മോദിയുടെ 15 ലക്ഷം വന്നു; വ്യാജപ്രചാരണത്തിൽ മൂന്നാർ ഹൈടെക്​ തപാൽ ഒാഫിസായി! ക്യൂനിന്ന ആയിരങ്ങൾ പണമടച്ച്​ അക്കൗണ്ട്​ എടുത്തു

2019-07-31 02:22:37am |

മൂന്നാര്‍: അക്കൗണ്ടില്‍ കേന്ദ്രസര്‍ക്കാറി​​െൻറ ധനസഹായമെത്തുമെന്ന പ്രചാരണം മൂലം മൂന്നാർ തപാൽ ഒാഫിസിലേക്ക്​ ഒഴുകിയത്​ ആയിരക്കണക്കിനു തൊഴിലാളികൾ. തപാൽ ഒാഫിസിൽ അക്കൗണ്ട്​ എടുത്താൽ മാത്രം മതിയെന്നായിരുന്നു മൊബൈൽവഴി സന്ദേശം പ്രചരിച്ചത്​. കേട്ടറിഞ്ഞ്​ ജോലിയിൽനിന്ന്​ അവധിയെടുത്ത്​ പോസ്​റ്റ്​ ഒാഫിസിന്​ മുന്നിൽ ക്യൂനിന്ന ആയിരങ്ങൾ പണമടച്ച്​ അക്കൗണ്ട്​ എടുത്തതോടെ നേട്ടമായത്​ തപാൽ ഒാഫിസിനു​ മാത്രം.

1000 ഉപഭോക്താക്കളുടെ അക്കൗണ്ടുള്ള പോസ്​റ്റ്​ ഒാഫിസുകള്‍ ഹൈടെക് ആക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. എന്നാല്‍, മൂന്നാറില്‍ ഇത്​ സാധ്യമായില്ല. ഹൈടെക് ആക്കുന്നതി​​െൻറ കാലാവധി അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രവും. ഇതോടെ ചിലർ നടത്തിയ പ്രചാരണമാണ് തൊഴിലാളികള്‍ അവധികളെടുത്ത് പോസ്​റ്റ്​ ഒാഫിസിലേക്ക് ഒഴുകിയെത്താന്‍ കാരണം. 

പോസ്​റ്റ്​ ഒാഫിസി​​െൻറ ദൈനംദിന ഇടപാടുകൾ ഇക്കാരണത്താൽ മുടങ്ങുമെന്ന ഘട്ടത്തിൽ വ്യാജപ്രചാരണമാണെന്ന് ഉദ്യോഗസ്ഥരടക്കം അറിയിക്കുകയും ഒടുവിൽ ഇത്തരത്തിൽ ബോർഡ്​ തൂക്കുകയും ചെയ്​തിട്ടും ഫലമുണ്ടായില്ല. തൊഴിലാളികളുടെ അക്കൗണ്ടിലേക്ക്​ മോദിയുടെ പേരില്‍ 50,000  മുതൽ ഒരു ലക്ഷം രൂപവരെ  എത്തുമെന്ന്​ വാര്‍ത്ത പരന്നതോടെ മൂന്നുദിവസമായി തൊഴിലാളികളുടെ നീണ്ടനിരയാണ് മൂന്നാര്‍ പോസ്​റ്റ്​ ഒാഫിസിനു മുന്നില്‍ രൂപപ്പെട്ടത്.

അതിരാവിലെ പോസ്​റ്റ്​ ഒാഫിസില്‍ എത്തിയവരും കുറവല്ല. തിരക്ക് നിയന്ത്രണാതീതമായതോടെ പോസ്​റ്റ്​ ഒാഫിസിലേക്ക്​ പൊലീസിനും ഇടപെടേണ്ടി വന്നു. ഞായറാഴ്ചപോലും തുറന്ന് പ്രവര്‍ത്തിക്കേണ്ടി വന്നു. രാത്രി എട്ടുമണിയായിട്ടും തിരക്ക് കുറയാതെ വന്നതോടെ പൊലീസ് വന്നവര്‍ക്ക് ടോക്കണ്‍ നല്‍കുകയായിരുന്നു.  ഉദ്യോഗസ്ഥരും പൊലീസുകാരും കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമുണ്ടായിട്ടില്ല. 

സമാനമായ അവസ്ഥയാണ് ദേവികുളം റവന്യൂ ഡിവിഷനല്‍ ഒാഫിസിലുമുണ്ടായത്​. സൗജന്യമായി സര്‍ക്കാര്‍ ഭൂമി അനുവദിക്കുന്നു എന്ന്​ പ്രചാരണം വന്നതോടെ നിരവധി തൊഴിലാളികളാണ് ദേവികുളം ആര്‍.ഡി.ഒ ഒാഫിസിലെത്തിയത്. വ്യാജവാര്‍ത്തകള്‍ എവിടെ നിന്ന് രൂപപ്പെട്ടുവെന്ന് അറിവില്ലെന്നും എന്നാല്‍, ഇത്തരത്തിലൊരു അറിയിപ്പ് നല്‍കിയിട്ടില്ലെന്നും ദേവികുളം സബ് കലക്ടര്‍ രേണുരാജ് വ്യക്തമാക്കി. ജോലി കളഞ്ഞ് പണം മുടക്കി ഒാഫിസിലെത്തുന്ന തൊഴിലാളികളെ നിരാശരാക്കാന്‍ ഏതായാലും ഉദ്യോഗസ്ഥര്‍ തയാറായില്ല. വന്ന എല്ലാവരുടെയും അപേക്ഷകള്‍ സ്വീകരിച്ചു. ഈ സാഹചര്യം മുതലാക്കി കളംകൈയടക്കി ഇടനിലക്കാരും പണം കൊയ്തു. അപേക്ഷ എഴുതി നല്‍കാന്‍ തൊഴിലാളികളുടെ കൈയില്‍നിന്ന്​ 150 രൂപവരെയാണ് ഈടാക്കിയത്.