സ്‌കൂട്ടര്‍ ഇന്ധനടാങ്കര്‍ ലോറിയുമായി കൂട്ടിയിടി; ചികിത്സയിലുള്ള മുത്തച്ഛനെ കാണാനെത്തിയ യുവാവിന് അതേ ആശുപത്രിക്കു മുന്നില്‍ അന്ത്യം

2017-05-19 02:56:56am |

തെള്ളകം: ആശുപത്രിയില്‍ ചികിത്സയിലുള്ള മുത്തച്ഛനെ കാണാനെത്തിയ യുവാവിന് അതേ ആശുപത്രിക്കുമുന്നിലുണ്ടായ വാഹനാപകടത്തില്‍ ദാരുണാന്ത്യം. ആര്‍പ്പൂക്കര തുരുത്തേല്‍ ബാബുവിന്റെ മകന്‍ ജെറിനാ (22)ണു മരിച്ചത്. ജെറിന്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇന്ധനവുമായിപോയ ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തെത്തുടര്‍ന്ന് ഇന്ധനം ചോര്‍ന്നതു പരിഭ്രാന്തിപരത്തി. ഇന്നലെ രാവിലെ 11.45 ന് എം.സി. റോഡില്‍ തെള്ളകം മാതാ ആശുപത്രിക്കു മുന്നിലായിരുന്നു അപകടം. ഇവിടെ ചികിത്സയില്‍ കഴിയുന്ന മുത്തച്ഛനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ജെറിന്‍. ഗാന്ധിനഗര്‍ ഭാഗത്തുനിന്നു സ്‌കൂട്ടറിലെത്തിയ ജെറിന്‍ ആശുപത്രിയിലേക്കു തിരിയുമ്പോള്‍ എതിരേവന്ന ലോറിയുമായി കൂട്ടിയിടിച്ചു. ലോറി വെട്ടിച്ചുമാറ്റി സ്‌കൂട്ടറുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ ലോറിഡ്രൈവര്‍ ശ്രമിച്ചെങ്കിലും വിഫലമായി.

ലോറിക്കടിയില്‍പ്പെട്ട ജെറിനെ ഏറെ പ്രയത്‌നിച്ച് പുറത്തെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടുമണിയോടെ മരിച്ചു. സംഭവത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. അപകടത്തെത്തുടര്‍ന്നു ലോറിയില്‍നിന്നു പെട്രോള്‍ ചോര്‍ന്നതു പരിഭ്രാന്തി പടര്‍ത്തി. എറണാകുളത്തുനിന്ന് ഏനാത്തേക്കു പോയ ടാങ്കറില്‍ 8,000 ലിറ്റര്‍ പെട്രോളും 4,000 ലിറ്റര്‍ ഡീസലുമാണുണ്ടായിരുന്നത്. പെട്രോള്‍ ചോര്‍ന്നതോടെ പോലീസും അഗ്നിശമനസേനയും ചേര്‍ന്നു ലോറിക്കു കാവല്‍ ഏര്‍പ്പെടുത്തി.

ഉച്ചകഴിഞ്ഞ് ഇന്ധനം മറ്റൊരു ലോറിയിലേക്കും അപകടത്തില്‍പ്പെട്ട ടാങ്കര്‍ ഏറ്റുമാനൂരിലെ പമ്പിലേക്കും മാറ്റിയാണ് അപകടസാധ്യത ഒഴിവാക്കിയത്. സംഭവത്തെത്തുടര്‍ന്ന് ഒരു മണിക്കൂറോളം എം.സി. റോഡില്‍ ഗതാഗതം തടസപ്പെട്ടു. ഏറ്റുമാനൂര്‍ സി.ഐ: സി.ജെ. മാര്‍ട്ടിന്‍, എസ്.ഐ: പ്രശാന്ത്, അഗ്നിശമനസേനാ കോട്ടയം ഡിവിഷണല്‍ ഓഫീസര്‍ റെജി പി. കുര്യാക്കോസ്, ജില്ലാ ഓഫീസര്‍ ശിവദാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അപകടത്തില്‍ മരിച്ച ജെറിന്റെ സംസ്‌കാരം പിന്നീട്. അമ്മ: സുനി തെള്ളകം പൊന്‍മാങ്കല്‍ കുടുംബാംഗം. സഹോദരങ്ങള്‍: ജസ്റ്റിന്‍ (വിദ്യാര്‍ഥി, കാനഡ), അല്‍ഫോന്‍സ(വിദ്യാര്‍ഥി, കുമാരനല്ലൂര്‍ ദേവീവിലാസം സ്‌കൂള്‍).