ആരോപിച്ച് സൂരജിനെ അക്കാഡമി അധികൃതര്‍ പല വിധത്തില്‍ പീഡിപ്പിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. 2015 ല്‍ രണ്ടാം സെമസ്റ്റര്‍ പരിശീലനത്തിനിടെ ആരോപണങ്ങള്‍ ഉന്നയിച്ച് സൂരജിനെ പിരിച്ചുവിട്ടു.

ഇതിനെതിരേ സൂരജ് െഹെക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഉത്തരവ് നടപ്പാക്കാന്‍ അക്കാഡമി ഉദ്യോഗസ്ഥര്‍ തയാറാകാതിരുന്നതോടെ കോടതിയലക്ഷ്യത്തിനു സൂരജ് ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥരോടു ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. െഹെക്കോടതി വിധിയെത്തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയിലാണു സൂരജ് ഏഴിമലയില്‍ പരിശീലനത്തിനു തിരികെയെത്തിയത്. അന്നു മുതല്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി സൂരജ് ഫോണില്‍ അറിയിച്ചതായി സഹോദരന്‍ സനോജ് പറഞ്ഞു.