മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ പറ്റൂ , പുനഃപരിശോധനാ ഹര്‍ജി തള്ളി; ഇതോടെ അഞ്ചു സമുച്ചയങ്ങളിലെ മുന്നൂറ്റമ്പതോളം ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരും

2019-07-12 02:31:58am |

എറണാകുളം മരടില്‍ കായല്‍ കൈയേറി നിര്‍മിച്ച ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ പൊളിക്കണമെന്ന വിധിക്കെതിരേ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി. പുനഃപരിശോധനയ്‌ക്ക്‌ ആവശ്യമായ സാഹചര്യങ്ങളില്ലെന്നു ചൂണ്ടിക്കാട്ടിയാണു ചേംബറില്‍ പരിഗണിച്ചശേഷം ജസ്‌റ്റിസ്‌ അരുണ്‍ മിശ്രയുടെ ബെഞ്ച്‌ ഹര്‍ജി തള്ളിയത്‌. ഇതോടെ അഞ്ചു സമുച്ചയങ്ങളിലെ മുന്നൂറ്റമ്പതോളം ഫ്‌ളാറ്റുകള്‍ പൊളിക്കേണ്ടിവരും.

തീരദേശ പരിപാലന നിയമം ലംഘിച്ചു കായലോരത്തു നിര്‍മിച്ച ഹോളി ഫെയ്‌ത്ത്‌ അപ്പാര്‍ട്ട്‌മെന്റ്‌സ്‌, കായലോരം അപ്പാര്‍ട്ട്‌മെന്റ്‌സ്‌, ഹോളിഡേ ഹെറിറ്റേജ്‌, ജെയിന്‍ ഹൗസിങ്‌, ആല്‍ഫ വെഞ്ചേഴ്‌സ്‌ എന്നീ അഞ്ച്‌ ഫ്‌ളാറ്റ്‌ സമുച്ചയങ്ങള്‍ പൊളിക്കാന്‍ മേയ്‌ എട്ടിനാണ്‌ സുപ്രീം കോടതി വിധിച്ചത്‌. 2006-ല്‍ മരട്‌ പഞ്ചായത്തിലെ സി.ആര്‍. സോണ്‍-3ല്‍ ഉള്‍പ്പെട്ട പ്രദേശത്താണ്‌ ഇവ നിര്‍മിച്ചത്‌. പിന്നീട്‌ മരട്‌ നഗരസഭയായി.

ഇപ്പോള്‍ അപ്പാര്‍ട്ട്‌മെന്റുകളുള്ള സ്‌ഥലം സി.ആര്‍. സോണ്‍ രണ്ടിലാണെന്നും ഇവിടെ നിര്‍മാണങ്ങള്‍ക്കു തീരദേശ പരിപാലന അതോറിട്ടിയുടെ അനുമതി ആവശ്യമില്ലെന്നും കെട്ടിടനിര്‍മാതാക്കള്‍ വാദിച്ചിരുന്നു. ഈ വാദം തള്ളിയാണ്‌ ഒരുമാസത്തിനുള്ളില്‍ പൊളിച്ചുനീക്കാന്‍ ജസ്‌റ്റിസ്‌ അരുണ്‍ മിശ്രയുടെ ബെഞ്ച്‌ അന്ന്‌ ഉത്തരവിട്ടത്‌. ഉടമകള്‍ക്കു നഷ്‌ടപരിഹാരം തേടി ഉചിതമായ വേദികളെ സമീപിക്കാമെന്നും ബെഞ്ച്‌ വ്യക്‌തമാക്കിയിരുന്നു.

ഇതിനിടെ, ജസ്‌റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, അജയ്‌ രസ്‌തോഗി എന്നിവരുള്‍പ്പെട്ട അവധിക്കാല ബെഞ്ചിനെ സമീപിച്ച്‌ ഫ്‌ളാറ്റ്‌ നിര്‍മാതാക്കളും താമസക്കാരും ആറാഴ്‌ചത്തേക്കു സ്‌േറ്റ വാങ്ങി. ഇതിനെതിരേ രൂക്ഷവിമര്‍ശനമാണ്‌ ഏതാനും ദിവസം മുമ്പ്‌ ജസ്‌റ്റിസ്‌ അരുണ്‍ മിശ്ര ഉന്നയിച്ചത്‌. തന്റെ സുഹൃത്തുക്കള്‍ അടങ്ങിയ ബെഞ്ച്‌ ഉത്തരവ്‌ സ്‌റ്റേ ചെയ്യരുതായിരുന്നെന്ന്‌ ജസ്‌റ്റിസ്‌ മിശ്ര പറഞ്ഞു.
അവര്‍ ചെയ്‌തതു ശരിയല്ലെന്നു രേഖപ്പെടുത്താന്‍ തനിക്കു മടിയില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ സുഹൃത്തായ മുതിര്‍ന്ന അഭിഭാഷകന്‍ കല്യാണ്‍ ബാനര്‍ജിയെ ഫ്‌ളാറ്റ്‌ നിര്‍മാതാക്കള്‍ ഹാജരാക്കിയതു തന്നെ സ്വാധീനിക്കാനാണെന്നും ജസ്‌റ്റിസ്‌ മിശ്ര പൊട്ടിത്തെറിച്ചിരുന്നു. തുടര്‍ന്ന്‌ ഇന്നലെ പുനപരിശോധനാ ഹര്‍ജി പരിഗണിച്ച ജസ്‌റ്റിസ്‌ മിശ്രയുടെ ബെഞ്ച്‌ മുന്‍ ഉത്തരവില്‍ മാറ്റമില്ലെന്ന നിലപാടെടുത്തു.