മലയാളിയായ കത്തോലിക്കാ ബിഷപ്പിന്റെ അപകട മരണത്തില്‍ ദുരൂഹത; ആറു മാസത്തിനു ശേഷം മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു

2019-06-12 01:37:38am |

ഗ്വാളിയോര്‍: മധ്യപ്രദേശില്‍ വാഹനാപകടത്തില്‍ മരിച്ച റോമന്‍ കത്തോലിക്കാ സഭയിലെ മലയാളി ബിഷപ് തോമസ് തെന്നാട്ടിന്റെ മൃതദേഹം ആറു മാസത്തിനു ശേഷം കല്ലറയില്‍ നിന്ന് പുറത്തെടുത്ത് പരിശോധിച്ചു. മരണത്തില്‍ ദുരൂഹത ആരോപിച്ച് ഒരു വിശ്വാസി നല്‍കിയ പരാതിയില്‍ കോടതി ഉത്തരവ് പ്രകാരമാണ് മൃതദേഹം ഇന്നലെ പോലീസ് പുറത്തെടുത്തത്. വിശദമായ പരിശോധനയ്ക്ക് വേണ്ടിയാണ് മൃതദേഹം പോലീസ് പുറത്തെടുത്തതെന്നും പരിശോധന പൂര്‍ത്തിയായ ശേഷം സര്‍ക്കാരിന്റെ അനുമതിയോടെ തിരികെ ഇതേ കല്ലറയില്‍ തന്നെ സംസ്‌കരിക്കുമെന്നും ഗ്വാളിയോര്‍ രൂപത പി.ആര്‍.ഒ ഫാ.മരിയ സ്റ്റീഫന്‍ ഒരു ക്രിസ്ത്യന്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തോട് പ്രതികരിച്ചു.

2018 ഡിസംബര്‍ 14ന് രാത്രിയുണ്ടായ കാറപകടത്തിലാണ് 65കാരനായ ബിഷപ് തോമസ് തെന്നാട്ട് മരണമടഞ്ഞത്. ഗ്വാളിയോര്‍ രുപതയുടെ ബിഷപ് ആയിരുന്നു ഈ സമയം മാര്‍ തോമസ്. കാര്‍ തലകീഴായി മറിഞ്ഞാണ് അപകടമെന്നും തലയ്‌ക്കേണ്ട ഗുരുതരമായ പരിക്കുകളാണ് ബിഷപിന്റെ മരണത്തിന് കാരണമെന്നും രൂപത പറഞ്ഞിരുന്നു. ഷിയോപുര്‍ ജില്ലയില്‍ രൂപതയുടെ ഒരു സ്‌കൂളില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത ശേഷം ഗ്വാളിയോറിലേക്ക് മടങ്ങുകയായിരുന്നു ബിഷപ്. ഗ്വാളിയോറിന് 125 കിലോമീറ്റര്‍ തെക്ക്പടിഞ്ഞാറ് പൊഹരിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ ബിഷപിനെ ഗ്വാളിയോറിനെ സെന്റ് ജോസഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിച്ചിരുന്നു.

എന്നാല്‍ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി സഭാംഗമായ ഡോളി തെരേസ എന്ന അത്മായ സഭാതലങ്ങളില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നു. ഇതോടെയാണ് അവര്‍ കോടതിയെ സമീപിച്ചത്. മേയ് 11ന് പൊഹരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്‌ളാസ് നിധി നീലേഷ് ശ്രീവാസ്തവയാണ് ബിഷപിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

മാര്‍ തോമസ് തെന്നാട്ടിന്റെ മരണത്തില്‍ പരാതി നല്‍കിയെങ്കിലും അവയെല്ലാം നിരസിക്കപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി ഡോളി തെരേസാ പറയുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ തനിക്ക് വിശുദ്ധ കുര്‍ബാന വരെ വിലക്കി. ഇതിനെതിയും സഭാ തലത്തില്‍ വത്തിക്കാന്‍ നൂണ്‍ഷ്യോ മുതല്‍ ഭോപ്പാല്‍ ആര്‍ച്ച്ബിഷപ് വരെയുള്ളവര്‍ക്ക് പരാതിപ്പെട്ടിട്ട് ഒരു നടപടിയുമുണ്ടായില്ല. ഇതോടെയാണ് താന്‍ കോടതിയെ സമീപിച്ചതെന്നും അവര്‍ പറയുന്നു.

അപകട സമയത്ത് ബിഷപിനൊപ്പം കാറില്‍ മറ്റ് മൂന്ന് വൈദികര്‍ കൂടിയുണ്ടായിരുന്നു. ഇവര്‍ക്കാര്‍ക്കും ഒരു പരിക്കും സംഭവിച്ചില്ല. കാറിനും യാതൊരു കേടുപാടുമില്ല. ബിഷപിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനോ കൂടുതല്‍ അന്വേഷണം നടത്തുന്നതിനോ പോലീസും തയ്യാറായില്ല. ബിഷപിന്റെ മരണത്തില്‍ ഒപ്പമുണ്ടായിരുന്ന വൈദികര്‍ക്ക് പങ്കുള്ളതായി സംശയിക്കുന്നതായും അവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

2016 ഡിസംബര്‍ 18നാണ് മാര്‍ തോമസ് തെന്നാട്ടിനെ വത്തിക്കാന്‍ ബിഷപ് ആയി ഉയര്‍ത്തിയത്. 1978ല്‍ വൈദികനായ തോമസ് തെന്നാട്ട, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ സഭയ്ക്കു വേണ്ടി സേവനം ചെയ്തു. നാഗ്പൂര്‍ രൂപതയിലെ സെന്റ് പയസ് ടെന്‍ത് പള്ളി വികാരിയായിരിക്കേയാണ് ബിഷപ് ആകുന്നത്.