കഫേ കോഫി ഡേ സ്ഥാപകൻ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി; അവസാനമായി കണ്ട പാലത്തിൻെറ ഏതാനും ദൂരം അകലെ ഹൊയ്​ഗെ ബസാറിൽ നിന്ന്‌

2019-07-31 02:31:10am |

ബംഗളൂരു: നേത്രാവതി നദിക്ക്​ സമീപത്തു വെച്ച്​ കാണാതായ കഫേ കോഫി ഡേ ശൃംഖലയുടെ സ്ഥാപകനും കർണാടക മുൻ മുഖ്യമന്ത്രി എസ്​.എം കൃഷ്​ണയുടെ മരുമകനുമായ വി.ജി സിദ്ധാർത്ഥയുടെ മൃതദേഹം കണ്ടെത്തി. മത്സ്യത്തൊഴിലാളികളാണ്​ നേത്രാവതി നദിയിൽ​ മൃതദേഹം കണ്ടെത്തിയത്​. അദ്ദേഹത്തെ അവസാനമായി കണ്ട പാലത്തിൻെറ ഏതാനും ദൂരം അകലെ ഹൊയ്​ഗെ ബസാറിൽ നിന്നാണ്​ മൃതദേഹം കണ്ടുകിട്ടിയത്​. തിങ്കളാഴ്​ചയാണ്​ സിദ്ധാർത്ഥയെ കാണാതായതായത്​. തീരരക്ഷാ സേനയും നാവിക സേനയും ദേശീയ ദുരന്ത നിവാരണ സേനയും അദ്ദേഹത്തിന്​ വേണ്ടി നദിയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. 34 മണിക്കൂർ നീണ്ട തെരച്ചിലിനൊടുവിലാണ്​ മൃതദേഹം ​കണ്ടെത്തിയത്​.

ബിസിനസിലെ കടബാധ്യതയും താൻ നേരിടുന്ന സമ്മർദ്ദവും വെളിപ്പെടുത്തിക്കൊണ്ട്​ സിദ്ധർത്ഥ കഫേ കോഫി ഡേ ബോർഡ്​ ഡയറക്​ടർമാർക്ക്​ ഈ മാസം 27ന്​ അയച്ച കത്ത്​ പുറത്തു വന്നിരുന്നു. ഒരു സംരംഭകനെന്ന നിലയിൽ താൻ പരാജയപ്പെട്ടു​വെന്നും തന്നെ വിശ്വസിച്ചവരെ നിരാശരാക്കിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും പരാമർശിചുകൊണ്ടായിരുന്നു കത്ത്​. തനിക്കു താങ്ങാൻ കഴിയാത്ത വിധം സമ്മർദ്ദമുണ്ടെന്നും അതിനാൽ എല്ലാം ഉപേക്ഷിക്കുകയാണെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിരുന്നു. ഇശതല്ലാം കണക്കിലെടുത്ത്​ സിദ്ധാർത്ഥ ആത്മഹത്യ ചെയ്​തതാകാ​മെന്ന നിഗമനത്തിലായിരുന്നു പൊലീസ്​.