പിന്നോക്കകാരനെ വിവാഹം കഴിച്ചതിന് ജീവന്‍ തന്നെ ഭീഷണിയില്‍; ബി.ജെ.പി എം.എല്‍.എയ്‌ക്കെതിരെ മകളുടെ പരാതി, പ്രായവ്യത്യാസവും വരുമാനമില്ലായ്മയുമാണ് തന്റെ പ്രശ്‌നമെന്ന് എം.എല്‍.എ

2019-07-12 02:14:05am |

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ രാജേഷ് മിശ്രയ്‌ക്കെതിരെ ആരോപണവുമായി മകള്‍ സാക്ഷി മിശ്ര (23) രംഗത്ത്. പിന്നോക്കകാരനായ ഒരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്നും പോലീസ് സംരക്ഷണം നല്‍കണമെന്നും സാക്ഷി മിശ്ര സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു. ബറേലിയിലെ ബിതാരി ചെയിന്‍പുരില്‍ നിന്നുള്ള എം.എല്‍.എയാണ് രാജേഷ് മിശ്ര.

അജിതേഷ് കുമാര്‍ (29) എന്ന പിന്നോക്കകാരനെയാണ് സാക്ഷി മിശ്ര വിവാഹം കഴിച്ചത്. അജിതേഷിനെ ഉപേക്ഷിച്ച് മടങ്ങിവരണമെന്നും അല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും പിതാവ് ഭീഷണിപ്പെടുത്തിയെന്നാണ് സാക്ഷി പറയുന്നത്. തങ്ങനെ വെറുതെ വിടണമെന്നും സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നും ബുധനാഴ്ച വീഡിയോയിലൂടെ സാക്ഷി പിതാവിനോട് അപേക്ഷിക്കുന്നുണ്ട്.

'സ്വന്തം ഇഷ്ടപ്രകാരമാണ് താന്‍ വിവാഹം കഴിച്ചത്. എന്നാല്‍ തങ്ങള്‍ക്കു വേണ്ടി %ിതാവ് ഗുണ്ടകളെ അയച്ചിരിക്കുകയാണ്. ഒളിവില്‍ കഴിഞ്ഞുമടുത്തു. പോലീസ് സംരക്ഷണം നല്‍കണം.' വീഡിയോയില്‍ യുവതി പറയുന്നു. ഇവരുടെ അടുത്തായി ഭര്‍ത്താവും ഇരിക്കുന്ന വീഡിയോ ആണ് പുറത്തുവിട്ടത്. 'അവര്‍ തങ്ങളെ പിടികൂടിയാല്‍ തീര്‍ച്ചയായും അവര്‍ ഞങ്ങളെ കൊല്ലും.'യുവതി പറയുന്നു. ഗുണ്ടകള്‍ തങ്ങളെ പിന്തുടരുന്നുണ്ടെന്ന് അജിതേഷ് കുമാറും പറയുന്നുണ്ട്. തങ്ങള്‍ താമസിക്കുന്ന ഹോട്ടലില്‍ ഒരു സംഘം ആളുകള്‍ എത്തിയിരിന്നുവെന്നും തലനാരിഴയ്ക്കാണ് തങ്ങള്‍ രക്ഷപ്പെട്ടതെന്നും അജിതേഷ് പറയുന്നു.

താന്‍ പിന്നോക്ക കുടുംബത്തില്‍ നിന്നുള്ള ആളായതിനാല്‍ 'അഭിമാനം' രക്ഷിക്കാന്‍ സാക്ഷിയുടെ കുടുംബം തന്നെ കൊലപ്പെടുത്തുമെന്ന് അജിതേഷ് പറയുന്നു. തങ്ങളെ ഇല്ലാതാക്കാന്‍ പിതാവും കുടുംബവും ശ്രമിക്കുന്നതിനാല്‍ അവരെ സഹായിക്കരുതെന്ന് ബറേലിയില്‍ നിന്നുള്ള എം.എല്‍.എമാരോടും എം.പിമാരോടും ഈ ദമ്പതികള്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

BJP MLA’s daughter

 

രാജേഷ് മിശ്ര

എന്നാല്‍ ഇതേകുറിച്ച് പ്രതികരിക്കാന്‍ ബി.ജെ.പി തയ്യാറായിട്ടില്ല. ദമ്പതികള്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ എസ്.പിക്ക് നിര്‍ദേശം നല്‍കിയതായി ഡിഐജി ആര്‍.കെ പാണ്ഡെ പറഞ്ഞു. അവര്‍ എവിടെയാണെന്ന് അറിയാത്തതിനാല്‍ സുരക്ഷ നല്‍കേണ്ടത് എവിടെയാണെന്ന് അറിയില്ലെന്നും ഡിഐജി അറിയിച്ചു.

അതേസമയം, മകളുടെ ആരോപണത്തെ തള്ളി രാജേഷ് മിശ്രയും രംഗത്തെത്തി. 'അവരുടെ വിവാഹത്തെ താന്‍ എതിര്‍ത്തിട്ടില്ല. ആ യുവാവിന് അവളെക്കാള്‍ ഒമ്പത് വയസ്സ് കൂടുതലുണ്ട്. അയാള്‍ക്ക് കാര്യമായ വരുമാനവുമില്ല. ഒരു പിതാവ് എന്ന നിലയില്‍ അക്കാര്യത്തില്‍ തനിക്ക് വലിയ ആശങ്കയുണ്ട്.'- രാജേഷ് മിശ്ര പ്രതികരിച്ചു.

മകളെ അപായപ്പെടുത്തുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. അവര്‍ വീട്ടിലേക്ക് തിരിച്ചുവരണമെന്നാണ് ആഗ്രഹിക്കുന്നത്. പാര്‍ട്ടി ഉന്നത നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും മിശ്ര പറഞ്ഞു.