വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട കർണാടക മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചു; നാലാമതും മുഖ്യമന്ത്രിയാകാനൊരുങ്ങി യെദിയൂരപ്പ

2019-07-24 01:47:30am |

ബെംഗളുരു: വിശ്വാസവോട്ടെടുപ്പിൽ പരാജയപ്പെട്ട കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി രാജിവെച്ചു. രാജ്ഭവനിലെത്തി ഗവർണർ വാജുഭായ് വാലക്ക് അദ്ദേഹം രാജി സമർപ്പിക്കുകയായിരുന്നു. എച്ച്.ഡി കുമാരസ്വാമിയുടെ രാജി സ്വീകരിച്ച ഗവർണർ പുതിയ സർക്കാർ അധികാരമേറ്റെടുക്കുന്നതുവരെ കാവൽ മുഖ്യമന്ത്രിയായി തുടരാൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തി താനാണെന്ന് കുമാരസ്വാമി പറഞ്ഞു. 'എനിക്ക് തീർത്തും ആശ്വാസമുണ്ട്, ഇപ്പോൾ ലോകത്തിലെ ഏറ്റവും സന്തുഷ്ടനായ വ്യക്തിയാണ് ഞാൻ. ഞാൻ വിരമിക്കില്ല, വീണ്ടും പോരാടും. നമുക്ക് നോക്കാം'- കുമാരസ്വാമി വ്യക്തമാക്കി.

പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ബി.ജെ.പിയിൽ ആരംഭിച്ചിട്ടുണ്ട്. മുതിർന്ന നേതാവ് ബി.എസ് യെദിയൂരപ്പ നാലാമതും കർണാടക മുഖ്യമന്ത്രി സ്ഥാനത്തെത്തും. ബുധനാഴ്ച നടക്കുന്ന നിയമസഭാ പാർട്ടി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. നിലവിൽ മുംബൈയിൽ തമ്പടിച്ചിരിക്കുന്ന വിമത എം‌.എൽ.‌എമാർ ബുധനാഴ്ച ബെംഗളൂരുവിലെത്തും. ബി.ജെ.പിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. അതേസമയം വിശ്വാസവോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന ബി.എസ്.പി എം‌.എൽ‌.എ എൻ.മഹേഷിനെ ബി.എസ്.പി അധ്യക്ഷ മായാവതി പുറത്താക്കി. കുമാരസ്വാമിക്ക് വോട്ട് ചെയ്യാൻ നേരത്തെ പാർട്ടി മഹേഷിനോട് നിർദേശിച്ചിരുന്നു. 

സ്ഥിരതയുള്ള സർക്കാറുണ്ടാക്കും -യെദിയൂരപ്പ
ബംഗളൂരു: കർണാടകയുടെ വികസനത്തി​െൻറ പുതിയ അധ്യായം രചിച്ച്​ സ്ഥിരതയുള്ള സർക്കാറായിരിക്കും അധികാരത്തിൽ വരുകയെന്ന് ബി.ജെ.പി കർണാടക അധ്യക്ഷൻ ബി.എസ്. യെദിയൂരപ്പ. കുമാരസ്വാമി സർക്കാറിൽ ജനം മടുത്തുവെന്നും അവിശുദ്ധ കൂട്ടുകെട്ടി​െൻറ അവസാനമാണിതെന്നും നല്ല ഭരണം ജനങ്ങൾക്ക് നൽകുമെന്നും അദ്ദേഹം പറഞ്ഞു. 

നാലാം തവണയാണ് യെദിയൂരപ്പ മുഖ്യമന്ത്രിയാകാൻ ഒരുങ്ങന്നത്. വിശ്വാസ വോട്ടെടുപ്പിനായി നാലുദിവസം ക്ഷമയോടെ കാത്തിരുന്നശേഷമാണ് 76കാരനായ യെദിയൂരപ്പ മുഖ്യമന്ത്രിപദത്തിലേക്ക് കടന്നെത്തുന്നത്. 2018 മേയ് 23ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത യെദിയൂരപ്പ സർക്കാറിന് രണ്ടര ദിവസത്തെ ആയുസ്സു മാത്രമാണുണ്ടായിരുന്നത്. 14 മാസത്തെ കാത്തിരിപ്പിനൊടുവിലാണ് യെദിയൂരപ്പ വീണ്ടും അധികാരത്തിലേറാനൊരുങ്ങുന്നത്.