യു.എന്‍.എയിലെ സാമ്പത്തിക ക്രമക്കേട്: ജാസ്മിന്‍ ഷാ അടക്കം നാലു പേരെ പ്രതിചേര്‍ത്തു; മൂന്നു പ്രതികള്‍ സംസ്ഥാന ഭാരവാഹികള്‍

2019-06-12 01:27:16am |

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ (യു.എന്‍.എ)യിലെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ നാലു പേരെ പ്രതിചേര്‍ത്തു. യു.എന്‍.എ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷാ ആണ് ഒന്നാം പ്രതി. സംസ്ഥാന ഭാരവാഹികളാണ് മന്ന് മൂന്നു പ്രതികള്‍. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയ്ക്കാണ് ക്രൈംബ്രാഞ്ച് കേസെടുത്തത്.

യു.എന്‍.എയുടെ ഫണ്ടില്‍ നിന്ന് 3.5 കോടി രൂപയുടെ ക്രമക്കേട് നടന്നുവെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷിക്കാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. യു.എന്‍.എ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് തിരുവനന്തപുരം വെടിവച്ചാന്‍കോവില്‍ സ്വദേശി സിബി മുകേഷാണ് പരാതിക്കാരന്‍. യു.എന്‍.എയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് പരാതി നല്‍കിയത്. 2017 ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലെത്തിയ മൂന്നരക്കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. ജാസ്മിന്‍ ഷാ ഉള്‍പ്പെടെ മൂന്നുപേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

നഴ്‌സുമാരുടെ അംഗത്വ ഫീസ് ആയും കേരളത്തിലെ പ്രളയ ദുരന്ത സമയത്തും പിരിച്ചതുകയും വകമാറ്റി ചെലവഴിച്ചെന്നുമായിരുന്നു പരാതി. എന്നാല്‍ ക്രൈംച്രബാഞ്ച് തൃശൂര്‍ യൂണിറ്റ് നടത്തിയ അന്വേഷത്തില്‍ സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പരാതിക്കാരുടെ മൊഴിപോലും രേഖപ്പെടുത്താതെയാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നും അതു തള്ളണമെന്നും പരാതിക്കാര്‍ ആവശ്യപ്പെട്ടതോടെയാണ് തിരുവനന്തപുരം യൂണിറ്റിന് കേസ് കൈമാറിയത്.

കോടികളുടെ ക്രമക്കേട് ആയതിനാല്‍ കേസെടുത്ത് ഓഡിറ്റ് നടത്തണമെന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ശിപാര്‍ശ നല്‍കിയതോടെയാണ് അന്വേഷണത്തിന് ഡി.ജി.പി ഉത്തരവിട്ടത്. കാഷ് ബുക്ക്, മിനിറ്റ്‌സ്, വൗച്ചര്‍ എന്നിവ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കണമെന്നും ക്രൈംബ്രാഞ്ച് ശിപാര്‍ശ ചെയ്തിരുന്നു. അതിനിടെ, യു.എന്‍.എയുടെ തൃശൂരിലെ ഓഫീസില്‍ നിന്നും രേഖകള്‍ മോഷണം പോയെന്ന് കാണിച്ച് ഭാരവാഹികളും തൃശൂര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ അന്വേഷണം നടന്നുവരികയാണ്.